റഫീഞ്ഞയും നെയ്മറും Pinterest
Fifa World Cup 2026

സ്‌കോട്ട്‌ലന്‍ഡിനെതിരെ നെയ്മര്‍ കളിക്കും; പക്ഷേ ബ്രസീലിന് തിരിച്ചടിയായി മറ്റൊരു താരത്തിന്റെ പരിക്ക്

ടീമിന് ആവശ്യമായാല്‍ 90 മിനിറ്റും കളിക്കാന്‍ നെയ്മര്‍ സജ്ജനാണെന്നും പരിശീലകന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മയാമി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം നെയ്മറും ഉണ്ടാകുമെന്ന ആശ്വാസ വാര്‍ത്തക്കിടെ മറ്റൊരു താരത്തിന് പരിക്കേറ്റത് ആശങ്കയാകുന്നു. പരിക്കേറ്റ മുന്നേറ്റതാരം റഫീഞ്ഞ മത്സരത്തില്‍ കളിക്കില്ലെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായ നെയ്മര്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെയ്ത്തിക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ നേടിയ വിജയത്തിനിടെ റഫീഞ്ഞയ്ക്ക് പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ താരം കളം വിടുകയും ചെയ്തു. എത്രയുംവേഗം കളിക്കളത്തില്‍ തിരിച്ചെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റഫീഞ്ഞ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ താരത്തിന്റെ അഭാവത്തിലാകും കാനറികള്‍ സ്‌കോട്ടിഷ് പടയെ നേരിടുകയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഏറ്റവും ശക്തമായ ടീമുമായിട്ടാകും ബ്രസീല്‍ കളത്തിലിറങ്ങുകയെന്ന് ആഞ്ചലോട്ടി പറഞ്ഞു. റഫീഞ്ഞയ്ക്ക് പകരം ആരെ ഇറക്കണമെന്നതില്‍ പരിശീലകസംഘത്തിന് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലിലെ പേശിവലിവ് കാരണം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍, ഈ ആഴ്ച മികച്ച രീതിയില്‍ പരിശീലനം നടത്തിയതായും പരിശീലകന്‍ അറിയിച്ചു. ടീമിന് ആവശ്യമായാല്‍ 90 മിനിറ്റും കളിക്കാന്‍ താരം സജ്ജനാണെന്നും ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു. നെയ്മറുടെ അനുഭവസമ്പത്തും നേതൃപാടവവും ടീമിന് വലിയ കരുത്താകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഗ്രൂപ്പ് സിയിലെ അവസാന മത്സരമായതിനാല്‍ ബ്രസീലിനും സ്‌കോട്ലന്‍ഡിനും ഈ പോരാട്ടം നിര്‍ണായകമാണ്. നോക്കൗട്ട് സാധ്യതകള്‍ ശക്തമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയമാണ് ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് മത്സരം.

Brazil coach Ancelotti confirms Raphinha absence, gives Neymar fitness boost ahead of Scotland clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

'ഗോള്‍ഡ് കപ്പിള്‍'; വിജയ്-തൃഷ കല്യാണം കഴിഞ്ഞോ? ചര്‍ച്ചയായി ചാര്‍മിയുടെ കമന്റ്

സ്‌കൂളുകളില്‍ മുട്ടയ്ക്ക് പകരം പനീറും സോയാബീനും?; പശ്ചിമബംഗാളില്‍ വിവാദം പുകയുന്നു

റാസ് ലഫാന്‍ സ്ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

ESIC: മെഡിക്കൽ കോളജുകളിൽ പ്രൊഫസറാകാം, 118 ഒഴിവുകൾ