കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസ് സ്ഥാപിച്ച ശക്തമായ ബാരിക്കേഡുകൾ മറികടന്ന് ആശുപത്രി ഗേറ്റിന് മുന്നിലേക്ക് ഓടിക്കയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ ഒട്ടേറെ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സാധാരണക്കാരുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളുടെ വിശ്വാസ്യത തകർക്കും വിധം അടിക്കടി ഉയർന്നു വരുന്ന ചികിത്സാ അനാസ്ഥകൾക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്.
അതേസമയം, കുട്ടി മരിച്ചത് ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്.
പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇയാസിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഇതൊരു സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates