ലോകകപ്പിൽ കാബോ വെർദെയ്ക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയ മത്സരത്തിൽ സ്പെയിനിനായി പകരക്കാരന്റെ റോളിലാണ് കൗമാര വിസ്മയം ലമീൻ യമാൽ കളത്തിലെത്തിയത്. രണ്ടാം പോരാട്ടത്തിൽ പക്ഷേ താരം ആദ്യ ഇലവനിൽ തന്നെ ഇറങ്ങി. സൗദ്യ അറേബ്യക്കെതിരായ പോരിൽ 10ാം മിനിറ്റിൽ തന്നെ തന്റെ ആദ്യ ലോകകപ്പ് ഗോളും 18കാരൻ വലയിലിട്ടു.
മത്സരത്തിന്റെ 10ാം മിനിറ്റിൽ ഒരു ലോ ക്രോസ് കൃത്യമായി വലയിലെത്തിച്ചാണ് ലമീൻ യമാൽ സ്പെയിനിനെ മുന്നിലെത്തിച്ചത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ കളിക്കാരനായി യമാൽ മാറി.
പെലെയ്ക്കും മെസിക്കും ഒപ്പം
ഈ ഗോൾ നേട്ടത്തോടെ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, ലയണൽ മെസി എന്നിവരുൾപ്പെട്ട റെക്കോർഡ് പട്ടികയിലേക്കാണ് യമാലും തന്റെ പേര് എഴുതി ചേർത്തത്. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ റെക്കോർഡ് പട്ടികയിൽ മെസിയെ യമാൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ പിന്നിലാക്കി മുന്നേറുകയും ചെയ്തു. 18 വയസ്സും 343 ദിവസവും പ്രായമുള്ളപ്പോഴാണ് യമാൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുന്നത്. ലയണൽ മെസി 2006ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ യമാലിനേക്കാൾ 14 ദിവസം പ്രായക്കൂടുതലുണ്ടായിരുന്നു. 18 വയസും 357 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ആദ്യ ലോകകപ്പ് വലയിലാക്കിയത്.
ഒപ്റ്റയുടെ റെക്കോർഡ് കണക്കുകൾ പ്രകാരം ലോകകപ്പ് മത്സരത്തിൽ സ്വന്തം രാജ്യത്തിനായി ആദ്യ ഗോൾ നേടുന്ന 18 വയസോ അതിൽ താഴെയോ പ്രായമുള്ള ചരിത്രത്തിലെ രണ്ടാമത്തെ കളിക്കാരനായി യമാൽ മാറി. 1958ലെ ലോകകപ്പിലാണ് പെലെ ആദ്യമായി ലോക പോരാട്ടത്തിൽ അരങ്ങേറുന്നത്. ആ ടൂർണമെന്റിൽ വെയ്ൽസിനെതിരെ ബ്രസീലിനായി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ 17 വയസായിരുന്ന പെലെയുടെ പ്രായം. പെലെയാണ് നിലവിൽ റെക്കോർഡിൽ ഒന്നാമതുള്ളത്.
ബാഴ്സലോണ ക്ലബിനൊപ്പം സീസണിൽ മികച്ച ഫോമിലാണ് യമാൽ കളിച്ചത്. എന്നാൽ ഹാംസ്ട്രിങ് പരിക്ക് കാരണം ബാഴ്സലോണയുടെ സീസണിലെ അവസാന മത്സരങ്ങൾ യമാലിനു നഷ്ടമായിരുന്നു. ഇതോടെയാണ് കാബോ വെർദെയ്ക്കെതിരായ ആദ്യ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി യമാലിനെ പരിശീലകൻ ലൂയിസ് ഡെലഫ്യുണ്ടെ ഇറക്കിയത്. എന്നാൽ സൗദിക്കെതിരെ അദ്ദേഹത്തെ ആദ്യ ഇലവനിൽ തന്നെ ഇറക്കാൻ കോച്ച് തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്നതായിരുന്നു മൈതാനത്തെ യമാലിന്റെ പ്രകടനം. 2024ൽ തന്റെ 16ാം വയസിൽ സ്പെയിനിനെ യൂറോ കപ്പ് ജേതാക്കളാക്കുന്നതിലും യമാൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates