മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ഇക്വഡോർ മുന്നേറ്റക്കാരൻ എന്നർ വലൻസിയ ക്യുറസാവ് ഗോൾ വല ലക്ഷ്യമിട്ട് കുതിച്ചപ്പോൾ ഫലം എന്താകുമെന്ന് ഏതാണ്ട് എല്ലാവരും കണക്കുകൂട്ടിയിട്ടുണ്ടാകും. അത് ഗോളാകും. എന്നർ വലൻസിയ പന്ത് വലയിലിടും. ഗോൾ വീണാൽ ഒരു തിരിച്ചു വരവ് ക്യുറസാവിന് ഉണ്ടാകില്ലെന്ന ഉറപ്പും മനസ് പറഞ്ഞിട്ടുണ്ടാകും.
ഗോൾ പോസ്റ്റിന് വെറും 10 വാര മാത്രം അകലെ, കീപ്പർ മാത്രം മുന്നിൽ നിൽക്കെ വലൻസിയ ഗോൾ നേടുമെന്ന് എല്ലാവരും ഉറപ്പിച്ചു. തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ ജർമ്മനിയോട് 1-7 ന് തോറ്റതു പോലെ, ഈ മത്സരത്തിന്റെ ഗതിയും അതാകുമോ എന്ന് ഒരോ ക്യുറസാവ് ആരാധകനും ആവലാതി പിടിച്ചു നോക്കി നിന്ന നിമിഷം.
എന്നാൽ വലൻസിയയുടെ ഷോട്ട് എങ്ങോട്ടാണെന്ന് ഗോൾ കീപ്പർ എലോയ് റൂമിന് നന്നായി അറിയാമായിരുന്നു. കൃത്യം ഇടത്തോട്ട് തന്നെ എന്നർ വലൻസിയ പന്തടിച്ചു. പക്ഷേ വലയിലേക്ക് പോയില്ല. റൂം ഇടത്തോട്ടു തന്നെ ചാടി തട്ടിമാറ്റി. ലോകം ശ്വാസം നിലച്ച് അവിശ്വസനീയതോടെ ആ രക്ഷപ്പെടുത്തൽ നോക്കി നിന്നു.
അവിടെ ആ മത്സരത്തിന്റെ ഗതി നിർണയിക്കപ്പെട്ടു.
പോരാട്ടം അവസാനിച്ചപ്പോൾ മുൻ ആഴ്സണൽ ഡിഫൻഡർ മാർട്ടിൻ കിയോൺ തമാശയായി പറഞ്ഞത്, 'റൂം തന്റെ ടീമിനെ എത്ര തവണ രക്ഷിച്ചുവെന്ന് എണ്ണാൻ ഒരു കാൽക്കുലേറ്റർ തന്നെ വേണ്ടിവരും'- എന്നാണ്. അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ വില ഇക്വഡോർ കണക്കുകൂട്ടുമ്പോൾ, ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് നേടി ചരിത്രമെഴുതിയതിന്റെ ആഹ്ലാദത്തിലായിരുന്നു കന്നിക്കാരായ ക്യുറസാവ്.
ജർമനിക്കെതിരെ 7 ഗോൾ വഴങ്ങി കൈ ചോർന്നു നിന്ന എലോയ് റൂം രണ്ടാം പോരിൽ അത്ഭുത മനുഷ്യനായി. 15 അമ്പരപ്പിക്കുന്ന സേവുകളാണ് താരം മത്സരത്തിൽ പുറത്തെടുത്തത്.
37കാരനായ മയാമി എഫ്‌സി കീപ്പർ ഒരു മത്സരത്തിൽ 15 സേവുകൾ നടത്തി ലോകകപ്പിൽ പുതിയ ചരിത്രമെഴുതി. ഒരു ലോകകപ്പ് പോരാട്ടത്തിൽ ഇത്രയും സേവുകൾ ഒരു ഗോൾ കീപ്പർ നടത്തുന്നത് ഇതാദ്യമാണ്. ചരിത്രം എക്കാലവും ഓർമിക്കുന്ന പോരാട്ടമായി മത്സരത്തെ റൂം മാറ്റിയെടുത്തു.
ആദ്യ ലോകകപ്പ് കളിക്കാനെത്തി ക്യുറസാവ് ഒരു പോയിന്റ് സ്വന്തമാക്കുമ്പോൾ ടീമിനെ പ്രചോദിപ്പിച്ചു നിർത്തിയതും പോരാടി നിന്നതും ഡച്ച് വംശജനായ ഈ ഗോൾകീപ്പറാണ്. ടീമിലെ ഏറ്റവും പ്രായം കൂടിയ അംഗവും റൂം തന്നെയാണ്. ക്യുറസാവ് ചരിത്രമെഴുതി ലോകകപ്പ് യോഗ്യത ആദ്യമായി സ്വന്തമാക്കാൻ പ്രധാന കാരണവും റൂം എതിരാളികൾക്ക് മുന്നിൽ ഗോൾ വല പൂട്ടിയതു തന്നെ. നവംബറിൽ ജമൈക്കയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരിലെ 0-0 സമനിലയിൽ അദ്ദേഹം നിർണായകമായ സേവകളാണ് നടത്തിയത്.
ഡച്ച് ഇതിഹാസ താരം പാട്രിക്ക് ക്ലൈവർട്ടാണ് റൂമിനെ ക്യുറസാവ് ടീമിനു സമ്മാനിച്ചത്. 2015ൽ പാട്രിക് ക്ലൈവർട്ട് ക്യുറസാവ് പരിശീലകനായിരുന്നപ്പോഴാണ് റൂമിനെ ക്യുറസാവ് ടീമിനായി കളിക്കാൻ വിളിച്ചത്. മുൻ നെതർലൻഡ്സ് അണ്ടർ 21 താരം കൂടിയാണ് റൂം എന്നു ഓർക്കേണ്ടതുണ്ട്. തന്റെ പിതാവിന്റെ രാജ്യത്തിന് വേണ്ടി കളിക്കാൻ അങ്ങനെയാണ് റൂം തീരുമാനിക്കുന്നത്.
നെതർലാൻഡ്‌സിലെ നിജ്മേഗനിൽ ജനിച്ച റൂം തന്റെ കരിയറിന്റെ ആദ്യ പകുതി ഡച്ച് ലീഗായ എർഡിവിസിയിലാണ് ചെലവിട്ടത്. ഡച്ച് ലീഗിൽ 10 വർഷത്തിനിടെ പിഎസ്‍വി ഐന്തോവനൊപ്പം ലീഗ് കിരീടവും വിറ്റെസെയ്ക്കൊപ്പം കപ്പ് വിജയവും ഉൾപ്പെടെ 200ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു. അതിനു ശേഷം 2019ൽ യുഎസിലെ കൊളംബസ് ക്രൂവിലേക്ക് മാറി. 2020ൽ കൊളംബസ് ക്രൂവിനൊപ്പം എംഎൽഎസ് കപ്പും സീസണിലെ മികച്ച സേവിനുള്ള പുരസ്കാരവും നേടിയ ശേഷം റൂം കുറച്ചുകാലം യൂറോപ്പിലേക്ക് മടങ്ങി. പിന്നീട് അമേരിക്കയിലെ രണ്ടാം നിര ലീഗിൽ കളിക്കുന്ന മയാമി എഫ്‌സിയിൽ തിരിച്ചെത്തി.
ക്യുറസാവ് ഗ്രൂപ്പ് ഇ യിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഐവറി കോസ്റ്റിനെയാണ് നേരിടാനിറങ്ങുന്നത്. ഒരു പോയിന്റ് സ്വന്തമാക്കിയ സാഹചര്യത്തിൽ, ആഫ്രിക്കൻ രാജ്യത്തെ അട്ടിമറിക്കാൻ കഴിഞ്ഞാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതു നടന്നില്ലെങ്കിൽ പോലും ഇക്വഡോറിനെതിരെ ക്യുറസാവ് എലോയ് റൂമിന്റെ നേതൃത്വത്തിൽ തീർത്ത പ്രതിരോധ രാത്രി ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates