ലാഹോര്‍: ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയിൽ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റൺസിന് ഇംഗ്ലണ്ട് വഴങ്ങി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 റണ്‍സിന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്. 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍.
ഇതോടെ അഫ്ഗാൻ സെമി പ്രതീക്ഷ സജീവമാക്കി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ(12)നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ജേമി സ്മിത്തും(9) നിലയുറപ്പിക്കാനാകാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് ആശങ്കയിലായി. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജോ റൂട്ടും ചേര്‍ന്നാണ് പിന്നീട് ടീമിനെ പിടിച്ചു നിർത്തിയത്.
38 റണ്‍സെടുത്ത ഡക്കറ്റിനെ എല്‍ബിഡബ്യുവില്‍ കുരുക്കി റാഷിദ് ഖാന്‍ അഫ്ഗാന് പ്രതീക്ഷ നല്‍കി. അധികം വൈകാതെ ഹാരിസ് ബ്രൂക്കും(25) കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 133-4 എന്ന നിലയിലായി. എന്നാല്‍ റൂട്ടും ജോസ് ബട്ട്‌ലറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അസ്മത്തുള്ളയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു. ബട്ട്‌ലറെ റഹ്‌മത് ഷായുടെ കൈകളിലെത്തിച്ചതോടെ മത്സരം ഇഞ്ചോടിഞ്ചായി മാറി. 38 റണ്‍സാണ് ബട്ട്‌ലറുടെ സമ്പാദ്യം. പിന്നാലെ 10 റണ്‍സ് മാത്രമെടുത്ത ലിയാം ലിവിങ്‌സ്റ്റോണും മടങ്ങി.
മറുവശത്ത് അഫ്ഗാന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ജോ റൂട്ട് സെഞ്ചുറി തികച്ച് ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. ഒപ്പം ജേമി ഒവര്‍ടണും പിന്തുണ നല്‍കി. അവസാനഓവറുകളില്‍ ഇരുവരെയും പുറത്താക്കിയ അഫ്ഗാന്‍ ബൗളര്‍മാര്‍ ടീമിനെ ജയത്തിലെത്തിച്ചു. റൂട്ട് 120 റണ്‍സും ഒവര്‍ട്ടണ്‍ 32 റണ്‍സുമെടുത്തു. പിന്നീടിറങ്ങിയവരെയും പുറത്താക്കിയ അഫ്ഗാന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് പുറത്താക്കി. എട്ട് റണ്‍സ് ജയവുമായി അഫ്ഗാന്‍ സെമി പ്രതീക്ഷ സജീവമാക്കി. നേരത്തേ നിശ്ചിത 50-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് അഫ്ഗാനിസ്താനെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് 15 റണ്‍സെടുക്കുന്നതിനിടെ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ സെദിഖുള്ള അതലിനെയും (4) കൂടാരം കയറ്റി ജൊഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് ഗംഭീര തുടക്കം സമ്മാനിച്ചു. റഹ്‌മത്തുള്ള ഷായ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അതോടെ അഫ്ഗാന്‍ 37-3 എന്ന നിലയിലേക്ക് വീണു.
എന്നാല്‍, നാലാം വിക്കറ്റില്‍ ഒന്നിച്ച ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ള ഷാഹിദിയും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇരുവരും ടീം സ്‌കോര്‍ 100-കടത്തി. സ്‌കോര്‍ 140-ല്‍ നില്‍ക്കേ ഹഷ്മത്തുള്ളയെ (40) ആദില്‍ റാഷിദ് പുറത്താക്കി. എന്നാല്‍ പിന്നീടിറങ്ങിയ അസ്മത്തുള്ള ഒമര്‍സായിയേയും കൂട്ടുപിടിച്ച് സദ്രാന്‍ അഫ്ഗാന്‍ സ്‌കോറുയര്‍ത്തി. വിക്കറ്റുകള്‍ വീഴുമ്പോഴും ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇബ്രാഹിം സദ്രാന്റെ ഉഗ്രന്‍ ഇന്നിങ്‌സിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നാലെ സെഞ്ചുറി തികച്ച താരം അഫ്ഗാന്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. ഓമര്‍സായി (41) പുറത്തായതോടെ പിന്നീട് മുഹമ്മദ് നബിയുമൊത്ത് സദ്രാന്‍ അടിച്ചുകളിച്ചു. അതോടെ ടീം മുന്നൂറ് കടന്നു. 146 പന്തില്‍ നിന്ന് 12 ഫോറുകളുടെയും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ 177 റണ്‍സെടുത്താണ് സദ്രാന്‍ പുറത്തായത്. മുഹമ്മദ് നബി 40 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്നുവിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates