കിലിയന്‍ എംബാപ്പെ 
Fifa World Cup 2026

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് എംബാപ്പെ; ലോകകപ്പ് ചരിത്രത്തില്‍ ഇനി ഈ ഫ്രഞ്ച് വിപ്ലവം

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 20 ഗോളുകള്‍ തികയ്ക്കുന്ന താരം എന്ന നേട്ടം ഇനി എംബാപ്പെയ്ക്ക് സ്വന്തം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബോസ്റ്റണ്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് തന്റെ പേര് ഒന്നുകൂടി ആഴത്തില്‍ കൂട്ടിച്ചേര്‍ത്ത് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ ഗോളോടെ, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 20 ഗോളുകള്‍ തികയ്ക്കുന്ന താരം എന്ന നേട്ടം ഇനി എംബാപ്പെയ്ക്ക് സ്വന്തം. വെറും 20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് താരം ഈ അപൂര്‍വ്വ നേട്ടത്തിലേക്ക് കുതിച്ചെത്തിയത്.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും, 60-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി എംബാപ്പെ ഉതിര്‍ത്ത മനോഹരമായ കേളിങ് ഷോട്ട് ഫ്രാന്‍സിനെ വിജയത്തിലേക്കും താരത്തെ റെക്കോര്‍ഡിലേക്കും നയിക്കുകയായിരുന്നു. 27-ാം വയസ്സില്‍ തന്റെ 20-ാം ലോകകപ്പ് മത്സരം കളിക്കാനിറങ്ങിയ എംബാപ്പെ ഒരേസമയം രണ്ട് റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. ലോകകപ്പില്‍ 20 മത്സരങ്ങള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിനൊപ്പം, 30 വയസ്സ് തികയുന്നതിന് മുന്‍പ് ലോകകപ്പില്‍ 20 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി മാറാനും എംബാപ്പെയ്ക്ക് കഴിഞ്ഞു.

പെലെ, ഗെര്‍ഡ് മുള്ളര്‍, റൊണാള്‍ഡോ, മിറോസ്ലാവ് ക്ലോസെ തുടങ്ങിയ ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് വേഗതയെയാണ് ഫ്രഞ്ച് സൂപ്പര്‍ താരം മറികടന്നത്. ഫ്രാന്‍സിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ 100 ഗോളുകളില്‍ നേരിട്ട് പങ്കാളിയാകുന്ന (64 ഗോളുകള്‍, 36 അസിസ്റ്റുകള്‍) ആദ്യ താരം എന്ന ഖ്യാതിയും എംബാപ്പെ സ്വന്തമാക്കി.

നിലവില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സജീവ കളിക്കാരനായ ലയണല്‍ മെസിയുടെ (21 ഗോളുകള്‍) തൊട്ടരികിലാണ് എംബാപ്പെ ഇപ്പോള്‍. ഒരു ഗോള്‍ കൂടി നേടിയാല്‍ താരത്തിന് മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്താം. ഈ ലോകകപ്പില്‍ മാത്രം 8 ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപ്പെ, ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

2018-ല്‍ റഷ്യയില്‍ 4 ഗോളുകള്‍, 2022-ല്‍ ഖത്തറില്‍ 8 ഗോളുകള്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടൂര്‍ണമെന്റില്‍ 8 ഗോളുകള്‍ എന്നിങ്ങനെയാണ് എംബാപ്പെയുടെ ലോകകപ്പ് കരിയറിലെ ഗോള്‍ വേട്ട. ഫ്രാന്‍സിനെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഇനി ലക്ഷ്യമിടുന്നത് മെസിയുടെ സര്‍വ്വകാല റെക്കോര്‍ഡും ഒപ്പം മൂന്നാം ലോകകിരീടവുമാണ്.

FIFA World Cup 2026: Mbappe makes history, becomes fastest player to reach 20 WC goals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ, വീണ്ടും തിളങ്ങി എംബാപ്പെയും ഡെംബെലെയും

ശ്രേയസിന്റെ പോരാട്ടം പാഴായി, തിരിച്ചടിച്ച് ബ്രൂക്കും സാള്‍ട്ടും; പരമ്പര കൈവിട്ട് ടീം ഇന്ത്യ, ഇംഗ്ലണ്ടിന് ചരിത്ര നേട്ടം

കള്ളാടിയിൽ ഇന്നും തിരച്ചിൽ തുടരും, കാണാമറയത്ത് രണ്ടുപേർ കൂടി; കൊങ്കൺ വിദ​​ഗ്ധ സംഘം ഇന്ന് വയനാട്ടിലെത്തും

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത

'താണിക്കുടത്ത് ആറാട്ടാവാറായി!'; മഴ കനക്കുമ്പോൾ തൃശൂർക്കാരുടെ നാവിൻതുമ്പിലെത്തുന്ന ആ കൊച്ചുപുഴയുടെ കഥ