മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാം ജയം സ്വന്തമാക്കി റൗണ്ട് ഓഫ് 32ല്‍ സീറ്റുറപ്പാക്കുന്ന ആദ്യ ടീമായി ആതിഥേയരായ മെക്‌സിക്കോ. രണ്ടാം പോരാട്ടത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് മെക്‌സിക്കോ ജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവര്‍ വിജയിച്ചത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റിനു തുടക്കമിട്ടത്.
ജയിക്കുന്നവര്‍ക്ക് നോക്കൗട്ടിലേക്ക് മുന്നേറാമെന്ന സ്ഥിതിയായിരുന്നു. ഇരു ടീമുകളും അതീവ ശ്രദ്ധയോടെയാണ് പോരാട്ടം തുടങ്ങിയത്. ആക്രമണ പ്രത്യാക്രമണങ്ങല്‍ തുല്ല്യ നിലയിലായിരുന്നു. പന്ത് കൂടുതല്‍ കൈവശം വച്ചത് ദക്ഷിണ കൊറിയായിരുന്നു. 57 ശതമാനം. 43 ശതമാനം പൊസഷന്‍ മെക്‌സിക്കോയ്ക്കുമുണ്ടായിരുന്നു. 8 വീതം തവണയാണ് ഇരു ടീമുകളും ആക്രമിച്ച് മുന്നേറിയത്. ഓണ്‍ ടാര്‍ജറ്റിലേക്ക് മെക്‌സിക്കോ 4 ഷോട്ടുതിര്‍ത്തു. അതിലൊന്ന് അവര്‍ ഗോളാക്കി മാറ്റി. കൊറിയ 3 തവണയാണ് ലക്ഷ്യത്തിനടുത്തെത്തിയത്. പക്ഷേ നിര്‍ഭാഗ്യത്തിനു ഗോള്‍ വീണില്ല.
പതിയെയാണ് ഇരു ടീമുകളും ആക്രമണം തുടങ്ങിയത്. കൊറിയന്‍ പെനാല്‍റ്റി ബോക്‌സിലേക്ക് തുടക്കത്തില്‍ മെക്‌സിക്കോ നിരന്തരം ആക്രമണം നടത്തി. കൊറിയ കിട്ടിയ അവസരത്തില്‍ സന്‍ ഹ്യുങ് മിന്നിന്റെ നേതൃത്വത്തില്‍ മെക്‌സിക്കന്‍ നിരയ്ക്ക് തലവേദനയുണ്ടാക്കി. മെക്‌സിക്കോയുടെ പല ഗോള്‍ ശ്രമങ്ങളും കൊറിയന്‍ ഗോള്‍ കീപ്പര്‍ കിം സ്യുങ് ഗ്യുവിന്റെ സേവുകളില്‍ തട്ടി നിന്നു.
ഇരു പക്ഷവും ആദ്യ പകുതിയില്‍ ആക്രമണ മൂഡിലായിരുന്നെങ്കിലും ഗോളുകളൊന്നും വന്നില്ല. ലോകകപ്പില്‍ തുടരെ 12 മത്സരങ്ങളായി മെക്‌സിക്കോ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ പൂര്‍ത്തിയാക്കുന്നത്. 2010ല്‍ അര്‍ജന്റീനയാണ് അവസാനമായി മെക്‌സിക്കോക്കെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലും ഇരു പക്ഷവും ആക്രമണം തുടര്‍ന്നു. മെക്‌സിക്കോ മൂര്‍ച്ച കൂട്ടിയതോടെ അവര്‍ അതിന്റെ ഫലവും രുചിച്ചു. 50ാം മിനിറ്റില്‍ ലൂയീസ് റോമോ മെക്‌സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. കൊറിയന്‍ ഗോള്‍ കീപ്പര്‍ കിം സ്യുങ് ഗ്യുവിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്.
മെക്‌സിക്കന്‍ താരം യൂലിയന്‍ ക്വിനോനെസിന്റെ ക്രോസില്‍ നിന്നു റൗള്‍ ഹിമനെസ് ഹെഡ്ഡറിലൂടെ ഗോള്‍ നേടാന്‍ ശ്രമം നടത്തി. താരത്തിന്റെ ഹെഡ്ഡര്‍ കൊറിയന്‍ ഗോളി കിം തടുത്തെങ്കിലും സഹ താരവുമായി കൂട്ടിയിടിച്ച് കിം ബോക്‌സില്‍ വീണപ്പോള്‍ കൈയില്‍ നിന്നു പന്തു വഴുതിപ്പോയി. റീബൗണ്ടില്‍ പന്ത് റോമോ വലയിലേക്കിട്ടു.
ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ഇരു വിങ് ബാക്കുകളെ മാറ്റി സമനില ഗോള്‍ നേടാനായി കൊറിയ ശ്രമം തുടങ്ങി. മെക്‌സിക്കോ വലത് വിങ്ങിലൂടെ കൊറിയന്‍ ഗോള്‍ മുഖം ആക്രമിക്കാനാണ് നോക്കിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഇരു പക്ഷവും കടുത്ത ആക്രമണം പുറത്തെടുത്തു. മെക്‌സിക്കോ ഗോളെന്നുറച്ച മൂന്ന് അവസരങ്ങള്‍ കൊറിയന്‍ ഗോള്‍ കീപ്പര്‍ നിഷ്പ്രഭമാക്കി. മറുഭാഗത്ത് കൊറിയ ഏത് നിമിഷവും സമനില ഗോള്‍ നേടുമെന്ന സ്ഥിതി. അവസാന ഘട്ടത്തില്‍ അവര്‍ ഗോളിനടുത്തു വരെ എത്തുകയും ചെയ്തു. മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ റൗള്‍ റാങ്കലിന്റെ അതിവേഗ നീക്കം കൊറിയക്ക് ഗോള്‍ നിഷേധിച്ചു.
നോക്കൗട്ട് ഉറപ്പിച്ച മെക്‌സിക്കോ അടുത്ത പോരാട്ടത്തില്‍ ഈ മാസം 25ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ആദ്യ കളി ജയിച്ച കൊറിയ രണ്ട് മത്സരങ്ങളില്‍ നിന്നു 3 പോയിന്റുമായി അവസാന പോരില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates