ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഇതിഹാസ താരവും മുൻ പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു. 2 തവണ ബാല്ലൺ ഡി ഓർ ജേതാവായിരുന്ന അദ്ദേഹം അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്.
ഇംഗ്ലീഷ് ഫുട്ബോളിൽ ഏറെ സ്വാധീനം ചെലുത്തിയ താരമായിരുന്നു കീഗൻ. 1970കളിൽ തന്റെ ജനപ്രിയത കൊണ്ട് ഫുട്ബോളിനപ്പുറത്തേക്ക് വളർന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ട് ദേശീയ ടീം, ലിവർപൂൾ, ന്യൂകാസിൽ ക്ലബുകളുടെ ഇതിഹാസ താരമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിന്റേയും മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ടീമുകളുടേയും പരിശീലകനായും അദ്ദേഹം തിളങ്ങി. കളിക്കുന്ന കാലത്ത് അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും അദ്ദേഹം കളത്തിലെത്തി.
ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ 21 ഗോൾ നേടി. 31 മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിനെ നയിച്ചു. ക്ലബ് തലത്തിൽ സ്‌കാന്തോർപ് യുനൈറ്റഡ് എഫ്സി, ലിവർപൂൾ, ഹാംബർഗർ എസ്വി, സതാംപ്ടൻ, ന്യൂകാസിൽ യുനൈറ്റഡ്, ബ്ലാക്ക് ടൗൺ സിറ്റി ടീമുകൾക്കായി കളിച്ചു. 744 മത്സരങ്ങളിൽ 254 ഗോളുകൾ നേടി.
ലിവർപൂളിനായി 323 മത്സരങ്ങളിൽ 100 ഗോളടിച്ചു. ക്ലബിനൊപ്പം 3 തവണ ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. എഫ്എ കപ്പ്, യൂറോപ്യൻ കപ്പ്, യൂവേഫ കപ്പ് വിജയങ്ങളിലും പങ്കാളിയായി. ഹാംബർഗിനൊപ്പം ജർമൻ ബുണ്ടസ് ലിഗ നേടി. 1978ലും 1979ലുമാണ് ബാല്ലൺ ഡി ഓർ നേടിയത്. വേഗവും ഡ്രിബ്ലിങ് മികവും അസാധാരണമായ ഫിനിഷിങ്ങുമായിരുന്നു കീഗന്റെ സവിശേഷതകൾ.
വിരമിച്ച ശേഷം പരിശീലകനായി. ന്യൂകാസിൽ യുനൈറ്റഡ്, ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു. ന്യൂകാസിൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കൊപ്പം ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. ഇംഗ്ലണ്ട് ടീമിനെ 18 മത്സരങ്ങളിൽ പരിശീലിപ്പിച്ചു. ഏഴു വീതം ജയവും സമനിലയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates