മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹം മുടങ്ങിയ ശേഷം ഇതാദ്യമായി സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാന. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നവംബർ 23നായിരുന്നു സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ സ്മൃതിയുടെ അച്ഛനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റി വച്ചെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
അതിനു ശേഷം ഇപ്പോഴാണ് താരം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിഡിയോയിൽ സ്മൃതിയുടെ കൈയിൽ വിവാഹ മോതിരമില്ലെന്നു ആരാധകർ കണ്ടെത്തി. മാത്രമല്ല വിഡിയോ വിവാഹവുമായി ബന്ധപ്പെട്ട പ്രതികരണത്തിന്റേതുമല്ല. പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡിനൊപ്പമുള്ള പെയ്ഡ് പാർട്ണർഷിപ്പ് വിഡിയോയാണ് സ്മൃതി പോസ്റ്റ് ചെയ്തത്. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ചാണ് താരം വിഡിയോയിൽ വരുന്നത്.
വിവാഹത്തെക്കുറിച്ച് താരം പറയുന്നില്ലെങ്കിലും വിഡിയോയ്ക്കു താഴെ ആരാധകർ താരത്തിന്റെ കൈയിൽ പലാഷ് ധരിപ്പിച്ച മോതിരമില്ലെന്നു പറയുന്നു. വിവാഹം മാറ്റിവച്ചതല്ല പൂർണമായും ഒഴിവാക്കിയെന്നതിന്റെ തെളിവാണിതെന്നും ചിലർ കമന്റ് ചെയ്തു. വിവാഹം മാറ്റി വച്ചതിനു പിന്നാലെ അതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സമൂഹ മാധ്യമങ്ങളിൽ നീക്കം ചെയ്തിരുന്നു. എന്നാൽ പുതിയ വിഡിയോ ഈ സംഭവങ്ങൾക്കു മുൻപ് ഷൂട്ട് ചെയ്തതാണെന്നു മറ്റു ചിലരും കമന്റ് ചെയ്തിട്ടുണ്ട്.
പലാഷിന്റെ മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് വിവാഹം മുടങ്ങാൻ കാരണമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിരുന്നു. കൊറിയോഗ്രാഫറുമായുള്ള പലാഷിന്റെ ചാറ്റാണെന്ന തരത്തിലായിരുന്നു പ്രചാരണം. ആരോപണ വിധേയരും പ്രചാരണത്തിനു മറുപടികളുമായി രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates