Estadio Azteca, Maradona’s ‘Hand of God’ x
Fifa World Cup 2026

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

ലോകകപ്പിലെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും അരങ്ങേറുന്ന മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയം ഫുട്ബോളിലെ ഒട്ടേറെ നിർണായക നിമിഷങ്ങൾക്ക് സാക്ഷ്യം നിന്ന മണ്ണാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലോകകപ്പ് ഫുട്ബോളിലെ ഡീ​ഗോ മറ‍ഡോണയുടെ അപൂർവ സുന്ദര നിമിഷവും ഭ്രാന്തൻ സെക്കൻഡും നൂറ്റാണ്ടിന്റെ ​ഗോളും പിറന്ന മണ്ണ്... നൂറ്റാണ്ടിന്റെ മത്സരം കണ്ട പുൽനാമ്പുകൾ... ഒറ്റ കിക്കിലൂടെ നായകനിൽ നിന്നു വില്ലനിലേക്ക് അതിവേ​ഗം എടുത്തെറിയപ്പെട്ട റോബർട്ടോ ബാജിയോ ഹതാശനായി നിന്ന മണ്ണ്... വിഖ്യാത ബ്രസീലിയൻ താരവും ഇതിഹാസവുമായ പെലെ അവസാനമായി ലോകകപ്പ് ഉയർത്തിയ മണ്ണ്... മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിന് ചരിത്രത്തിലെ ഒട്ടേറെ ഫുട്ബോൾ നിറങ്ങളെക്കുറിച്ച് പറയാനുണ്ട്. ഫിഫ ലോകകപ്പിലെ ഉ​ദ്ഘാടന പരിപാടികളും ആദ്യ മത്സരവും അരങ്ങേറുന്നത് ഈ സ്റ്റേഡിയത്തിലാണ്. ലോക ഫുട്ബോളിന്റെ ചരിത്രമുറങ്ങുന്ന പുണ്യ ഭൂമികളിൽ ഒന്നെന്ന് ഈ സ്റ്റേഡിയത്തെ വിശേഷിപ്പിക്കാം.

'കോളോസസ് ഓഫ് സാന്റാ ഉർസുല' എന്ന് വിളിക്കപ്പെടുന്ന ഈ സ്റ്റേഡിയത്തിന്റെ ചരിത്ര വഴികളിലേക്ക് ഇറങ്ങിയാൽ ഫുട്ബോളിലെ സുവർണ ഘട്ടങ്ങളെ കാണാം. ഇതിഹാസങ്ങളായ പെലെയും മറഡോണയും തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ സിംഹാസനം കീഴടക്കിയത് ഈ മണ്ണിലാണ്.

ഇത്തവണ ഉദ്ഘാടന പോരാട്ടത്തിന് വേദിയാകുന്നതോടെ മൂന്ന് വ്യത്യസ്ത ലോകകപ്പുകളുടെ (1970, 1986, 2026) ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയമായി അസ്റ്റെക്ക മാറും.

1970ലെ പെലെ മാജിക്ക്

യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്ത് ആദ്യമായി ഒരു ലോകകപ്പ് നടന്നപ്പോൾ അതിന്റെ പ്രധാന വേദി അസ്റ്റെക്കയായിരുന്നു. ഈ ടൂർണമെന്റിലെ 'നൂറ്റാണ്ടിന്റെ മത്സരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റലി- വെസ്റ്റ് ജർമ്മനി സെമി ഫൈനലിന് (ഇറ്റലി 4- 3 ന് ജയിച്ചു) ഈ മൈതാനം സാക്ഷിയായി.

പെലെ തന്റെ അവസാന ലോകകപ്പ് ട്രോഫി ഉയർത്തിയത് ഇവിടെ വെച്ചാണ്. ഫൈനലിൽ ഇറ്റലിയെ 4-1 ന് തകർത്താണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്.

ഈ സ്റ്റേഡിയത്തെ കുറിച്ച് പെലെ പറഞ്ഞ വാചകം- 'അസ്റ്റെക്കയ്ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. അതിന്റെ ഉള്ളിൽ ഇറങ്ങി നിന്നാൽ മാത്രമേ ആ അനുഭൂതി എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകൂ'.

1986ലെ മറഡോണ വിസ്മയങ്ങൾ

16 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വീണ്ടും അസ്റ്റെക്കയിൽ എത്തിയപ്പോൾ അത് ഡീഗോ മറഡോണയെന്ന അദ്ഭുതത്തിന്റെ ജനനത്തിനാണ് വഴി മാറിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് ഗോളുകൾ പിറന്നത് ഈ മണ്ണിലാണ്. വിവാദമായ 'ദൈവത്തിന്റെ കൈ' (Hand of God) ഗോളും, പകുതിയിലധികം ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് താരം നേടിയ 'നൂറ്റാണ്ടിന്റെ ഗോളും' (Goal of the Century). ഫൈനലിൽ വെസ്റ്റ് ജർമ്മനിയെ 3-2 ന് തോൽപ്പിച്ച് അർജന്റീന ലോകകിരീടം ചൂടിയതും ഈ മൈതാനത്താണ്.

മറഡോണ ഈ സ്റ്റേഡിയത്തെക്കുറിച്ച് പിൽക്കാലത്ത് ഇങ്ങനെ കുറിച്ചു- 'എന്റെ ഫുട്ബോൾ ജീവിതത്തിലെ കത്തീഡ്രൽ ആണ് ഈ സ്റ്റേഡിയം'.

1994ലെ ബാജിയോയുടെ നഷ്ട സ്വപ്നം

1994ലെ ലോകകപ്പിൽ മിന്നും ഫോമിൽ പന്ത് തട്ടി ഏതാണ്ട് ഒറ്റയ്ക്ക് തന്നെ റോബർട്ടോ ബാജിയോ ഇറ്റലിയെ ഫൈനൽ വരെ എത്തിച്ചിരുന്നു. ഫൈനലിൽ ബ്രസീലായിരുന്നു എതിരാളികൾ. ദും​ഗയുടെ നേതൃത്വത്തിൽ റൊമാരിയോയും ബെബറ്റോയും അടങ്ങിയ ടീമിനെതിരെ ഇറ്റലി ഫൈനലിലും പൊരുതി. മത്സരം നിശ്ചിത അധിക സമയങ്ങളിൽ 1-1നു സമനില.

വിജയികളെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തീരുമാനിച്ചത്. അസ്റ്റെക്കയിലെ ഈ മത്സരത്തിലാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീട ജേതാക്കളെ പെനാൽറ്റിയിൽ നിർണയിച്ചത്. മത്സരത്തിൽ ബ്രസീൽ 3-2നു വിജയവും കിരീടവും സ്വന്തമാക്കി. ഇറ്റലിക്കായി അവസാന കിക്കെടുത്ത റോബർട്ടോ ബാജിയോ അഞ്ചാം കിക്ക് ​ഗോളാക്കിയിരുന്നെങ്കിൽ ഇറ്റലിക്ക് ജീവൻ നീട്ടിക്കിട്ടുമായിരുന്നു. എന്നാൽ കാലം അയാൾക്കായി മറ്റൊരു വിധിയാണ് കുറിച്ചത്. ബാജിയോയുടെ ഷോട്ട് പുറത്തേക്ക് പോയി ഇറ്റലി ഫൈനലിൽ പരാജയമേറ്റു വാങ്ങി.

ചരിത്രം

1961ൽ നിർമാണം ആരംഭിച്ച് 5 വർഷം കൊണ്ടാണ് സ്റ്റേഡിയം പൂർത്തിയായത്. ക്ലബ് അമേരിക്കയും ഇറ്റാലിയൻ ക്ലബ്ബായ ടൊറീനോയും തമ്മിലായിരുന്നു ആദ്യ മത്സരം. അന്ന് 1,07,000ത്തിലധികം കാണികളാണ് മത്സരം കാണാൻ ഒഴുകിയെത്തിയത്.

ഈ ലോകകപ്പിനായി കഴിഞ്ഞ രണ്ട് വർഷമായി വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്. പുതിയ സീറ്റുകൾ, ആധുനിക ലോക്കർ റൂമുകൾ, മികച്ച ലൈറ്റിങ് സംവിധാനം, പുതിയ പെഡസ്ട്രിയൻ ബ്രിഡ്ജ് എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ ലോകകപ്പിൽ ഉദ്ഘാടന ചടങ്ങടക്കം 5 മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയാകുന്നത്.

Estadio Azteca: From Pele’s 1970 parade to Maradona’s ‘Hand of God’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

ബം​ഗ്ലാദേശിന് ചരിത്ര നേട്ടം! ഓസ്‌ട്രേലിയക്കെതിരെ ആദ്യമായി ഏകദിന പരമ്പര സ്വന്തം

SCROLL FOR NEXT