മുംബൈ: ഐപിഎൽ 2026 സീസണിനായുള്ള ഹോം മത്സരങ്ങൾ ഏത് വേദിയിൽ വെച്ച് നടത്തണമെന്ന് അറിയിക്കാൻ രാജസ്ഥാൻ റോയൽസ് (RR) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB)വിനും ബി സി സി ഐ നിർദേശം നൽകി. ജനുവരി 27നകം ക്ലബ്ബുകൾ തീരുമാനം അറിയിക്കണം.
ഈ ഐ പി എൽ സീസൺ മാർച്ച് 26 മുതലാണ് ആരംഭിക്കുന്നത്. മത്സരക്രമം അടക്കം നിശ്ചയിക്കേണ്ട സാഹചര്യത്തിലാണ് വേദി സംബന്ധിച്ച തീരുമാനം അറിയിക്കാൻ ഇരു ക്ലബ്ബുകളോടും ബി സി സി ഐ ആവശ്യപ്പെട്ടത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ ഹോം മത്സരങ്ങൾ തുടരാനാണ് ആർ സി ബി ആഗ്രഹിക്കുന്നത്. ബെംഗളൂരുവിന്റെ ആദ്യ ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് വേദിയിൽ മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും പരിശോധിച്ച ശേഷം മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ കടുത്ത നിബന്ധനകളാണ് സർക്കാർ മത്സരം നടത്തുന്നതിന് ഉപാധിയായി മുന്നോട്ട് വെച്ചിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സര ക്രമീകരണങ്ങൾക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുള്ള റോഡിന്റെ ഉത്തരവാദിത്വവും ആർ സി ബി ഏറ്റെടുക്കണം, ഡി ജെ ഷോകൾക്ക് നിയന്ത്രണം തുടങ്ങിയവയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ.
ഇത് സംബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷനും സർക്കാരും തമ്മിൽ തുടർ ചർച്ചകൾ നടത്തും. അതിന് ശേഷമാകും അന്തിമ നിലപാട് ക്ലബ് ബി സി സി ഐയെ അറിയിക്കും.
അതേസമയം, ജയ്പൂരിൽ ഐപിഎൽ മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസിന് ഇതുവരെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.
രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽ (RCA) ദീർഘകാലമായി തെരഞ്ഞെടുപ്പുകൾ നടക്കാത്തത് വീണ്ടും പ്രശ്നമായി മാറിയിട്ടുണ്ട്. ഇത് കാരണം സവായ് മാൻസിംഗ് സ്റ്റേഡിയത്തെ ഹോം വേദിയായി ഉപയോഗിക്കാൻ ഫ്രാഞ്ചൈസിക്ക് സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. വർഷങ്ങളായി തുടരുന്ന ഭരണ പ്രതിസന്ധി കാരണം ജയ്പൂരിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates