മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല: മദ്രാസ് ഹൈക്കോടതി

വിശ്വാസികള്‍ക്ക് ആത്മീയമായ ആചാരങ്ങള്‍ അനുഷ്ഠിക്കാം. എന്നാല്‍ അത്തരം ആചാരങ്ങള്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുകയോ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
madras high court
മദ്രാസ് ഹൈക്കോടതി(madras high court)ഫയല്‍
Updated on
2 min read

ചെന്നൈ: മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി താമിരഭരണി നദിയില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നിക്ഷേപിക്കുന്നതിനെതിരെയാണ് കോടതിയുടെ ഈ പരാമര്‍ശം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യം പൊതുജനാരോഗ്യത്തിന് വിധേയമാണെന്ന് ജൂലൈ 9ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ജി ആര്‍ സ്വാമിനാഥന്‍, ബി പുകഴേന്തി എന്നിവരടങ്ങിയ മധുര ബെഞ്ചിന്റേതാണ് നിരീക്ഷണം.

വിശ്വാസികള്‍ക്ക് ആത്മീയമായ ആചാരങ്ങള്‍ അനുഷ്ഠിക്കാം. എന്നാല്‍ അത്തരം ആചാരങ്ങള്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുകയോ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. തിരുനെല്‍വേലി ജില്ലയിലെ ഒരു മണ്ഡപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനായി ആയിരക്കണക്കിന് ഭക്തര്‍ താമിരഭരണി നദിക്കരയിലെ സ്‌നാനഘട്ടങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് വാദത്തിനിടെ ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഈ ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചതും അല്ലാത്തതുമായ വസ്ത്രങ്ങള്‍, തോര്‍ത്തുകള്‍, ചെരിപ്പുകള്‍, പരേതനുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങള്‍ എന്നിവ നദിയിലേക്ക് എറിയാറുണ്ട്. നദികള്‍ വൃത്തിയാക്കുന്ന മൂര്‍ത്തിയെന്ന സാമൂഹിക പ്രവര്‍ത്തകനുമായി ബെഞ്ച് സംസാരിച്ചു. പ്രതിദിനം കുറഞ്ഞത് ഒരു ടണ്‍ വസ്ത്രങ്ങളെങ്കിലും നദിയില്‍ നിക്ഷേപിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

മെയ് 7 നും മെയ് 28 നും ഇടയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ നദിയില്‍ നിന്ന് 86 മുതല്‍ 90 ടണ്‍ വരെ വസ്ത്രങ്ങള്‍ വീണ്ടെടുത്തതായി വ്യക്തമാക്കുന്ന ഒരു ലഘുലേഖയും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശേഖരിച്ച മാലിന്യങ്ങളില്‍ 1,385 കിലോഗ്രാം പ്ലാസ്റ്റിക്, 374 കിലോഗ്രാം സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും, 220 കിലോഗ്രാം ഗ്ലാസ് കുപ്പികള്‍, 115 കിലോഗ്രാം ചെരിപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. പോളീസ്റ്റര്‍ വസ്ത്രങ്ങള്‍ ജീര്‍ണിച്ചുപോകുന്നവയല്ലെന്നും നദിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ഇവ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. നദിയില്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്ലാക്ക് ആമകളും ഇന്ത്യന്‍ ഫ്‌ലാപ്‌ഷെല്‍ ആമകളും ഈ വസ്ത്രങ്ങളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കാന്‍ ഇടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ ഭയാനകമാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തി നദിയെ നശിപ്പിക്കുന്നതിനാല്‍, ഇടപെടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും കോടതി വ്യക്തമാക്കി. ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെ മതപരമായ വിശ്വാസങ്ങളേയും വികാരങ്ങളേയും ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി നിരോധന ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മത സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ കേസില്‍ തങ്ങളുടെ വാദങ്ങള്‍ ബോധിപ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഒരു ശാശ്വത പരിഹാരത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

madras high court
'ഞാൻ ആത്മഹത്യ ചെയ്യും'; മുൻ സിഇസി ഖുറേഷിയെ ഞെട്ടിച്ച മൻമോഹൻ സിംഗിന്റെ ആ വാക്കുകൾ
madras high court
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
madras high court
വിവാഹ തര്‍ക്കങ്ങള്‍ പരിഹരിച്ച് വലിയ തുക നേടാന്‍ ബലാത്സംഗ പരാതികള്‍ നല്‍കുന്നു: ഡല്‍ഹി ഹൈക്കോടതി
Summary

No right to pollute rivers in the name of religion: Madras High Court on Thamirabarani rituals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bombay High Court
Madras High Court
Madras HC
 Madras High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com