വാഷിങ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ദേശീയ ടീമിന് മേലുള്ള യാത്രാ നിയന്ത്രണങ്ങളില്‍ യുഎസ് ഇളവ് പ്രഖ്യാപിച്ചു. അടുത്ത ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി മത്സരത്തിന് രണ്ട് ദിവസം മുമ്പ് യുഎസിലേക്ക് പ്രവേശിക്കാന്‍ ടീമിന് അനുമതി നല്‍കിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മുന്‍പ് ഇറാന്‍ ടീമിന് മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നത്. മത്സരശേഷം ഉടന്‍ രാജ്യം വിടുകയും വേണമായിരുന്നു. ഈ നിയന്ത്രണങ്ങള്‍ ടീമിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉയര്‍ത്തിയിരുന്നു. ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു.
26ന് സിയാറ്റിലില്‍ നടക്കുന്ന ഗ്രൂപ്പ് ജി മത്സരത്തിനായാണ് പുതിയ ഇളവ് ലഭിച്ചത്. എന്നാല്‍ മത്സരം അവസാനിക്കുന്ന ദിവസം തന്നെ ടീം അമേരിക്ക വിടണമെന്ന നിബന്ധന തുടരുമെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോകോളുകളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ലോകകപ്പിനിടെ ഇറാന്‍ ടീമിന്റെ ക്യാമ്പ് ആദ്യം അമേരിക്കയിലെ അരിസോണയിലായിരുന്നെങ്കിലും യാത്രാസംബന്ധമായ നിയന്ത്രണങ്ങള്‍ കാരണം പിന്നീട് അത് മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് ഓരോ മത്സരത്തിനും ടീം അമേരിക്കയിലേക്ക് യാത്ര ചെയ്തിരുന്നത്.
മത്സരങ്ങള്‍ക്ക് മുന്നോടിയായി കുറഞ്ഞ സമയം മാത്രമാണ് കളിക്കാര്‍ക്ക് ആതിഥേയ നഗരങ്ങളില്‍ ലഭിച്ചിരുന്നതെന്ന് പരിശീലകന്‍ അമീര്‍ ഘലേനോയി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യം കാരണം ലോകകപ്പില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്ന ടീമാണ് ഇറാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകകപ്പിനിടെ കായികമേഖലയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ തീരുമാനം ശ്രദ്ധ നേടുന്നത്. യുഎസും ഇറാനും തമ്മില്‍ സംഘര്‍ഷ സാഹചര്യമുണ്ടെങ്കിലും, ടൂര്‍ണമെന്റില്‍ തുല്യ അവസരം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates