'ജോ​​ഗ ബൊണീറ്റോ... ദേ ഹാ മിൻ ​ഗൂക്ക്... വാമോസ്...'

ആവേശത്തിന് അറ്റമില്ലാത്ത പരമാനന്ദ യാത്രയാണിത്
FIFA World Cup 2026
FIFA World Cup 2026
Updated on
2 min read

ഫുട്ബോൾ പ്രണയവും വിരഹവുമാണ്...

ഫുട്ബോൾ കലയും കലാപവുമാണ്...

ഫുട്ബോൾ നോവും നൊമ്പരങ്ങളും വേർപാടുമാണ്...

***

ബ്രസീലിലെ ഏറ്റവും ചെറിയ പക്ഷികളിലൊന്നാണ് ഗാരിഞ്ച. ആ പക്ഷിയെ പോലെ വന്ന് മൈതാനത്ത് അനുരാ​ഗത്തിന്റെ വിത്തു പാകിയ ഫുട്‌ബോളിന്റെ ലോജിക്കിനെ മാജിക്ക് കൊണ്ട് വ്യാഖ്യാനിച്ച ഒരു മനുഷ്യൻ 49 കൊല്ലം ഈ മണ്ണിൽ ജീവിച്ചിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാഗിൽ ജനിച്ച അയാളുടെ മുഴുവൻ പേര് ഇപ്രകാരമായിരുന്നു. മാനുവൽ ഫ്രാൻസിസ്‌ക്കോ ഡോസ് സാന്റോസ്... നാലാം വയസ് മുതൽ അവൻ മാനെ ഗാരിഞ്ചയെന്നു സ്‌നാനപ്പെട്ടു...

മൈതാനത്തിനുള്ളിൽ ഉന്മാദത്തോടെ ഫുട്‌ബോൾ കളിച്ച ഗാരിഞ്ച, പെലെയുടെ സഹ താരമായിരുന്ന ഗാരിഞ്ച, മാസ്റ്റർ ഡ്രിബ്ലർ എന്നു ലോകം വാഴ്ത്തിപ്പാടിയ ഗാരിഞ്ച, മദ്യത്തിനടിപ്പെട്ട് ആൽക്കഹോളിക്ക് കോമയിലെത്തിയ ഗാരിഞ്ച... വിശേഷണങ്ങളിൽ ഒതുങ്ങാൻ കൂട്ടാക്കാതെ പ്രതിഭയെ അഴിഞ്ഞാടാൻ, അലയാൻ വിട്ട മാന്ത്രികനായ മാനെ ഗാരിഞ്ച. 'ജോ​​ഗ ബൊണീറ്റോ' ഫുട്ബോൾ കളിച്ച മാനെ ​ഗാരിഞ്ച! ഫുട്ബോളിലെ ഒരേയൊരു കാമുകൻ...

ബ്രസീൽ വരുന്നു... 24 വർഷമായി അകന്നു നിൽക്കുന്ന ലോക കിരീടം വീണ്ടും ഉയർത്താൻ. അമരത്തുണ്ട് വിഖ്യാത പരിശീലകൻ ഡോൺ കാർലോ!

***

FIFA World Cup 2026
ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം, മെക്‌സിക്കോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഭൂഗോളത്തിലെ ആ 'കുഞ്ഞ് ഗോളം' ചിലപ്പോൾ നിങ്ങളെ സ്വപ്നങ്ങളുടെ പറുദീസയിൽ നടത്തിക്കും... ചിലപ്പോൾ മാന്ത്രികതയുടെ അനർഘ നിമിഷങ്ങൾ സമ്മാനിക്കും... ചിലപ്പോൾ നിരാശയുടെ പടുകുഴിയിൽ താഴ്ത്തിക്കളയും.

മെക്സിക്കോയിലെ 'എസ്റ്റാഡിയോ അസ്റ്റേക്ക' സ്റ്റേഡിയത്തിൽ 1994 ജൂലൈ 17ലെ സായാഹ്‌നത്തിലേക്ക് കടന്ന ദിവസം, ആരാണോ ഇറ്റലിയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായത് ആ മനുഷ്യൻ ടീമിനു തിരിച്ചുവരാൻ സാധ്യത ഉണ്ടായിരുന്ന പെനാൽറ്റി പുറത്തേക്ക് അടിച്ചു കളഞ്ഞ് ബോക്സിനകത്ത് നിൽപ്പുണ്ട്. അയാളുടെ പേര് റോബർട്ടോ ബാജിയോ എന്നാണ്. നായകനിൽ നിന്ന് വില്ലനിലേക്കുള്ള നിമിഷ വേഗത്തി ൻ്റെ പേര് കൂടിയാണ് ഫുട്ബോൾ എന്ന് ബാജിയോ ഹതാശനായി ഉൾക്കൊണ്ടു.

അഞ്ചാം ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു മാന്ത്രിക മനുഷ്യനായ ലയണൽ മെസിക്ക് ലോകകപ്പുയർത്താൻ. ഒടുവിൽ കാലം ആ മനുഷ്യനു മുന്നിൽ തല കുമ്പിട്ടു. കിരീടം വിട്ടുകൊടുക്കാതിരിക്കാൻ മെസി വീണ്ടും ഇറങ്ങുകയാണ്.

ഇച്ഛാശക്തിയും കഠിനാധ്വാനവും പ്രതിഭയും ഉരുക്കി ഉരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ 41ാം വയസിലും കനക കിരീടം തേടുന്നു. ഇത്തവണയില്ലെങ്കിൽ ഇനിയില്ലെന്ന ബോധ്യം അയാൾക്കുണ്ട്. 41ാം വയസിലും ​ഗോളടിക്കാൻ ദാഹിക്കുന്ന അപാരമായ ആ​ഗ്രഹമാണ് അയാളെ വീണ്ടും വീണ്ടും മൈതാനത്തേക്ക് പിടിച്ചു വലിക്കുന്നത്... ഫുട്ബോൾ കാത്തിരിപ്പിൻ്റെ കഥകളുമാണ്.

2014 ൽ ലോകകപ്പുയർത്തി ജർമനിയുടെ ഇയർച്ചയും തകർച്ചയും കണ്ട് വിരമിച്ച ഇതിഹാസ ഗോൾ കീപ്പർ മാനുവൽ നൂയർ 40ാം വയസിൽ ബാറിന് കീഴിലേക്ക് ലോകകപ്പിനായി വീണ്ടും വരുന്നു. ഗോൾകീപ്പർക്ക് 'കീപ്പർ സ്വീപ്പർ' ചമത്കാരം പണിത മനുഷ്യൻ്റെ രണ്ടാം വരവ്.

മഹാ മാന്ത്രികനായ ലൂക്ക മോഡ്രിചും ആറാം ലോകകപ്പിനെത്തുന്നു. ഒരിക്കൽ കൈ അകലെ വീണ സ്വപ്‌നം തേടി... വീണ്ടെടുപ്പുകളുടെ സമരം കൂടിയാണ് ഫുട്ബോൾ.

***

FIFA World Cup 2026
ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

ഒരു സെൽഫ് ഗോളിന് ആന്ദ്രെ എസ്ക്കോബാറിന് നൽകേണ്ടി വന്ന വില സ്വന്തം ജീവനാണ്. റെനെ ഹിഗ്വിറ്റയുടെ സ്‌കോർപിയൻ കിക്കിൻ്റെ ഗതകാല സ്മൃതി പേറിയ കൊളംബിയൻ ടീമിൻ്റെ പ്രതിരോധ താരമായിരുന്നു ആന്ദ്രെ.

ഫുട്ബോളിൽ മഹിത ചരിത്രത്തിൻ്റെ പേരാണ് ഇറ്റലി. തുടരെ മൂന്നാം വട്ടവും അവർ ലോകകപ്പ് യോഗ്യതയില്ലാതെ തല കുമ്പിട്ട് നിന്നു. യോ​ഗ്യതാ പോരാട്ടത്തിൽ ബോസ്നിയ ഹെർസ​ഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ അവർ 4-1നു തോറ്റ് നിശബ്ദരായി നിൽക്കുന്നത് ലോകം ഒരിക്കൽ കൂടി കണ്ടു... ആനന്ദിപ്പിക്കുന്ന ഫുട്ബോൾ ചിലപ്പോൾ നോവിപ്പിക്കും.

***

ഫുട്‌ബോൾ വീഞ്ഞിലേക്ക് കടും വീര്യം പകർന്ന ജനതയാണ് അർജന്റീനക്കാർ. ഫുട്‌ബോൾ അവർക്ക് കാൽപ്പന്തു കൊണ്ടുള്ള കവിതയാണ്. മഹാ മാന്ത്രികരായ, വിസ്മയങ്ങൾ തീർത്ത ഇതിഹാസങ്ങളായ ഒട്ടേറെ താരങ്ങൾ ആ മണ്ണിൽ നിന്നു പിറവിയെടുക്കുന്നതിന്റെ ജനിതക രഹസ്യത്തിൽ കാൽപ്പന്തിനോടുള്ള ഉന്മാദം കൂടി അടയാളപ്പെടുന്നു.

ഫുട്‌ബോളിനു നൂറ്റാണ്ടുകൾ താണ്ടുന്ന വൈരത്തിന്റെ കറുത്ത വഴികളുമുണ്ടെന്നു കാണിച്ചതും അർജന്റീനക്കാർ തന്നെ. റിയോ ഡി ലാ പ്ലാറ്റ നദിയുടെ തെക്കൻ തീരത്തുള്ള ബ്യൂണസ് അയേഴ്‌സ് എന്ന പൗരാണിക നഗരത്തിന്റെ ഇടുങ്ങിയ തെരുവുകളിൽ കാൽപ്പന്ത് കൊണ്ടു മാത്രം ഉരുവം കൊണ്ട കൊടും വൈരത്തിന്റെ നിശ്വാസങ്ങൾ കേൾക്കാം. കുടിപ്പകയുടെ അടങ്ങാത്ത വർത്തമാനങ്ങൾ ഇപ്പോഴും ഉയരുന്ന, നൂറ്റാണ്ട് പഴക്കമുള്ള ഫുട്‌ബോൾ വൈരത്തിന്റെ കഥ കൂടിയാണ് ബ്യൂണസ് അയേഴ്‌സിന്റെ ചരിത്രം. വിജയങ്ങളും വിയോജിപ്പുകളും കൂടിക്കലർന്നതാണ് ഫുട്ബോളെന്ന് ആ ജനത പറയും.

ഫുട്ബോൾ... ആനന്ദങ്ങളുടേയും അതിജീവനത്തിന്റേതും മാത്രമല്ല. ചോര തെറിക്കും കലഹവും ചേർത്തു നിർത്താൻ കൂട്ടാക്കാത്ത വർണ വെറിയും കൂടിക്കലർന്നതുമാണ്. പല ദേശങ്ങൾ, പല ഭാഷകൾ, പല മനുഷ്യർ... ഒറ്റ പന്ത് എന്തെല്ലാം വൈവിധ്യങ്ങളേയാണ് പേറുന്നത്. ആലോചിച്ചു നോക്കു.

***

ഇനി പറയു ഫുട്ബോൾ എന്ത് തന്നു?... ഫുട്ബോൾ 'സ്നേ​ഹത്തിന്റെ ധ്യാനം' തന്നു!

ലോകം ഉറക്കെ വിളിക്കുന്നു... 'ജോഗ ബൊണീറ്റോ, ദേ ഹാ മിൻ ​ഗൂക്ക്, വാമോസ്'... ആവേശത്തിന് അറ്റമില്ലാത്ത പരമാനന്ദ യാത്രയാണിത്.

FIFA World Cup 2026
അർജന്റീനയുടെ മൂന്നാം കിരീടം മുതൽ സമുറായി പ്രതാപം വരെ; ജഴ്സികൾ ഒളിപ്പിക്കുന്ന ചരിത്രപാഠങ്ങൾ
Summary

FIFA World Cup 2026: aesthetics of football

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com