ശനിയാഴ്ച തുർക്കി- പരാഗ്വെ പോരാട്ടത്തിനിടെ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ നേടി മത്യാസ് ഗലാർസ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മത്സരം തുടങ്ങി 65ാം സെക്കൻഡിൽ ഗോൾ നേടിയാണ് താരം നേട്ടം സ്വന്തമാക്കിയത്.
65ാം സെക്കൻഡിൽ മിഡ്ഫീൽഡർ നേടിയ മനോഹരമായ ലോങ് റേഞ്ച് ഗോൾ ഒടുവിൽ അദ്ദേഹത്തിന്റെ ടീമിന്റെ വിജയത്തിനു കാരണമായി മാറുകയും കരുത്തരായ തുർക്കിയെ നോക്കൗട്ടിലെത്താൻ സമ്മതിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കിയ ഗോളായും മാറി. എന്നാൽ, മത്സരത്തിനിടയിൽ താരം വിചിത്രമായ ഒരു വിവാദത്തിലും ചെന്നുപെട്ടു.
കളിക്കിടെ ഉണ്ടായ താരങ്ങൾ തമ്മിലുള്ള കൈയാങ്കളിക്കിടെയാണ് സംഭവം. തിരക്കിനിടയിൽ കളിക്കാരെ പരസ്പരം മാറ്റാൻ ശ്രമിക്കുന്നതിനിടെ ഓൺ പിച്ച് റഫറിയായ ഇവാൻ ബാർട്ടന്റെ കൈയിലെ വാച്ചുകളിലൊന്ന് താഴെപ്പോയിരുന്നു. കൈയാങ്കളിയും താരങ്ങളെ പിടിച്ചു മാറ്റലും നടക്കുന്നതിന്റെ അരികിൽ തന്നെയാണ് വാച്ച് വീണുകിടന്നത്. മത്യാസ് ഗലാസ കൈയാങ്കളിക്കൂട്ടത്തിലേക്ക് പോകാതെ തൊട്ടപ്പുറത്ത് കിടന്ന വാച്ചെടുത്ത് തന്റെ കൈയിൽ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്.
പിച്ചിൽ കിടന്ന ആ വാച്ച് ഗലാർസ ഉടൻ തന്നെ റഫറിക്ക് തിരികെ നൽകുന്നതിന് പകരം അത് എടുത്ത് സ്വന്തം കൈയിൽ കെട്ടുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം അത് തിരികെ നൽകിയെങ്കിലും, സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. താരത്തിനു കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടിയും വന്നു.
മത്സരത്തിന്റെ 45ാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ. പിന്നാലെ ഗ്രൗണ്ടിൽ വീണുപോയ റഫറിയുടെ വാച്ച് പരാഗ്വെ താരം മത്യാസ് ഗലാർസ മോഷ്ടിച്ചു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ താരം പിന്നീട് വാച്ച് തിരിച്ചു നൽകിയെന്നതാണ് സത്യം.
മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയിട്ടും ലോകകപ്പിൽ പരാഗ്വെ തുർക്കിയെ 1-0 ന് പരാജയപ്പെടുത്തി നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി നിർത്തി. തോൽവിയോടെ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന ഹെയ്തിക്ക് ശേഷമുള്ള രണ്ടാമത്തെ ടീമായി തുർക്കി മാറി.
കളിക്കളത്തിലെ തർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് മിഗ്വേൽ അൽമിറോണിന് ചുവപ്പ് കാർഡ് ലഭിച്ചതും ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇത്തരമൊരു കാരണത്താൽ ഒരു കളിക്കാരൻ പുറത്താകുന്നതും ആദ്യമായിരുന്നു. തുർക്കി താരം മെർട്ട് മുൽദൂറിന് നേരെ വായ പൊത്തി കമന്റ് പറഞ്ഞതിനാണ് മുൻ ന്യൂകാസിൽ ഫോർവേഡ് ആയ അൽമിറോണിന് ആദ്യ പകുതിയുടെ അധിക സമയത്ത് റഫറി ചുവപ്പ് കാർഡ് നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates