ജമാൽ മുസിയാല ​ഗോൾ നേടുന്നു, Germany x
Fifa World Cup 2026

'7-1' ക്യുറസാവിനും കിട്ടി, പക്ഷേ... കൊണ്ടത് ബ്രസീലിന്റെ നെഞ്ചത്ത് തന്നെ! ​ഗോൾ റെക്കോർഡും ജർമനി തൂക്കി

ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടുന്ന ടീമെന്ന റെക്കോർഡിൽ ബ്രസീലിനെ പിന്തള്ളി ജർമന പട

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹൂസ്റ്റൺ: ഓർമയില്ലേ 12 വർഷം മുൻപത്തെ ബലോ ഹൊറിസോണ്ടെയിലെ ആ രാത്രി. ആര് മറന്നാലും ബ്രസീൽ ജനതയും സെലക്കാവോ ആരാധകരും ആ കറുത്ത രാത്രി ഇന്നും ഞെട്ടലോടെയാണ് ഓർക്കുക. 2014ലെ ലോകകപ്പ് സെമിയിൽ ജർമനിയുടെ ക്രൂരമായ ആക്രമണത്തിൽ ബ്രസീൽ 7-1നു തകർന്നടിയുന്ന കാഴ്ച ആരാധകർ അമ്പരപ്പോടെയും പൊട്ടിക്കരഞ്ഞുമാണ് കണ്ടു നിന്നത്. ആ ഓർമകളിലേക്കാണ് ഞായറാഴ്ച രാത്രി ഹൂസ്റ്റണിൽ ജർമൻ ടീം ബ്രസീൽ ആരാധകരെ വീണ്ടും കൊണ്ടുപോയത്.

ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ക്യുറസാവിന്റെ വലയിലേക്ക് സമാന രീതിയിൽ തന്നെ ജർമൻ ടാങ്കറുകൾ ​ഗോളിന്റെ തീയുണ്ടകൾ വർഷിച്ചു. ഫലവും കറക്റ്റ് 7-1!

അന്ന് ബ്രസീലിനെ 7-1നു അവരുടെ നാട്ടിൽ തന്നെ തകർത്തെറിഞ്ഞ ജർമനി സമാന സ്കോറിൽ ക്യുറസാവിനെ വീഴ്ത്തി ബ്രസീൽ ഏറെ കാലമായി കൊണ്ടുനടന്ന ഒരു റെക്കോർഡും സ്വന്തം പേരിലേക്ക് മാറ്റി. ലോകകപ്പ് പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടുന്ന രാജ്യമെന്ന റെക്കോർഡ‍ാണ് ബ്രസീലിന്റെ കൈയിൽ നിന്ന് ജർമനി സ്വന്തമാക്കിയത്. ലോകകപ്പിൽ ജർമനി നേടിയ ​ഗോളുകളുടെ എണ്ണം 239 ആയി. ബ്രസീലിന് 238 ​ഗോളുകൾ.

ക്യുറസാവിനാണ് ഇത്തവണ 7-1 കിട്ടിയതെങ്കിലും കൊണ്ടത് ബ്രസീലിനാണെന്ന തരത്തിലാണ് ആരാധകർ ട്രോളുന്നത്. 'നീ വിട്ടോ ഇത് എനിക്കുള്ള പണി'യാണെന്ന തരത്തിൽ ക്യുറസാവ് ആരാധകനോട് ബ്രസീൽ ആരാധകൻ പറയുന്നതായുള്ള ട്രോളുകളും നിറയുന്നു.

അന്ന് ജർമൻ നിരയിലെ ഗോളടിച്ചവരിൽ ഒരാൾപോലും നിലവിലെ ടീമിൽ കളിക്കുന്നില്ല. ആളും ആരവങ്ങളും ടീമുമെല്ലാം മാറി. എന്നാൽ സ്‌കോർ ബോർഡ് മാത്രം 12 വർഷം കഴിഞ്ഞിട്ടും മാറിയില്ല. അന്ന് ഇരട്ട ഗോളുകൾ നേടിയ ടോണി ക്രൂസും ആന്ദ്രേ ഷുർലെയും, ഓരോ ഗോൾ വീതം നേടിയ തോമസ് മുള്ളറും, സമി ഖെദീരയും, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെയും ഫുട്‌ബോൾ മൈതാനത്തോട് വിട പറഞ്ഞു കഴിഞ്ഞു.

എന്നാൽ അന്ന് ജർമനിയുടെ ഗോൾവല കാത്ത ഇതിഹാസ ഗോൾ കീപ്പർ മാനുവൽ നൂയർ ഇപ്പോഴും വല കാത്ത് അവിടെത്തന്നെയുണ്ട്. താരത്തെ സാക്ഷിയാക്കിയാണ് ഇത്തവണ യുവ താരങ്ങൾ സമാന സ്കോർ നേട്ടം ആവർത്തിച്ചത്. ഫെലിക്‌സ് മേച്ച, നിക്കോ ഷ്‌ളോട്ടര്‍ബെക്ക്, ജമാല്‍ മുസിയാല, നതാനിയേല്‍ ബ്രൗണ്‍, ഡെന്നീസ് ഉണ്ടാവ് എന്നിവരും ഒപ്പം കയ് ഹവെര്‍ട്‌സ് നേടിയ ഇരട്ട ഗോളുകളുമാണ് ജര്‍മന്‍ ജയത്തിലേക്ക് സംഭാവന ചെയ്തവര്‍.

Four-time World Cup winner Germany broke another record as it smashed seven goals past debutant Curacao in their 2026 World Cup match in Houston on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT