Thomas Tuchel, Pep Guardiola x
Fifa World Cup 2026

'ടുക്കലിനെ പുറത്താക്കി, ഗ്വാർഡ‍ിയോളയെ കൊണ്ടുവരു'!

അർജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇം​ഗ്ലണ്ട് പരിശീലകൻ തോമസ് ടുക്കലിനെ പുറത്താക്കാൻ മുറവിളി കൂട്ടി ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: അർജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് സെമി ഫൈനൽ പോരിൽ സ്വീകരിച്ച അമിത പ്രതിരോധ തന്ത്രങ്ങളുടെ പേരിൽ ഇംഗ്ലണ്ട് ടീം മുഖ്യപരിശീലകൻ തോമസ് ടുക്കലിനെതിരെ ബ്രിട്ടനിൽ കടുത്ത പ്രതിഷേധവും രോഷവും ഇരമ്പുന്നു. അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ സെമിയിൽ ഇംഗ്ലണ്ട് ലാറ്റിനമേരിക്കൻ കരുത്തരും നിലവിലെ ലോക ചാംപ്യൻമാരുമായ അർജന്റീനയോട് 2-1 ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി പുറത്താവുകയായിരുന്നു. ഒരു ​ഗോൾ നേടിയ ശേഷം അവസാന നിമിഷങ്ങളിൽ 2 ​ഗോൾ വഴങ്ങിയാണ് ഇം​ഗ്ലണ്ടിന്റെ അവിശ്വസനീയ പതനം.

രണ്ടാം പകുതിയുടെ 10ാം മിനിറ്റിൽ ആന്റണി ഗോർഡൻ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് മത്സരത്തിൽ ലീഡ് നേടിയിരുന്നു. എന്നാൽ കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ അർജന്റീന വിജയം ഉറപ്പിച്ചു. ഇതോടെ ഇംഗ്ലണ്ടിന് ലോകകപ്പിൽ നിന്ന് കണ്ണീരോടെ മടങ്ങേണ്ടി വന്നു.

1966ലെ ചരിത്ര വിജയത്തിന് ശേഷം നീണ്ട 60 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇംഗ്ലണ്ട് സ്വയം വരിച്ച തോൽവിയിലൂടെ നഷ്ടപ്പെടുത്തിയത്. ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളി സമയം തള്ളി നീക്കാൻ ശ്രമിച്ച ടുക്കലിന്റെ തന്ത്രങ്ങളെ കായിക വിദഗ്ധർ ഒന്നടങ്കം അതിരൂക്ഷമായി വിമർശിച്ചു. പിന്നാലെയാണ് ആരാധകരും കോച്ചിനെതിരെ ഉറഞ്ഞു തുള്ളുന്നത്. ഇതോടെയാണ് ടുക്കലിനെ പുറത്താക്കണമെന്ന മുറവിളിയും ശക്തമായത്.

​ഗ്വാർഡിയോള വരുമോ?

ടുക്കലിനെ പുറത്താക്കണമെന്ന ആവശ്യങ്ങൾ ശക്തമാണ്. പകരം ഇതിഹാസ സ്പാനിഷ് പരിശീലകൻ പെപ് ​ഗ്വാർഡിയോളയെ നിയമിക്കണമെന്ന കടുത്ത ആവശ്യമാണ് ഇം​ഗ്ലീഷ് ആരാധകർ ഒന്നടങ്കം ഉന്നയിക്കുന്നത്. ദീർഘനാളായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായിരുന്നു അദ്ദേഹം. ടീമിനു ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീ​ഗ് കിരീടമടക്കം സമ്മാനിച്ചാണ് പെപ് ഈ സീസണോടെ ക്ലബിന്റെ പടിയിറങ്ങിയത്. നിലവിൽ അദ്ദേ​ഹം ഒരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല. ഇറ്റലി ദേശീയ ടീമും അദ്ദേഹത്തെ പരിശീലകനാക്കാൻ കിണഞ്ഞു ശ്രമിക്കുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു.

ഗ്വാർഡിയോളയെപ്പോലൊരു ലോകോത്തര പരിശീലകനെ സ്വന്തമാക്കാൻ ലഭിക്കുന്ന സുവർണാവസരം എഫ്എ ബോർഡ് അംഗങ്ങൾ കളഞ്ഞുകുളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ പെപിനും താത്പര്യമുണ്ട്. എന്നാൽ, ക്ലബുകളിലേതുപോലെ താരങ്ങളെ ഒരുമിച്ച് കൂട്ടി തന്റെ സങ്കീർണമായ തന്ത്രങ്ങൾ പരിശീലിപ്പിക്കാൻ ദേശീയ ടീമിൽ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ എന്നതു മാത്രമാണ് ഇതിലെ ഏക വെല്ലുവിളി. എങ്കിലും ടുക്കലിന്റെ വിരസമായ പ്രതിരോധ ഫുട്ബോളിന് പകരം ഗ്വാർഡിയോളയുടെ മനോഹരമായ പന്തടക്ക ഫുട്ബോൾ വെംബ്ലിയിൽ കാണാൻ ഇംഗ്ലീഷ് ആരാധകർ ആഗ്രഹിക്കുന്നു.

അതേസമയം, കനത്ത സമ്മർദ്ദമുണ്ടെങ്കിലും പദവി ഒഴിഞ്ഞു പോകാൻ ടുക്കൽ തയ്യാറല്ല. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ യൂറോ 2028 വരെ കരാർ നീട്ടാൻ അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനുമായി ധാരണയിലെത്തിയിരുന്നു. നിലവിൽ എഫ്എ ഭാരവാഹികൾക്കും ടുക്കലിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

All of England is boiling with anger toward manager Thomas Tuchel over the defensive tactics shown in the World Cup semifinal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

പനിയുള്ളപ്പോൾ കാപ്പി കുടിക്കാമോ?

പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്

ശരീരത്തിൽ ജലാംശം കുറഞ്ഞോ? എങ്ങനെ തിരിച്ചറിയാം

ജനറൽ ആശുപത്രിയിൽ ഒൻപത് വയസ്സുകാരൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം