
ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. ഇംഗ്ലണ്ടിനെതിരേ 177 റണ്‍സ് നേടിയതോടെയാണിത്.
146 പന്തില്‍ 12 ഫോറും ആറു സിക്‌സും സഹിതമാണ് സാദ്രാന്റെ നേട്ടം. 50-ാം ഓവറില്‍ ലാം ലിവിങ്സ്റ്റണിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ 165 റണ്‍സടിച്ച ഇംഗ്ലിഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ റെക്കോര്‍ഡ് തകര്‍ത്താണ്, ചാംപ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സാദ്രാന്‍ സ്വന്തം പേരിലാക്കിയത്. അഫ്ഗാന്‍ താരങ്ങളുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ എന്ന സ്വന്തം റെക്കോര്‍ഡ് (162) ഈ മത്സരത്തിലൂടെ സാദ്രാന്‍ പുതുക്കി 177 ആക്കി.
ചാംപ്യന്‍സ് ട്രോഫിയില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പിലുള്ളത് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്. 2000ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നയ്‌റോബിയില്‍ ഗാംഗുലി 141 റണ്‍സ് അടിച്ചുകൂട്ടി. 1998 ചാംപ്യന്‍സ് ട്രോഫിയില്‍ ധാക്കയില്‍ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ 141 റണ്‍സ് നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക