ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടം ലൈവായി കാണാൻ ഇന്ത്യയിലെ ആരാധകർക്ക് സാധിക്കില്ലേ? അത്തരമൊരു ആശങ്കയുടെ വാർത്തകളാണ് ഫുട്ബോൾ ലോകത്ത് കേൾക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന പോരാട്ടത്തിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണത്തിൽ വന്ന അനിശ്ചിതത്വമാണ് ആശങ്കയായി നിൽക്കുന്നത്. ലോകകപ്പിലേക്ക് ഇനി ഏതാണ്ട് രണ്ട് മാസത്തോളമാണ് സമയമുള്ളത്. ജൂൺ 12 മുതലാണ് വിശ്വ ഫുട്ബോൾ പോരാട്ടം. ചരിത്രത്തിലാദ്യമായി ടീമുകളുടെ എണ്ണം 32ൽ നിന്നു 48 ആയി ഉയർത്തിയാണ് ഇത്തവണത്തെ പോരാട്ടം.
കഴിഞ്ഞ മാസമാണ് ബ്രോഡ്കാസ്റ്റിങ് റൈറ്റ്സ് സംബന്ധിച്ച വിവരങ്ങൾ ഫിഫ പുറത്തുവിട്ടത്. ഏഷ്യൻ മാർക്കറ്റുകളുടെ ആദ്യ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. ജപ്പാൻ, ഇന്തോനേഷ്യ, സിംഗപൂർ, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുണ്ട്. പിന്നാലെ പുതുക്കിയ പട്ടിക വന്നപ്പോഴും ഇന്ത്യയുടെ പേരില്ല.
ഫിഫയുടെ കണക്കനുസരിച്ച് ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ആകെ മീഡിയ പങ്കാളിത്ത 745 മില്ല്യൺ ആയിരുന്നു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുണ്ടായ വ്യൂവർഷിപ്പ് 167 മില്ല്യണുമായിരുന്നു.
അതുകൊണ്ട് തന്നെ ഇക്കുറി 100 മില്യണ്‍ യുഎസ് ഡോളറായിരുന്നു റൈറ്റ്സിനായി ഫിഫ കണക്കാക്കിയത്. 2026 ലോകകപ്പ് മാത്രമല്ല, 2030 എഡിഷൻ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നീക്കം. പക്ഷേ, ഇന്ത്യൻ കമ്പനികളെ ആകർഷിക്കാൻ ഫിഫയ്ക്ക് സാധിച്ചില്ല. അതോടെ 100 മില്യണില്‍ നിന്ന് 65 മില്യണിലേക്കും ഒടുവില്‍ 35 മില്യണിലേക്കും വരെ എത്തിക്കാൻ ഫിഫ തയാറായി. ഏതാണ്ട് 324 കോടി രൂപ. ഖത്തര്‍ ലോകകപ്പിന്റെ റൈറ്റ്സ് വൈക്കോം18 സ്വന്തമാക്കിയത് 574 കോടി രൂപയോളം മുടക്കിയാണ്. വൈക്കോമും ജിയോ ഹോട്സ്റ്റാറും മാത്രമായതോടെ ബിഡ് ചെയ്യാൻ കഴിയുന്ന കമ്പനികളുടെ എണ്ണവും ചുരുങ്ങി.
എന്നാൽ കമ്പനികളുടെ എണ്ണക്കുറവല്ല നിലവിലെ പ്രതിസന്ധിക്കു കാരണം. ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമാണ് പ്രശ്നമായത്.
നോക്കൗട്ട് ഘട്ടം ഉള്‍പ്പെടെയുള്ള 104 മത്സരങ്ങളുണ്ട് ലോകകപ്പിൽ. ഇത്രയും കളിയിൽ രാത്രി ഒൻപതരയ്ക്കും പത്തരയ്ക്കും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങൾ 13 എണ്ണം മാത്രമാണ്. മറ്റ് മത്സരങ്ങളെല്ലാം അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചയുമായാണ് നടക്കുന്നത്. സമയക്രമം പ്രതികൂലമായതുകൊണ്ട് തന്നെ എത്രത്തോളം ലൈവ് ഓഡിയൻസിനെ ജനറേറ്റ് ചെയ്യാൻ കഴിയുമെന്ന ആശങ്കയാണ് ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ച് ബിഡ് സ്വന്തമാക്കാൻ വിമുഖത കാണിക്കുന്നത്.
ഇന്ത്യയിലെ ഫുട്ബോളിനു ഏറ്റവും കൂടുതൽ വളക്കൂറുള്ളത് കേരളം, പശ്ചിമ ബംഗാൾ, ഗോവ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൊക്കെയാണ്. അതിനപ്പുറത്തേക്ക് ഒരു വലിയ വിഭാഗത്തെ സ്ക്രീനുകളിലേക്ക് പ്രസ്തുത സമയങ്ങളില്‍ എത്തിക്കാൻ കഴിയുമോ എന്നതും കമ്പനികളുടെ ആശങ്കയ്ക്കു കാരണമാണ്.
ഖത്തര്‍ ലോകകപ്പിനെ സംബന്ധിച്ച് സമയം ഒരു പ്രശ്നമായിരുന്നില്ല. ഇതിനൊപ്പം തന്നെ പരസ്യങ്ങളുടെ സാധ്യതയും കമ്പനികളെ സംശയത്തിൽ നിർത്തുന്നു. മറ്റ് കായിക ഇനങ്ങള്‍പ്പോലെയല്ല ഫുട്ബോള്‍. ക്രിക്കറ്റ് ഉദാഹരണമായി എടുത്താൽ ഓരോ ഓവറിന് ശേഷവും ഇടവേളകള്‍ ലഭിക്കും. ഫുട്ബോളിൽ ആ സാധ്യതയും ഇല്ല. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഫിഫ പരിഹാരം കണ്ടാൽ മാത്രം ഇന്ത്യയിൽ മത്സരം ലൈവായി കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates