ലിസ്ബൺ: നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരായ നിർണ്ണായക പോരാട്ടത്തിന് തൊട്ടുമുമ്പ് പോർച്ചുഗൽ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകൻ ജോർജെ ജീസസിന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ക്യാമ്പ് വിടുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം നാൽപ്പത്തിയൊന്നുകാരനായ താരം നടത്തിയത്. ദേശീയ ടീമിൽ നിന്ന് താൻ പുറത്തുപോകാനുണ്ടായ യഥാർത്ഥ കാരണം ഉചിതമായ സമയത്ത് പോർച്ചുഗലിലെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും റൊണാൾഡോ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടതായും ശേഷിക്കുന്ന 24 കളിക്കാരുമായി മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടരുമെന്നും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നോർവേയ്‌ക്കെതിരായ മത്സരത്തിൽ 2-1 ന് പോർച്ചുഗൽ വിജയിച്ചെങ്കിലും റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി മുഴുവൻ സമയവും കളിപ്പിക്കാതിരുന്നതാണ് ഭിന്നതകളുടെ തുടക്കം. റൊണാൾഡോയ്ക്ക് പകരം കളത്തിലിറങ്ങിയ ഗോൺസാലോ റാമോസ് അന്ന് ഗോൾ നേടുകയും ചെയ്തിരുന്നു. ഇരുപത്തിമൂന്ന് വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 234 മത്സരങ്ങളിൽ കളത്തിലിറങ്ങി റെക്കോർഡിട്ട ക്രിസ്റ്റ്യാനോയെ ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് പോർച്ചുഗൽ ഒരു മത്സരത്തിൽ ഉപയോഗിക്കാതെ മാറ്റിനിർത്തുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ടീം പരിശീലനങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് താരവും കോച്ചും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും ചേർന്ന് ബുധനാഴ്ച അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർച്ചയായി മത്സരങ്ങൾ വരുമ്പോൾ റൊണാൾഡോയുടെ കായികക്ഷമത പരിഗണിച്ച് വിശ്രമം നൽകാൻ ധാരണയുണ്ടായിരുന്നുവെന്നാണ് കോച്ച് ജോർജെ ജീസസിന്റെ വാദം. ദീർഘനേരം വാമപ്പ് ചെയ്യിപ്പിച്ച ശേഷം കളത്തിലിറക്കാതിരുന്നത് പിഴവാണെന്ന് സമ്മതിച്ചെങ്കിലും ടീമിലെ അന്തിമ തീരുമാനം എടുക്കാനുള്ള പൂർണ്ണ അധികാരം തനിക്കാണെന്ന് ജീസസ് വ്യക്തമാക്കി. ആര് കളിക്കണമെന്ന് തീരുമാനിക്കുന്നത് പരിശീലകനാണെന്നും കളിക്കാർ തനിക്ക് മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ക്യാമ്പ് വിടാനുള്ള തീരുമാനം റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമാക്കിയത്
അന്താരാഷ്ട്ര പുരുഷ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെത്തന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. പോർച്ചുഗലിന് യൂറോ കപ്പും രണ്ട് തവണ നേഷൻസ് ലീഗ് കിരീടങ്ങളും സമ്മാനിച്ച ഇതിഹാസ നായകന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് കായികലോകത്ത് വൻ ചർച്ചയായി മാറിയിട്ടുണ്ട്. സഹതാരങ്ങൾക്കും ടീമിനും ആശംസകൾ നേർന്നു കൊണ്ടാണ് റൊണാൾഡോ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates