BCCI Told To Accept Facilities Or Arrange Its Own Stay For Asian Games AFP
Sports

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫൈവ്-സ്റ്റാര്‍ സൗകര്യമില്ല, വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നോക്കുക: ഒളിംപിക് അസോസിയേഷന്‍

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് ബിസിസിഐ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ). ക്രിക്കറ്റ് ടീമിനായി പ്രത്യേക സൗകര്യങ്ങളോ ഇളവുകളോ അനുവദിക്കാനാവില്ല. ഗെയിംസ് സംഘാടകര്‍ നല്‍കുന്ന താമസസൗകര്യം സ്വീകരിക്കുകയോ, അതല്ലെങ്കില്‍ സ്വന്തം ചെലവില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുകയാണ് ബിസിസിഐക്ക് മുന്നിലുള്ള പോംവഴിയെന്ന് ഐഒഎ വ്യക്തമാക്കി.

എല്ലാ കായിക ഇനങ്ങളെയും കായികതാരങ്ങളെയും ഒരേപോലെയാണ് ഐഒഎ പരിഗണിക്കുന്നത്. അതിനാല്‍ ക്രിക്കറ്റിന് മാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഐഒഎ സിഇഒ രഘുറാം അയ്യര്‍ വ്യക്തമാക്കി. ജാപ്പനീസ് നഗരമായ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ടീമിനായി ത്രീ-സ്റ്റാര്‍ ഹോട്ടലും വനിതാ ടീമിനായി ഫോര്‍-സ്റ്റാര്‍ ഹോട്ടലുമാണ് സംഘാടകര്‍ അനുവദിച്ചിരിക്കുന്നത്. രണ്ട് ഹോട്ടലുകളിലും രണ്ട് പേര്‍ക്ക് ഒന്നിച്ച് കഴിയേണ്ട ട്വിന്‍-ഷെയറിങ് മുറികളാണ് നല്‍കിയിട്ടുള്ളത്.

സാധാരണ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഫൈവ്-സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം കഴിയാറുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ പോരാ എന്ന പരാതിയുള്ളതിനാലാണ് ബിസിസിഐ ആശങ്ക പ്രകടിപ്പിച്ചത്. മുറികളുടെ വലിപ്പക്കുറവും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും ബിസിസിഐ ചൂണ്ടിക്കാണിച്ചിരുന്നു. സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക ഹോട്ടല്‍ സൗകര്യങ്ങള്‍ അംഗീകരിക്കാനാകില്ലെങ്കില്‍, സ്വന്തം നിലയ്ക്ക് വേറെ ഹോട്ടല്‍ കണ്ടെത്തേണ്ടിവരും. അങ്ങനെയായാല്‍ താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള മുഴുവന്‍ ചെലവും ഉത്തരവാദിത്തവും ബിസിസിഐ ഏറ്റെടുക്കേണ്ടി വരും. കൂടാതെ താരങ്ങള്‍ കൃത്യസമയത്ത് മത്സരവേദികളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ബിസിസിഐ സംഘം അടുത്തയാഴ്ച ജപ്പാനില്‍ പോകാന്‍ പദ്ധതിയിടുന്നുണ്ട്. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. സ്വന്തമായി താമസം ഒരുക്കുകയാണെങ്കില്‍ അത് ഉത്തേജക പരിശോധനാ നടപടികളിലും മറ്റും കൂടുതല്‍ ഏകോപനം ആവശ്യപ്പെടും. ഹാങ്ചൗവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. സെപ്റ്റംബര്‍ 17ന് വനിതാ മത്സരങ്ങളും, ഒരാഴ്ചയ്ക്ക് ശേഷം പുരുഷ മത്സരങ്ങളും ആരംഭിക്കും. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്.

BCCI Told To Accept Facilities Or Arrange Its Own Stay For Asian Games

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

ശമ്പള വര്‍ധനവ്, ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

കേരള ചലച്ചിത്ര അക്കാദമി: ഡെപ്യൂട്ടി ഡയറക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം !

ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോ​ഗ്യപ്രശ്നം ഉണ്ടാക്കുമോ?

'ഒറ്റക്ക് തോണി തുഴഞ്ഞ്, വലയെറിഞ്ഞ് മീൻ പിടിച്ച് കറി വച്ച് കഴിക്കുന്ന അവസ്ഥയിലേക്ക് മാത്യു എത്തി'; 'കുമ്പളങ്ങി' ഓർമകളുമായി ഉണ്ണിമായ