Cristiano Ronaldo, Georgina Rodriguez x
Sports

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)

മെദീരയിലെ കത്തീഡ്രലിലേക്ക് തള്ളിക്കയറി ജനങ്ങൾ, പെട്ടത് നികോൾ- ഫാബിയോ ദമ്പതികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പോർച്ചു​ഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയും പങ്കാളി ജോർജീന റോഡ്രി​ഗസും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നേരത്തെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ശനിയാഴ്ച വിവഹം നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ കുടുംബം തള്ളിയതോടെ ഇതു കെട്ടടങ്ങി എന്നാണ് പലരും വിചാരിച്ചത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.

ക്രിസ്റ്റ്യാനോയും ജോർജീനയും അദ്ദേഹത്തിന്റെ ജന്മ നാടായ പോർച്ചു​ഗലിലെ മെദീരയിലെ ഫഞ്ചാൽ പ്രദേശത്തെ കത്തീഡ്രലിൽ വച്ച് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹം. ഇതറിഞ്ഞ് വിവഹം നടക്കുമെന്നു പറഞ്ഞ ശനിയാഴ്ച പള്ളിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ഇതിൽ ആരാധകരും മാധ്യമപ്രവർത്തകരും എല്ലാമുണ്ട്. അന്നേ ദിവസം ഈ പള്ളിയിൽ വച്ച് വിവാഹിതരാകേണ്ട മറ്റൊരു വധുവിനും വരനും ആളുകളുടെ തള്ളിക്കയറ്റത്തിൽ പെട്ടുപോകുകയും ചെയ്തു.

ക്രിസ്റ്റ്യാനോയുടെ സഹോദരി എൽമ അവെയ്റോ അഭ്യൂഹങ്ങൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. സഹോദരൻ ഇത്തരത്തിലൊരു കാര്യം വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആളുകൾ വിവാഹം നടക്കുന്നു എന്നു വിശ്വസിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു അവർ ചോദിച്ചു. ദമ്പതികളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തുന്ന ഊഹാപോഹങ്ങളേയും അവർ വിമർശിച്ചു.

കത്തീഡ്രലിൽ, തന്റെ ഇല്ലാത്ത വിവാഹത്തിനു തടിച്ചു കൂടിയ ജനത്തെ കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചിരിയാണ് വന്നത്. ഇതിന്റെ വിഡിയോയ്ക്ക് താഴെ ക്രിസ്റ്റ്യാനോ പൊട്ടിച്ചിരിക്കുന്ന ഇമോജി ഇട്ടാണ് പ്രതിക​രിച്ചത്. ആളുകൾ പള്ളിയിലേക്ക് ഇരച്ചെത്തിയതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

വിവാഹിതരാകാൻ പോകുന്ന ക്രിസ്റ്റ്യാനോ- ജോർജീന ദമ്പതികളെ കാണാനായി ഫോണുകളും ക്യാമറകളുമൊക്കെ തയ്യാറാക്കിയാണ് ആരാധകർ നിന്നത്. എന്നാൽ അവർക്ക് മുന്നിലേക്ക് വധു വരൻമാർ വന്നിറങ്ങി. പക്ഷേ അത് ക്രിസ്റ്റ്യാനോയും ജോർജീനയും അല്ലായിരുന്നു എന്നുമാത്രം! ഫാബിയോ- നികോൾ ദമ്പതികളാണ് വിവാഹിതരാകാൻ വേണ്ടി അന്നേ ദിവസം പള്ളിയിൽ ജനക്കൂട്ടത്തിനു മുന്നിൽ വന്നിറങ്ങിയത്.

ഈ വിവാഹവുമായി ബന്ധപ്പെട്ട് കത്തീഡ്രൽ അവരുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു- 'നികോൾ- ഫാബിയോ ദമ്പതികൾക്ക് ആശംസകൾ. തെരുവിൽ നിരവധി വിനോദ സഞ്ചാരികളും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. വലിയ ആശയക്കുഴപ്പങ്ങളും ഇതുകാരണം ഉണ്ടായി. എങ്കിലും ഞങ്ങൾക്ക് പള്ളി അടയ്ക്കാനും വിവാഹ ആഘോഷങ്ങൾ നടത്താനും സാധിച്ചു. പള്ളിയുടെ സമീപകാല ചരിത്രത്തിലൊന്നും ഇത്രയും ആളുകളെ ഈ പരിസരത്ത് കണ്ടിട്ടില്ല. വധുവിന് വിവാഹത്തിനായി പള്ളിയിലേക്ക് പ്രവേശിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു'.

നികോൾ- ഫാബിയോ കല്ല്യാണത്തിനെത്തിയ അതിഥികൾക്ക് സംഭവം വലിയ തമാശയായി തോന്നി. അവരിൽ ചിലർ തങ്ങൾ വലിയ സെലിബ്രിറ്റികളായ വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നു കമന്റ് പാസാക്കി. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ ക്രിസ്റ്റ്യാനോ ഇവിടെ വന്ന് ഇങ്ങനെ കല്ല്യാണം കഴിക്കുമെന്നു വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്നത് തനിക്ക് കൗതുകമായി തോന്നിയെന്നായിരുന്നു മറ്റൊരു അതിഥിയുടെ കമന്റ്. നികോളും ഫാബിയോയും ഡബിൾ ഹാപ്പിയാണ്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിനു മുന്നിൽ തങ്ങളുടെ വിവാഹം നടക്കുമെന്നു അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

അഭ്യൂഹങ്ങൾ ഇത്രയും പരന്നിട്ടും ക്രിസ്റ്റ്യാനോയും ജോർജീനയും ഇക്കാര്യത്തിൽ ഇപ്പോഴും ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. അവിടെ ഇല്ലാത്ത രണ്ട് പേരുടെ വിവാഹം നടക്കുന്നുവെന്നുള്ള വ്യാജ വാർത്ത കേട്ട് പള്ളിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം ഒടുവിൽ നികോൾ- ഫാബിയോ ദമ്പതികളുടെ വിവാഹം കണ്ട് മടങ്ങി!

Cristiano Ronaldo and Georgina Rodríguez were nowhere near the church, but that did not stop hundreds of fans and journalists from descending on a cathedral in Madeira after widespread ruamours claimed the couple were set to marry there

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ; സായ് സുദർശന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാര്? അന്വേഷണം ഊർജിതം