'കാലവും കാല്‍പന്തും' വീണ്ടും നമിച്ചു! റെക്കോർഡിലേക്ക് ഇരട്ട ഗോളടിച്ച് മെസി; അര്‍ജന്റീന നോക്കൗട്ടില്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടം അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പേരില്‍
Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
മെസിയുടെ രണ്ടാം ​ഗോൾ വലയിലേക്ക് Lionel Messiap
Updated on
2 min read

ഡാലസ്: ആരാധകരുടെ നെഞ്ചുലച്ച 9ാം മിനിറ്റിലെ പെനാല്‍റ്റി നഷ്ടത്തിന് 'ഇരട്ട ഗോളും ചരിത്ര നേട്ടവും' കൊണ്ട് ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയുടെ മധുര പ്രായശ്ചിത്തം. ആ രണ്ട് മനോഹര ഗോളുകളുടെ ബലത്തില്‍ ഓസ്ട്രിയയെ തകര്‍ത്തെറിഞ്ഞ് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറി.

പെനാല്‍റ്റി നഷ്ടത്തിന്റെ പ്രായശ്ചിത്തം ഇരട്ട ഗോളുകള്‍ മാത്രമല്ല. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് നേട്ടത്തിന്റെ തിളക്കം കൂടി അതിനു തൊങ്ങല്‍ ചാര്‍ത്തി നില്‍ക്കുന്നുണ്ട്. 38ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ച് പന്ത് വലയിലിട്ട് മെസി ചരിത്രം തിരുത്തി. ഈ ഗോളോടെ 16 ഗോളുകളെന്ന ജര്‍മന്‍ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് മെസി മറികടന്നു. പിന്നാലെ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓസ്ട്രിയന്‍ പ്രതിരോധ താരങ്ങള്‍ കൂട്ടമായി വലയ്ക്കു തൊട്ടരികത്തു നിന്നു തടയാന്‍ നോക്കിയിട്ടും അവര്‍ക്കിടയിലൂടെ പന്ത് പായിച്ച് ടീമിനു രണ്ടാം ഗോളും റെക്കോര്‍ഡ് പട്ടികയിലേക്ക് 18ാം ഗോളും ചാര്‍ത്തിയാണ് മെസി കളം വിട്ടത്.

രണ്ട് കളിയില്‍ നിന്നു 5 ഗോളുകളടിച്ച് ഒരു ഗോള്‍ പോലും വഴങ്ങാതെ അര്‍ജന്റീന അവസാന 32ലേക്ക് മുന്നേറുമ്പോള്‍ ആ അഞ്ച് ഗോളും പിറന്നത് മാന്ത്രിക മനുഷ്യന്റെ കാലില്‍ നിന്നു തന്നെ. അള്‍ജീരിയക്കെതിരെ ആദ്യ മത്സരത്തില്‍ ഹാട്രിക്ക്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്. പിന്നാലെ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍.

Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
മെസി 'ഭൂഗോള' വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍

കളി തുടങ്ങി 9ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടുന്നത്. പന്തുമായി കുതിച്ച ലൗട്ടാരോ മാര്‍ട്ടിനെസിനെ രണ്ട് ഓസ്ട്രിയന്‍ പ്രതിരോധക്കാര്‍ ബോക്‌സില്‍ വീഴ്ത്തുന്നു. വാര്‍ പരിശോധനയില്‍ റഫറി പെനാല്‍റ്റിയിലേക്ക് വിരല്‍ ചൂണ്ടുന്നു. കിക്കെടുക്കാന്‍ എത്തിയത് മെസി തന്നെ. ലോകം മുഴുവന്‍ ചരിത്ര നിമിഷം പിറക്കുന്നത് കാണാന്‍ കണ്ണുംനട്ടിരുന്നു. എന്നാല്‍ അവിശ്വസനീയമാം വിധം പന്ത് മെസി പുറത്തേക്ക് അടിച്ചു കളയുന്നു. പതുക്കെയുള്ള റണ്ണപ്പില്‍ ദുര്‍ബലമായൊരു ഷോട്ടാണ് മെസി എടുത്തത്. ലോകകപ്പില്‍ മെസിയുടെ മൂന്നാം പെനാല്‍റ്റി നഷ്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ആദ്യം അദ്ദേഹത്തിനു മേല്‍ പതിച്ചു കിട്ടുന്നത്.

എന്നാല്‍ വിസ്മയങ്ങളുടെ രാജകുമാരനാണ് കളത്തിലുള്ളതെന്നു ആരാധകര്‍ക്ക് നല്ല ബോധ്യമുള്ളതിനാല്‍ ചെറിയ നിരാശ വന്നെങ്കിലും അതിനുള്ള ഉത്തരം അര മണിക്കൂറിനുള്ളില്‍ തന്നെ വന്നു. 38ാം മിനിറ്റില്‍ ഫകുണ്ടോ മെദീന നല്‍കിയ പാസ് തിയാഗോ അല്‍മാഡ തന്റെ കാലുകള്‍ക്കിടയിലൂടെ കടത്തിവിടുന്നു. ബോക്‌സിനു തൊട്ടുമുന്നില്‍ നിന്ന മെസി തന്റെ വിഖ്യാതമായ ഇടംകാല്‍ ഷോട്ടുകൊണ്ട് പന്തിനെ ലോങ് റേഞ്ചില്‍ ബോക്‌സിലേക്ക് പായിക്കുന്നു. ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്‌സാണ്ടര്‍ ഷ്‌ളാഗര്‍ക്ക് നിസഹായനായി നില്‍ക്കാനേ സാധിച്ചുള്ളു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തമായ നിമിഷത്തില്‍ അര്‍ജന്റീന ലീഡും സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ ജോര്‍ദാനെ 3-1നു പരാജയപ്പെടുത്തിയാണ് റാല്‍ഫ് റാഗ്നിക്ക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ അര്‍ജന്റീനയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഈ മത്സരത്തില്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള കളിയാണ് അവര്‍ കളിച്ചത്. അവസരം കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു തന്ത്രം. പലപ്പോഴും അവര്‍ ഗോളിനടുത്തെത്തിയെങ്കിലും അര്‍ജന്റീന പ്രതിരോധവും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും വിലങ്ങായി നിന്നു.

Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
ഇത് മൂന്നാം തവണ; ലോകപ്പില്‍ ഏറ്റവും കുടുതല്‍ പെനാല്‍റ്റി മിസ് ആക്കി മെസി; മറ്റൊരു 'റെക്കോര്‍ഡ്'

കളിയിലുടനീളം നിരന്തരം ആക്രമണമാണ് അര്‍ജന്റീന നടത്തിക്കൊണ്ടിരുന്നത്. രണ്ടാം പകുതിയിലും അവര്‍ ആക്രമണം തുടര്‍ന്നു. രണ്ടാം പകുതിയില്‍ ഓസ്ട്രിയയും ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. ക്യാപ്റ്റന്‍ ഡേവിഡ് അലാബയും സാബിറ്റ്‌സറും കൊണാര്‍ഡ് ലെയ്മറുമെല്ലാം ഗോളിനായി കിണഞ്ഞു ശ്രമിച്ചു. കളി പല ഘട്ടത്തിലും പരുക്കനായും മാറി.

ഒടുവില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോളും പിറന്നു. ലോകകപ്പില്‍ മെസിയുടെ 18ാം ഗോളും. 90 മിനിറ്റ് പിന്നിട്ട് 5 മിനിറ്റായി നല്‍കിയ ഇഞ്ച്വറി സമയത്താണ് മെസിയുടെ രണ്ടാം ഗോളിന്റെ പിറവി.

ഓസ്ട്രിയയുടെ പക്കല്‍ നിന്നു പന്ത് പിടിച്ചെടുത്ത് അര്‍ജന്റീനയുടെ മനോഹരമായൊരു കൗണ്ടര്‍ അറ്റാക്ക്. മധ്യനിരയില്‍ നിന്ന് മെസി പന്തുമായി കുതിച്ചു. മുന്നേറ്റക്കാരന്‍ ജൂലിയന്‍ അല്‍വാരസിനു കൃത്യമായി പാസ് നല്‍കി. അല്‍വാരസിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ ഷ്‌ളാഗര്‍ തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ മെസിയുടെ കാലില്‍ തന്നെ കിട്ടി. മെസിയുടെ ആദ്യ ഷോട്ട് ഓസ്ട്രിയന്‍ താരം നിക്കോളാസ് സിവല്‍ഡിന്റെ ശരീരത്തില്‍ തട്ടി തെറിച്ചു. അതും മെസി പിടിച്ചെടുത്തു. ഗോള്‍ ലൈനില്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോ പന്ത് തടയാനായി നിന്നിട്ടു പോലും മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെസി പന്ത് വലയിലേക്ക് തന്നെ കടത്തിവിട്ടു. പിന്നാലെ ലോങ് വിസിലും മുഴങ്ങി. ചരിത്രത്തിലേക്ക് 18 ഗോളുകളെന്ന സംഖ്യ എഴുതി വച്ച് മെസിയും അര്‍ജന്റീനയും വിശ്വ കിരീടം നിലനിര്‍ത്താനുള്ള യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
'ഹൈഡ്രേഷൻ ഇടവേള കടുപ്പം തന്നെ... കളി കുളമാക്കും'
Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
ലമീൻ യമാൽ പെലെ, മെസി 'ക്ലബിൽ'!
Argentina's Lionel Messi, center, scores his side's second goal during the World Cup Group J soccer match between Argentina and Austria
'ശ്...ശ്.... പോസ്റ്റ് മാറി...'; 10 ദിവസം 8 സെൽഫ് ​ഗോളുകൾ! ലോകകപ്പിലെ 'ഓൺ ​ഗോൾ' ചരിത്രം
Summary

Lionel Messi with two goals and another World Cup record, reigning champions booked their place in the knockout rounds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com