

വ്യാഴാഴ്ച ബോസ്റ്റണിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, അത് ലോകകപ്പ് ടൂർണമെന്റുകളിലെ സവിശേഷമായ ഒരു നാടകീയ അധ്യായത്തിന്റെ തുടർച്ചയായിരിക്കും. ചരിത്രവും പ്രതീകാത്മകതയും നേരിയ കണക്കുതീർക്കലുകളും ഒക്കെ നിറഞ്ഞ ഒരു പോസ്റ്റ് കൊളോണിയൽ പോരാട്ടം.
ഇരു രാജ്യങ്ങളും കൊളോണിയൽ ഭരണത്താൽ പരസ്പരം നെയ്തെടുക്കപ്പെട്ടവയാണ്. 1912 മുതൽ 1956 വരെ മൊറോക്കോ ഫ്രാൻസിന്റെ സംരക്ഷിത പ്രദേശമായിരുന്നു. തുടർന്ന് 1960കളിലും 1970കളിലും മെഡിറ്ററേനിയൻ കടൽ കടന്ന് വലിയ തോതിലുള്ള കുടിയേറ്റങ്ങൾ ഉണ്ടായി. മൊറോക്കൻ വംശജരായ ഏകദേശം 15 ലക്ഷത്തോളം ആളുകൾ (അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്) ഇപ്പോൾ ഫ്രാൻസിൽ ജീവിക്കുന്നുണ്ട്. അവരിൽ പലരും വലിയ വിജയങ്ങൾ കൈവരിച്ചപ്പോൾ. അവരിൽ ചിലരെങ്കിലും 'ഫ്രഞ്ച് സ്വത്വ' ചോദ്യം ചെയ്യലുകൾക്കിടയിൽ തങ്ങളുടെ വ്യക്തിത്വം കണ്ടെത്താൻ ഇപ്പോഴും പാടുപെടുന്നു. ഇതെല്ലാം ഈ ഫുട്ബോൾ മത്സരത്തിന് ലോകത്തിലെ മറ്റേതൊരു കളിയേക്കാളും കടുത്ത പോരാട്ടവീര്യം പകരുന്നു.
തുടർച്ചയായി 34 മത്സരങ്ങളിൽ പരാജയം അറിയാതെ മുന്നേറുന്ന മൊറോക്കൻ ടീം, 2022 ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനോടേറ്റ 2-0 ന്റെ പരാജയത്തിന് പ്രതികാരം വീട്ടാൻ കടുത്ത വാശിയിൽ തന്നെ നിൽക്കുന്നു. അതേസമയം ഫ്രാൻസാണ് ഇത്തവണയും കിരീട സാധ്യതയിൽ മുന്നിലുള്ളത്. 2022ലെ ആ മത്സരത്തിന് ശേഷം പാരിസിൽ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ വൻതോതിലുള്ള അറസ്റ്റുകളിലേക്ക് നയിച്ചിരുന്നു. അതിനാൽ വ്യാഴാഴ്ച ആര് ജയിച്ചാലും ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങൾ നേരിടാൻ അധികാരികൾ സന്നാഹങ്ങൾ ഒരുക്കുകയാണ്. തലസ്ഥാനത്തെ സുരക്ഷ ശക്തമാക്കുമെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് വ്യക്തമാക്കിയിട്ടുണ്ട്.
'അറ്റ്ലസ് ലയൺസ്' എന്ന് വിളിക്കപ്പെടുന്ന മൊറോക്കോയും 'ലെ ബ്ലൂസ്' എന്ന ഫ്രാൻസും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചുള്ള ആവേശം ആകാശത്തോളമാണ്. പാരിസിലുടനീളം കാറുകളിലും കെട്ടിടങ്ങളുടെ ജനാലകളിലും എല്ലാം മൊറോക്കൻ, ഫ്രഞ്ച് പതാകകൾ ഒരുപോലെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഒത്തുകൂടുന്ന ജനക്കൂട്ടത്തെ ഉൾക്കൊള്ളുന്നതിനായി വ്യാഴാഴ്ച മുതൽ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും പുലർച്ചെ 2 മണി വരെ ഔട്ട്ഡോർ ടെറസുകൾ തുറന്നു പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകിയിട്ടുമുണ്ട്.
ഇരട്ട മാതൃരാജ്യങ്ങളുടെ അഭിമാനം
തങ്ങളുടെ രണ്ട് മാതൃരാജ്യങ്ങളുടെയും വിജയത്തിൽ ചില ഫ്രഞ്ച് മൊറോക്കന്റുകാർക്ക് ഇരട്ട അഭിമാനബോധം ഉണ്ടെന്ന് സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് സലാമാങ്കയിലെ ഫ്രഞ്ച്- മൊറോക്കൻ പ്രൊഫസറായ യാസിൻ എൽ യാറ്റിയൂയി പറയുന്നു.
'ഞങ്ങളുടെ മാതൃരാജ്യമായ ഫ്രാൻസിലേക്ക് നോക്കൂ. ഫ്രാൻസ് ഒരു മികച്ച ഫുട്ബോൾ രാജ്യമാണ്. നിരന്തരം കിരീടങ്ങൾ നേടുകയും വലിയ ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന രാജ്യം. അതേസമയം മറുഭാഗത്ത് മൊറോക്കോ എന്ന അണ്ടർഡോഗ് ഇന്ന് ഒരു വൻശക്തിയായി മാറിയിരിക്കുന്നു. ഫ്രാങ്കോ- മൊറോക്കൻ ആളുകൾ സ്വയം ഇങ്ങനെയാണ് ഇപ്പോൾ ചിന്തിക്കുന്നത്.'
സ്പോർട്സ് ചരിത്രകാരന്മാരുടെയും വിശകലന വിദഗ്ധരുടെയും അഭിപ്രായത്തിൽ, ഫ്രഞ്ച്, മൊറോക്കൻ ടീമുകൾ തമ്മിലുള്ള സമാനതകളാണ് ഈ മത്സരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മൊറോക്കോ ടീമിലെ ആറ് കളിക്കാർ ഫ്രാൻസിൽ ജനിച്ചവരാണ്. കളിക്കാർ തങ്ങൾ ജനിക്കാത്ത രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്നത് ഈ കാലഘട്ടത്തിൽ അസാധാരണമല്ല. എന്നാൽ ഇത് ഫ്രാൻസും അതിന്റെ മുൻ സംരക്ഷിത പ്രദേശവും തമ്മിലുള്ള ബന്ധങ്ങളുടെ ആഴവും സങ്കീർണതയും വ്യക്തമാക്കുന്നു.
'ഒരു തരത്തിൽ ഈ മത്സരം ഫ്രാൻസ് വേഴ്സസ് ഫ്രാൻസ് തന്നെയാണ്. മൊറോക്കൻ ടീം അംഗങ്ങളിൽ പലരും വളർന്നത് ഫ്രാൻസിലാണ്. പ്രത്യേകിച്ച് പാരിസിന്റെ പ്രാന്തപ്രദേശങ്ങളിൽ'- യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ ചരിത്ര പ്രൊഫസറും 'സോക്കർ എംപയർ: ദി വേൾഡ് കപ്പ് ആൻഡ് ദി ഫ്യൂച്ചർ ഓഫ് ഫ്രാൻസ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ലോറന്റ് ഡുബോയിസ് പറഞ്ഞു.
മൊറോക്കോയുടെ സ്ക്വാഡിൽ സ്പെയിനിൽ നിന്നുള്ള ആറ് കളിക്കാരും, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം കളിക്കാരും, കാനഡയിൽ നിന്ന് ഒരാളും ഉൾപ്പെടുന്നു. സ്ക്വാഡിലെ ആകെ ആറ് പേർ മാത്രമാണ് മൊറോക്കോയിൽ ജനിച്ചത്. യൂറോപ്യൻ രാജ്യങ്ങൾക്ക് പകരം മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ തിരഞ്ഞെടുക്കുന്ന ഇരട്ട പൗരത്വമുള്ള കളിക്കാരെ സംബന്ധിച്ചിടത്തോളം, ആ തീരുമാനം വൈകാരികമായതിനേക്കാൾ കൂടുതൽ പ്രായോഗികമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ ടീമിൽ ഇടം നേടാനും കൂടുതൽ സമയം കളിക്കാനും അത് എളുപ്പമാക്കിയേക്കാം.
'ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ തന്ത്രപരമായ തിരഞ്ഞെടുപ്പുകൾ നടത്തി എന്നതാണ്. എങ്കിലും കഴിഞ്ഞ 10 വർഷത്തിനിടയിൽ മൊറോക്കോ യൂറോപ്പുമായുള്ള വ്യത്യാസം കുറച്ചുകൊണ്ട് വളരെ മികച്ചൊരു ദേശീയ ടീമായി മാറിയിട്ടുണ്ട്'- ഫ്രഞ്ച് ഫുട്ബോൾ താരം സിനദിൻ സിദാനെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ച സോഷ്യോളജിസ്റ്റ് സ്റ്റെഫാൻ ബീഡ് പറയുന്നു.
വംശീയ അധിക്ഷേപങ്ങളും മാറിയ രാഷ്ട്രീയ ഭൂമികയും
ഫ്രഞ്ച് ടീമും ഫ്രാൻസും ആഫ്രിക്കയും തമ്മിലുള്ള ബന്ധങ്ങളുടെ വലക്കണ്ണികളെ പ്രതിഫലിപ്പിക്കുന്നുണ്ട്. നായകൻ കിലിയൻ എംബാപ്പെ ഉൾപ്പെടെ മൂന്ന് കളിക്കാർ വിദേശത്ത് ജനിച്ചവരാണ്. അതിൽ അവരുടെ സ്റ്റാർ വിങർ മൈക്കൽ ഒലീസെ ബ്രിട്ടനിൽ ജനിച്ചയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അൾജീരിയ, ഫ്രാൻസ്, നൈജീരിയ എന്നിവിടങ്ങളിലാണ് വേരുകൾ. മറ്റ് പലരും അൾജീരിയ, കാമറൂൺ, മാലി, സെനഗൽ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വേരുകളുള്ള ഫ്രഞ്ച് കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എങ്കിലും നിലവിലെ കളിക്കാരിൽ ആരും മൊറോക്കൻ വംശജരായി സ്വയം അടയാളപ്പെടുത്തുന്നില്ല.
ഫ്രഞ്ച് ടീമിന്റെ ഈ വൈവിധ്യമാർന്ന പശ്ചാത്തലം ഒരുകാലത്ത് തീവ്ര വലതു പക്ഷത്തിന്റെ വംശീയ പരിഹാസങ്ങൾക്ക് കാരണമായിരുന്നു. 1996-ൽ, തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്രണ്ടിന്റെ സ്ഥാപകൻ ജീൻ മാരി ലെ പെൻ ടീമിന്റെ ഫ്രഞ്ച് സ്വത്വത്തെ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്ന് കളിക്കാരെ കൊണ്ടുവന്ന് അവരെ ഫ്രഞ്ച് ദേശീയ ടീം എന്ന് വിളിക്കുന്നത് കൃത്രിമമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ആ ടീമിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഫ്രാൻസിൽ ജനിച്ചവരായിരുന്നു.
എങ്കിലും ഈ ടൂർണമെന്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസം ഫ്രാൻസ് മറ്റ് ലോകകപ്പ് ടീമുകൾക്ക് നൽകിയ കളിക്കാരുടെ എണ്ണമാണ്. സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് പ്രകാരം ആകെ 99 കളിക്കാരുണ്ട് ഫ്രാൻസിൽ ജനിച്ച് ഈ ലോകകപ്പ് കളിക്കുന്ന താരങ്ങൾ. അവരിൽ ഭൂരിഭാഗവും പാരിസിൽ ജനിച്ചവരാണ്. ഇത് പാരിസിനെ ഈ കായിക വിനോദത്തിന്റെ തർക്കമില്ലാത്ത പരിശീലന കേന്ദ്രമാക്കി മാറ്റുന്നു.
ഫ്രഞ്ച് ഫുട്ബോളിന്റെ വമ്പിച്ച മുന്നേങ്ങളാണ് കഴിഞ്ഞ 28 വർഷത്തിനിടയിൽ കാണുന്നത്. ലെ ബ്ലൂസ് രണ്ട് ലോകകപ്പ് കിരീടങ്ങൾ അതിനിടെ നേടി. ഒരു തവണ ഫൈനലിലും എത്തി.
പക
മൈതാനത്തെ വിജയങ്ങൾ പക്ഷേ ഫ്രഞ്ച് ടീമിനെ വംശീയ അധിക്ഷേപങ്ങളിൽ നിന്ന് പൂർണമായും സംരക്ഷിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഫ്രാൻസ് പരാഗ്വെയെ കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തിയതിന് ശേഷം, പരാഗ്വെ സെനറ്റ് അംഗം സെലസ്റ്റെ അമറില്ല എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയിരുന്നു. എംബാപ്പെയെ 'ഫ്രഞ്ചുകാരനായി നടിക്കാൻ കഠിനമായി ശ്രമിക്കുന്ന കൊളോണിയൽ കാമറൂണിയൻ' എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഇതിന് മറുപടിയായി എംബാപ്പെ, അമറില്ല ഒരു നാണംകെട്ട സ്ത്രീയെന്നും പദവിക്ക് അവർ അർഹയല്ല എന്നും പ്രതികരിച്ചു. നിങ്ങൾ പരാഗ്വെയെ പോലെയൊരു ടീമിനെ പ്രതിനിധീകരിക്കുന്നില്ല. ഈ ടൂർണമെന്റിലുടനീളം അഭിമാനവും ആവേശവും വിയർപ്പൊഴുക്കി വിജയങ്ങളും സ്വന്തമാക്കിയാണ് അവർ മടങ്ങുന്നത് എന്നായിരുന്നു എംബാപ്പെയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates