Erling Haaland ap
Fifa World Cup 2026

ഹാളണ്ട് മാജിക്ക്... വീണ്ടും 'ഡബിൾ'; ലോകകപ്പിൽ സെന​ഗലിന്റെ സ്വപ്നം തകർത്ത് നോർവെ അവസാന 32ൽ

സെന​ഗലിനെ 3-2ന് വീഴ്ത്തി നോർവെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂജേഴ്സി: ആഫ്രിക്കൻ ചാംപ്യൻമാരായ സെന​ഗലിന്റെ സ്വപ്നങ്ങൾ തകർത്ത് നോർവെ. ഫിഫ ലോകകപ്പ് പോരാട്ടത്തിൽ നോർവെയ്ക്കും സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ​ഗോളടി മികവിനും മുന്നിൽ സെന​ഗൽ പൊരുതി നോക്കിയെങ്കിലും 3-2നു വീണു. ഗ്രൂപ്പ് ഐയിൽ ഫ്രാൻസിനു പിന്നാലെ തുടരെ രണ്ടാം ജയത്തോടെ നോർവെയും നോക്കൗട്ടിൽ. സെന​ഗലിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

എർലിങ് ഹാളണ്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി തിളങ്ങി. മാർക്കസ് ഹോംഗ്രെൻ പെഡേഴ്‌സനാണ് ശേഷിച്ച ​ഗോൾ വലയിലാക്കിയത്. സെനഗലിന്റെ രണ്ട് ഗോളും ഇസ്മാലിയ സാറിന്റെ വകയായിരുന്നു. 43ാം മിനിറ്റിലാണ് പെ‍ഡ‍േഴ്സൻ ​ഗോൾ നേടിയത്. കളിയുടെ 48, 58 മിനിറ്റുകളിലാണ് ഹാളണ്ടിന്റെ ഡബിൾ. സെന​ഗലിനായി സാറിന്റെ ആദ്യ ​ഗോൾ 53ാം മിനിറ്റിലും രണ്ടാം ​ഗോൾ 90 മിനിറ്റിനു ശേഷമുള്ള ഇഞ്ച്വറി സമയത്തുമാണ് പിറന്നത്.

തുടക്കത്തിൽ നോർവെയാണ് ആക്രമിച്ചു മുന്നേറിയത്. നിരവധി അവസരങ്ങളും അവർക്കു കിട്ടി. പക്ഷേ ​ഗോൾ മാത്രം വന്നില്ല. നഷ്ടപ്പെടുത്തിയ നിരവധി ചാൻസുകൾക്കു ശേഷം 43ാം മിനിറ്റിലാണ് നോർവെ സ്‌കോർ ചെയ്യുന്നത്. ഹാളണ്ടിനെ ലക്ഷ്യമാക്കിയുള്ള മാർട്ടിൻ ഒഡെഗാർഡിന്റെ പാസ് കലിദു കൂലിബാലി തടഞ്ഞു. എന്നാൽ പന്ത് പൂർണമായും ക്ലിയർ ചെയ്യാനായില്ല. അവസരം മുതലെടുത്ത് പെഡേഴ്‌സൻ വല കുലുക്കി.

രണ്ടാം പകുതിയിൽ കളിയാരംഭിച്ചതിനു പിന്നാലെ തന്നെ ഹാളണ്ട് നോർവെയുടെ ലീഡുയർത്തി. രണ്ടാം പകുതിയിൽ സെന​ഗലും ആക്രമണം കടുപ്പിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള സെനഗലിന്റെ മുന്നേറ്റങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹാളണ്ടിലൂടെ നോർവെ രണ്ടാം ഗോൾ സ്കോർ ചെയ്തത്. 48ാം മിനിറ്റിൽ ഒഡെഗാർഡ് നടത്തിയ ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ അളന്നുമുറിച്ച് കിട്ടിയ പാസ് ഹാളണ്ട് വലയിലെത്തിച്ചു. നോർവെ 2-0ത്തിന് മുന്നിൽ.

സെന​ഗലിന്റെ പോരാട്ട വീര്യത്തിനു പക്ഷേ കുറവു വന്നില്ല. അവർ ആക്രമണം തുടർന്നു. ഫലം 53ാം മിനിറ്റിൽ കിട്ടി. ബോക്‌സിനു പുറത്തു പന്ത് ലഭിച്ച സെന​ഗൽ സൂപ്പർ താരം സാദിയോ മാനെ അത് ഫ്ലിക്ക് ചെയ്ത് ഇസ്മാലിയ സാറിനു നൽകുന്നു. ഗോൾ കീപ്പർ ഓർഹൻ നിലൻഡിനു ഒരു അവസരവും നൽകാതെ സാർ ​ഗോൾ നേടി.

ലീഡ് കുറയ്ക്കാൻ സാധിച്ചതിന്റെ ആശ്വാസം പക്ഷേ സെന​ഗലിനു അധികം നിലനിർത്താൻ പറ്റിയില്ല. 5 മിനിറ്റിനുള്ളിൽ നോർവെ വീണ്ടും വല ചലിപ്പിച്ചു. 58ാം മിനിറ്റിൽ ഹാളണ്ടിന്റെ ജയമുറപ്പിച്ച ​ഗോൾ. പെഡേഴ്‌സൻ നൽകിയ ആദ്യ പാസ് ഹാളണ്ടും അന്റോണിയോ നുസയും തമ്മിലുള്ള ധാരണപ്പിശകിൽ പാഴായി. എന്നാൽ പന്ത് പിടിച്ചെടുത്ത് മധ്യനിര താരം സാന്റർ ബെർഗ് ഗോൾമുഖത്തേക്ക് നൽകിയ പാസ് ഹാളണ്ട് ഇത്തവണ പാഴാക്കാതെ വലയിലിട്ടു.

മത്സരം 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോൾ മൂന്നാം മിനിറ്റിൽ സാർ വീണ്ടും ​ഗോൾ നേടി. സെന​ഗൽ സ്കോർ 2 ആക്കി ലീഡ് കുറയ്ക്കുകയും ചെയ്തു. എന്നാൽ അവസാന ഘട്ടത്തിൽ സമനിലയ്ക്കായി ആഞ്ഞ് ശ്രമിച്ച സെന​ഗലിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നോർവെയ്ക്ക് സാധിച്ചതോടെ മത്സരം അവരുടെ കൈയിൽ ഭദ്രമായി. ഒപ്പം അവസാന 32ൽ സീറ്റും.

Erling Haaland continued his prolific run at the FIFA World Cup 2026, scoring twice as Norway beat Senegal 3-2 in a thrilling Group I contest 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ക്രിസ് ​ഗെയ്ൽ കേരളത്തിലേക്ക്; കെസിഎൽ പോരാട്ടം നേരിൽ കാണാൻ 'യൂണിവേഴ്സ് ബോസ്'

'കേന്ദ്രസഹായം നഷ്ടമാകരുത്'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തുടക്കം പതറി, ഒടുക്കം പിടിച്ചു; സ്പിന്നിൽ തിരിച്ചടിച്ച് ഇന്ത്യ

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: സർക്കാർ പ്രതിരോധത്തിൽ; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ