ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. 229 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 400 എന്ന കൂറ്റന്‍ റണ്‍ മല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ട്, വെറും 170 റണ്‍സിന് പുറത്തായി. 22 ഓവര്‍ മാത്രമാണ് ചാമ്പ്യന്മാര് ബാറ്റ് ചെയ്തത്.
തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഭാവി തുലാസിലായി. ഒന്‍പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡും അറ്റ്കിന്‍സണും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ തോല്‍വി ഇതിലും നാണംകെട്ട തരത്തിലാകുമായിരുന്നു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ പരാജയം മണത്തു. വെറും 68 റണ്‍സെടുക്കുന്നതിനിടെ ആറ് മുന്‍നിര വിക്കറ്റുകള്‍ കൂപ്പുകുത്തി. വെറും 11 ഓവര്‍ പിന്നിടുമ്പോഴേക്കും ജോണി ബെയര്‍സ്റ്റോ (10), ഡേവിഡ് മാലന് (6), ജോ റൂട്ട് (2), ബെന്‍ സ്റ്റോക്സ് (5), ഹാരി ബ്രൂക്ക് (17), നായകന് ജോസ് ബട്ലര് (15) എന്നിവര്‍ കൂടാരം കയറി. ഇതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു.
പിന്നാലെ വന്ന ആദില്‍ റഷീദ് 10 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത ഡേവിഡ് വില്ലിയാണ് ടീം സ്കോര്‍ 100 കടത്തിയത്. എന്നാല്‍ ടീം സ്കോര്‍ 100-ല്‍ നില്‍ക്കെ വില്ലിയും പുറത്തായി. ഇതോടെ 100 ന് എട്ടുവിക്കറ്റ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. പിന്നാലെ വന്ന മാര്‍ക് വുഡും അറ്റ്കിന്‍സനും ആക്രമിച്ച് കളിച്ചു. ഇരുവരും വലിയ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ച് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും 32 പന്തില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടാണ് ടീം സ്കോര്‍ 170-ല്‍ എത്തിച്ചത്. എന്നാല്‍ അറ്റ്കിന്‍സണെ പുറത്താക്കി കേശവ് മഹാരാജ് ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. അറ്റ്കിന്സന് 21 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. അവസാനക്കാരനായ റീസ് ടോപ് ലി പരിക്കുമൂലം ബാറ്റുചെയ്യാനിറങ്ങിയില്ല. ഇതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ വിജയം സ്വന്തമാക്കി. മാര്‍ക് വുഡ് 17 പന്തില്‍ അഞ്ച് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോറ്റ്സി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ ജെന്സന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കഗീസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് വാംഖഡേ സ്റ്റേഡിയം വേദിയായത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് വെറും നാല് റണ്‍സെടുത്ത് പുറത്തായെങ്കിലും ടെംബ ബവുമയ്ക്ക് പകരമെത്തിയ റീസ ഹെന്‍ഡ്രിക്സ് അടിച്ചുതകര്‍ത്തു. വാന്‍ ഡെര്‍ ഡ്യൂസനൊപ്പം രണ്ടാം വിക്കറ്റില്‍ 121 റണ്‍സാണ് ഹെന്‍ഡ്രിക്സ് അടിച്ചുകൂട്ടിയത്. ഹെന്‍ഡ്രിക്സ് 75 പന്തില്‍ 85 റണ്‍സെടുത്തപ്പോള്‍ ഡ്യൂസന് 60 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം ക്രീസിലൊന്നിച്ച എയ്ഡന്‍ മാര്‍ക്രവും ഹെയന്റിച്ച് ക്ലാസനും ചേര്‍ന്ന് റണ്‍റേറ്റുയര്‍ത്തി. ക്ലാസന് അടിച്ചുതകര്‍ത്തപ്പോള്‍ മാര്‍ക്രം അതിനുള്ള വഴിയൊരുക്കി.
42 റണ്‍സെടുത്ത മാര്‍ക്രത്തെയും പിന്നാലെ വന്ന ഡേവിഡ് മില്ലറെയും (5) അതിവേഗത്തില്‍ പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ക്ലാസന് മറുവശത്ത് വെടിക്കെട്ട് തുടര്‍ന്നു. മില്ലറിന് പകരം വന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജെന്‍സന്റെ കൂട്ടുപിടിച്ച് ക്ലാസന് ഇംഗ്ലീഷ് ബൗളര്‍മാരെ അനായാസം നേരിട്ടു. അപ്രതീക്ഷിതമായി ജെന്‍സനും ഫോമിലേക്കുയര്‍ന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വലഞ്ഞു. വെറും 60 പന്തുകളില്‍നിന്ന് ക്ലാസന് സെഞ്ച്വറി കണ്ടെത്തി. ജെന്സന് അര്‍ധസെഞ്ച്വറിയും നേടി. ഒടുവില്‍ അവസാന ഓവറിലാണ് ക്ലാസന് പുറത്തായത്. 67 പന്തില്‍ 12 ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 109 റണ്‍സെടുത്ത ക്ലാസനെ ഗസ് ആറ്റ്കിന്സണ് ക്ലീന്‍ ബൗള്‍ഡാക്കി. ജെന്‍സനൊപ്പം 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്ലാസന് പടുത്തുയര്‍ത്തിയത്. അതും വെറും 77 പന്തുകളില്‍നിന്ന്. ജെന്സന് 42 പന്തുകളില്‍നിന്ന് ആറ് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'സദീര സൂപ്പര്‍ ഹീറോ'; ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്ക് ആദ്യ ജയം, നെതർലൻഡ്സിനെ 5 വിക്കറ്റിന് തകർത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates