

വാന്‍കൂവര്‍: സംഭവ ബഹുലമായ പോരാട്ടത്തില്‍ ഖത്തറിനു മേല്‍ ഗോള്‍ മഴ വര്‍ഷിച്ച് കാനഡ. ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മോശം പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് കാനഡ ഖത്തറിനെ തകര്‍ത്തെറിഞ്ഞു. അപകടകരമായ ടാക്കിളുകളും ഫൗളുകളും കണ്ട പോരാട്ടത്തില്‍ ഖത്തറിന്റെ രണ്ട് താരങ്ങള്‍ രണ്ട് പകുതികളിലായി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകുന്നതിനും സ്‌റ്റേഡിയം സാക്ഷികളായി. ലോകകപ്പില്‍ കാനഡ നേടുന്ന ആദ്യ ജയം കൂടിയാണിത്.
ജൊനാഥന്‍ ഡേവിഡ് ഹാട്രിക്ക് ഗോളുകളുമായി കളം വാണപ്പോള്‍ കൈല്‍ ലാറിന്‍, നതാന്‍ സാലിബ എന്നിവരും കാനഡയ്ക്കായി വല ചലിപ്പിച്ചു. ഖത്തര്‍ താരം മുഹമ്മദ് മനാനിയുടെ സെല്‍ഫ് ഗോളും വന്നതോടെ കാനഡയുടെ അക്കൗണ്ടില്‍ ഗോളെണ്ണം ആറായി.
33ാം മിനിറ്റില്‍ ഹൊമാം അഹമ്മദും 53ാം മിനിറ്റില്‍ അസിം മാഡിബോയുമാണ് ഖത്തര്‍ നിരയില്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. കാനഡയുടെ കടുത്ത ആക്രമണം തടയാന്‍ കാടന്‍ ഫൗളുകളാണ് ഖത്തര്‍ താരങ്ങള്‍ പുറത്തെടുത്തത്. അപകടകരമായ ഫൗളില്‍ കാനഡയുടെ ഇസ്മയില്‍ കോനെയ്ക്ക് ഗുരുതര പരിക്കേറ്റു. താരത്തിന്റെ കാല്‍ ഒടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
കളിയുടെ 16ാം മിനിറ്റില്‍ കൈല്‍ ലാറിനാണ് ഗോള്‍ വേട്ട തുടങ്ങിയത്. ജൊനാതന്‍ ഡേവിഡിന്റെ ഹാട്രിക്ക് 29ാം മിനിറ്റ്, ആദ്യ പകുതിയുടെ ഇഞ്ച്വറി സമയം, രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയങ്ങളിലാണ് വന്നത്. സാലിബയുടെ ഗോള്‍ 64ാം മിനിറ്റിലും പിറന്നു. മനാനിയുടെ സെല്‍ഫ് ഗോള്‍ 75ാം മിനിറ്റിലായിരുന്നു.
തുടക്കം മുതല്‍ വന്‍ ആക്രമണമാണ് കാനഡ നടത്തിയത്. 31 തവണയാണ് അവര്‍ ഖത്തര്‍ ബോക്‌സിലേക്ക് ആക്രമണം അഴിച്ചു വിട്ടത്. അതില്‍ 10 എണ്ണം ലക്ഷ്യത്തിലേക്ക് തൊടുത്തു. ആറ് ഗോളുകളും വന്നു. മറുഭാഗത്ത് കേവലം രണ്ട് തവണ മാത്രമാണ് ഖത്തര്‍ കനേഡിയന്‍ നിരയിലേക്ക് ആക്രമണം നടത്തിയത്. ടാര്‍ജറ്റിലേക്ക് ഒരെണ്ണം പോലും വന്നില്ല.
78 ശതമാനം സമയവും പന്ത് കനേഡിയന്‍ താരങ്ങളുടെ കാലില്‍ തന്നെയായിരുന്നു. ഖത്തറിന്റെ ബോള്‍ പൊസഷന്‍ വെരും 22 ശതമാനം മാത്രം. 565 പാസുകള്‍ കാനഡ കൈമാറിയെങ്കില്‍ ഖത്തര്‍ താരങ്ങള്‍ വെറും 137 പാസുകള്‍ മാത്രമാണ് കളിയില്‍ നല്‍കിയത്. കളിയുടെ സ്റ്റാറ്റ്‌സ് നോക്കിയാല്‍ തന്നെ കാനഡയുടെ സര്‍വാധിപത്യം വ്യക്തം. കടുത്ത പ്രതിരോധം തീര്‍ക്കുകയല്ലാതെ ഖത്തറിനു മറ്റൊന്നും ചെയ്യാന്‍ സാധിച്ചില്ല. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കാനഡ ഒന്നാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates