Lionel Messi ap
Fifa World Cup 2026

ഇനി പറയു... 'പന്തിനൊപ്പം ഒഴുകുന്ന' മെസിയെ എങ്ങനെ പ്രണയിക്കാതിരിക്കും...

ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി

Author : രഞ്ജിത്ത് കാർത്തിക

ടെക്‌സസിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമുള്ള തിങ്കളാഴ്ച രാത്രി തന്റെ 39ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഓസ്ട്രിയക്കെതിരെ ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി. 18 ഗോളുകള്‍. അക്കങ്ങളെ തേടി അയാള്‍ പോയതല്ല. അയാളെ തേടി അക്കങ്ങള്‍ വിരുന്നു വന്നതാണ്...

പണ്ടൊരിക്കല്‍ വിഖ്യാത പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മെസിയെ കുറിച്ച് പറഞ്ഞത് അയാളുടെ കണ്ണെത്താത്ത ഇടങ്ങള്‍ മൈതാനത്ത് ഉണ്ടാകില്ല എന്നാണ്. എത്ര പൂട്ടിട്ട് പൂട്ടാന്‍ നോക്കിയാലും അയാളിലെ ഫുട്‌ബോള്‍ മാന്ത്രികനെ ചെറുക്കാനോ തടയാനോ നിങ്ങള്‍ക്ക് സാധിക്കില്ല. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡിലേക്ക് ഒരെണ്ണം അധികം ചേര്‍ത്ത ഓസ്ട്രിയക്കെതിരായ ആ രണ്ടാം ഗോള്‍ തന്നെ നോക്കിയാല്‍ മാത്രം മതി ഇപ്പറഞ്ഞതിന്റെ ഉത്തരം കിട്ടും. കരിയറിന്റെ സായാഹ്നത്തിലും മെസി ലോകത്തെ വിസ്മയിപ്പിക്കുന്നതിന്റെ ഒറ്റ കാരണം അയാളുടെ ഉള്ളിലുള്ള ധാതുവീര്യം മുഴുവന്‍ കാല്‍പന്തിനെ ചുറ്റിപ്പറ്റിയാണ് എന്നതു മാത്രമാണ്.

ഓസ്ട്രിയ ടീമിന്റെ പരിശീലകന്റെ പേര് റാല്‍ഫ് റാഗ്നിക്ക് എന്നാണ്. ജര്‍മന്‍ ഫുട്‌ബോളിന്റെ മുഖച്ഛായ തന്നെ മാറ്റിയ ആളാണ് റാഗ്നിക്ക്. 'ഗഗന്‍പ്രസിങ്' എന്ന പുത്തന്‍ ഫുട്‌ബോള്‍ തന്ത്രം കളത്തില്‍ നടപ്പാക്കിയ 'പ്രൊഫസര്‍' എന്നറിയപ്പെടുന്ന ആധുനിക ആക്രമണ ഫുട്‌ബോളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. ഓസ്ട്രിയ കളിച്ചതും ഹൈ പ്രസിങ് ഫുട്‌ബോള്‍ തന്നെ. ഏറെക്കുറെ അര്‍ജന്റീനയെ വെട്ടിലാക്കാനും ഓസ്ട്രിയക്ക് സാധിച്ചു.

Lionel Messi

പക്ഷേ ഒരാള്‍ മാത്രം മെരുങ്ങിയില്ല. സാക്ഷാല്‍ മെസി. റാഗ്നിക്കിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ് അയാള്‍ നില്‍ക്കുന്നത്. അയാള്‍ കളിക്കുന്നത്. കാരണം ആ മനുഷ്യനു മാത്രം അറിയുന്ന സമവാക്യങ്ങളും നിയമങ്ങളും ചലനങ്ങളുമൊക്കെയാണ് അയാളുടെ നിഘണ്ടുവിലുള്ളത്. അത് മറ്റുള്ളവര്‍ക്ക് മനസിലാകില്ല. വിസ്മയങ്ങളുടെ ചെപ്പ് തുറന്ന് മൈതാനത്ത് ഒഴുകിപ്പരക്കുന്ന ആ അത്ഭുത സിദ്ധി കണ്ടിരുന്ന് അന്തംവിട്ട് വീണ്ടും വീണ്ടും അമ്പരന്നിരിക്കാം എന്നതു മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ളത്.

ഗ്വാര്‍ഡിയോള പറഞ്ഞതിന്റെ മറ്റൊരു ഉത്തരവും ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ മെസി നല്‍കുന്നുണ്ട്.

ഓസ്ട്രിയ ഹൈ പ്രസിങുമായി കളം വാണതോടെ ആക്രമിച്ച് മുന്നേറാമെന്ന അര്‍ജന്റീന തന്ത്രം പാളിപ്പോകുന്നു. ഇടക്കിടെയുള്ള ഓസ്ട്രിയന്‍ കൗണ്ടര്‍ അറ്റാക്കുകളെ പ്രതിരോധിച്ച് നിര്‍ത്തേണ്ട അവസ്ഥ. ഈ ഘട്ടത്തില്‍ കളിക്കനുസരിച്ച് മെസിയും മാറുന്നത് കൃത്യമായി കാണാം. ഒരു പൊസിഷനിലും മെസി നിന്നു കളിച്ചിട്ടില്ല. കയറിയും ഇറങ്ങിയും ഗോളടിക്കാന്‍ സഹ താരങ്ങള്‍ക്ക് അവസരമൊരുക്കിയും മെസി കളി മെനഞ്ഞു. മൈതാന മധ്യത്തില്‍ നിന്നു കളിയെ നിയന്ത്രിച്ചു. തഞ്ചം കിട്ടിയപ്പോഴെല്ലാം ഗോളടിക്കാനായി അതിവേഗം ബോക്‌സിലേക്ക് ഓടിക്കയറി. കിട്ടിയ രണ്ട് അവസരങ്ങള്‍ സമര്‍ഥമായി തന്നെ ഉപയോഗപ്പെടത്തുകയും ചെയ്തു. മാന്‍ മാര്‍ക്കിങ് തന്ത്രം റാഗ്നിക്ക് മെസിയില്‍ പ്രയോഗിക്കാന്‍ നിന്നില്ല. അതിലൊന്നും ഒതുക്കാന്‍ അയാളെ കിട്ടില്ലെന്ന് റാഗ്നിക്കിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.

Lionel Messi

ലോകകപ്പ് ചരിത്രത്തിന്റെ നെറുകയില്‍ 18 ഗോളുകളെന്ന റെക്കോര്‍ഡുമായി അദ്ദേഹം നില്‍ക്കുന്നുണ്ട്. എന്നെങ്കിലും ആരെങ്കിലും അത് തകര്‍ത്തേക്കാം. ഒരുപക്ഷേ അദ്ദേഹത്തിന് തൊട്ടുപിന്നാലെ അതിവേഗം വരുന്ന ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ ഈ ലോകകപ്പില്‍ തന്നെ ഈ റെക്കോര്‍ഡ് തകര്‍ത്തേക്കാം. ആളുകള്‍ക്ക് ഓര്‍ക്കാന്‍ തന്റെ റെക്കോര്‍ഡല്ല വേണ്ടത് എന്ന് മെസി കളിച്ച് കളിച്ച് നമ്മെ ഓര്‍മപ്പെടുത്തുകയാണ്.

മെസി കളിക്കുന്നത് കാണുക എന്നതു തന്നെയാണ് അതിന്റെ മനോഹാരിത. റെക്കോര്‍ഡുകള്‍ അല്ല അതിന്റെ മാനദണ്ഡം. മൈതാനത്ത് അലസമായി നടക്കുന്ന മെസി. പൊടുന്നനെ പന്തിനു പിന്നാലെ പാഞ്ഞ് വെട്ടിച്ച് വെട്ടിച്ച് അതിവേഗം മുന്നേറുന്ന മെസി. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ഒരു പാസിങ് വഴി കണ്ടെത്തുന്ന മെസി. ഒരിക്കലും അക്രമാസക്തമാകാത്ത നീക്കങ്ങളും ഇടതുകാല്‍ കൊണ്ടുള്ള ചില അസാധ്യ ഷോട്ടുകളുടെ മാന്ത്രിക നിമിഷങ്ങളും സമ്മാനിക്കുന്ന മെസി. റഫറിയെ മറയാക്കി ഗോളടിക്കാന്‍ നോക്കുന്ന ഗോളടിപ്പിക്കാന്‍ ശ്രമിക്കുന്ന തന്ത്രജ്ഞനായ മെസി.

ആധുനിക ഫുട്‌ബോള്‍ കൂടുതല്‍ വേഗത, കൂടുതല്‍ മികച്ച ഫലങ്ങള്‍ തുടങ്ങി വേഗത്തിന്റെ ചുറ്റിലുമാണ്. എന്നാല്‍ ഈ മനുഷ്യന്‍, കളി മുഴുവന്‍ തന്റെ സ്വന്തം താളത്തിലേക്ക് സാവധാനത്തിലാക്കുന്നു. അത് മാത്രമാണ് ഫുട്‌ബോള്‍ കളിക്കാനുള്ള ഒരേയൊരു യുക്തിസഹമായ മാര്‍ഗമെന്ന് നിരന്തരം നമ്മെ തോന്നിപ്പിക്കുന്നു. അതില്‍ ആനന്ദം കണ്ടെത്താന്‍ അദ്ദേഹം നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു.

സത്യത്തില്‍ മെസിയുടെ കളി കാണുന്നത് ഒരു ധ്യാനം പോലെയാണ്. ചുറ്റുമുള്ള ബഹളങ്ങള്‍ ഇല്ലാതാകുന്നു. അടുത്ത ടച്ച് മാത്രമായിരിക്കും പ്രപഞ്ചത്തില്‍ അവശേഷിക്കുന്ന ഒരേയൊരു കാര്യം എന്നൊരു മായികതയിലേക്ക് നാം എടുത്തെറിയപ്പെടുന്ന അവസ്ഥ. അപ്പോള്‍ എങ്ങിനെയാണ് നാം മെസിയെ പ്രണയിക്കാതിരിക്കുന്നത്.

Lionel Messi now the Record Goal Scorer in FIFA World Cup, Argentina into knockout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ

ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു; നടപടി രാജ്യസഭാ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല, മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍