നോട്ടിങ്ഹാം: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോര്‍ഡും പേറി നോട്ടിങ്ഹാമില്‍ നിന്ന് ടീം ഇന്ത്യ മടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 125 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 202 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന, ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ വെറും 76 റണ്‍സിന് കൂടാരം കയറി. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണിത്.
13 റണ്‍സ് വീതം നേടിയ വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ബ്രെസ്റ്റോളിലും സതാംപ്ടണിലും നടക്കാനിരിക്കുന്ന ബാക്കി രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.
ട്രെന്റ് ബ്രിഡ്ജില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (36) തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ചെങ്കിലും ഒന്‍പതാം ഓവറില്‍ ഹാരി ബ്രൂക്കിനെ (16) കൂടി പുറത്താക്കി പ്രിന്‍സ് യാദവ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് 12-ാം ഓവറില്‍ ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യയ്ക്ക് അനുകൂലമായി കളി തിരിച്ചു (111/4).
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഫില്‍ സാള്‍ട്ടും സാം കറനും ചേര്‍ന്ന് കളി മാറ്റിയെഴുതി. ആദ്യ 19 പന്തില്‍ 17 റണ്‍സ് മാത്രം നേടിയ സാള്‍ട്ട്, പിന്നീട് നേരിട്ട 25 പന്തില്‍ നിന്ന് 53 റണ്‍സ് അടിച്ചുകൂട്ടി മൊത്തം 70 റണ്‍സോടെ ഇംഗ്ലണ്ടിന്റെ നട്ടെല്ലായി. അവസാന ഓവറുകളില്‍ സാം കറന്‍ (24 പന്തില്‍ 41*) പുറത്താകാതെ നടത്തിയ വെടിക്കെട്ട് കൂടിയായപ്പോള്‍ അവസാന 5 ഓവറില്‍ മാത്രം ഇംഗ്ലണ്ട് 58 റണ്‍സ് വാരി. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 201 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പ്രിന്‍സ് യാദവ് (2/30), ഹര്‍ഷിത് റാണ (2/40) എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഇന്ത്യ
202 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ 10 പന്തില്‍ 23 റണ്‍സെടുത്ത് അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ദുരന്തമായിരുന്നു. രണ്ടാം ഓവറില്‍ ജോഷ് ടങ് അഭിഷേകിനെ പുറത്താക്കി. തൊട്ടുപിന്നാലെ 145 കിലോമീറ്റര്‍ വേഗതയിലെത്തിയ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി വൈഭവ് (13) പുറത്തായി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ പവലിയനില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ 5 വിക്കറ്റിന് 52 റണ്‍സ് എന്ന നിലയിലായി. തുടര്‍ന്ന് വന്ന തിലക് വര്‍മയെ വില്‍ ജാക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി. ശിവം ദുബെയെയും ഹര്‍ഷിത് റാണയെയും കൂടി മടക്കി ജോഷ് ടങ്ങ് 4 വിക്കറ്റ് തികച്ചു. ഒടുവില്‍ ആദില്‍ റഷീദ് വന്ന് വാലറ്റത്തെക്കൂടി ചുരുട്ടിയതോടെ 11.4 ഓവറില്‍ 76 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.
2019ല്‍ വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനോട് 80 റണ്‍സിന് തോറ്റതായിരുന്നു ഇതിന് മുന്‍പ് ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ 125 റണ്‍സിന്റെ തോല്‍വിയോടെ തിരുത്തിക്കുറിക്കപ്പെട്ടത്. 2008ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സിന് പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ചെറിയ ടി20 സ്‌കോറാണിത്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ടോസ് ഭാഗ്യം തുണയ്ക്കുന്നുണ്ടെങ്കിലും ശ്രേയസ് അയ്യര്‍ക്ക് ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച ബ്രെസ്റ്റോളില്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates