ന്യൂജേഴ്സി: ഡബ്ല്യുഡബ്ല്യുഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു. 36ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത മരണം. ഡബ്ല്യുഡബ്ല്യുഇ ചീഫ് കണ്ടന്റ് ഓഫീസർ ട്രിപിൾ എചാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്. വിന്റ്ഹാം റോറ്റുണ്ട എന്നാണ് താരത്തിന്റെ യഥാർഥ പേര്.
കുറച്ചു കാലമായി റസ്‌ലിങ് പോരാട്ടങ്ങളിൽ നിന്നു ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ബ്രേ വയറ്റ് വിട്ടു നിൽക്കുകയായിരുന്നു. അതിനിടെയാണ് മരണം.
'ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയ്മർ മൈക്ക് റോറ്റുണ്ടയുടെ ഫോൺ കുറച്ചു സമയം മുൻപ് വന്നു. ഡബ്ല്യുഡബ്ല്യുഇ കുടുംബാംഗം ബ്രേ വയറ്റിന്റെ വിയോഗ വാർത്ത അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായാണ് വിവരം എത്തിയത്. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണ്. അവരുടെ സ്വകാര്യതയേയും മാനിക്കണം'- ട്രിപ്പിൾ എച് മരണ വിവരം പങ്കിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയ്മർ മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്. ലക്ഷക്കണക്കിനു ആരാധകരെ സൃഷ്ടിച്ച, വേദിയിൽ നവീനമായ ആശയങ്ങൾ സന്നിവേശിപ്പിച്ച താരമാണ് 2010 മുതൽ ഡബ്ല്യുഡബ്ല്യുഇ റിങിൽ സജീവമായ ബ്രേ വയറ്റ്. വേദിയിൽ തകർപ്പൻ പ്രകടനങ്ങളായിരുന്നു താരത്തിന്റേത്.
ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യൻഷിപ്പും യൂനിവേഴ്സൽ ചാമ്പ്യൻഷിപ്പും വിജയിച്ച താരമാണ് ബ്രേ വയറ്റ്. നേരത്തെ 2021, 22 വർഷങ്ങളിൽ താരം റസ്‌ലിങിൽ നിന്നു വിട്ടുനിന്നിരുന്നു. പിന്നീട് തിരിച്ചെത്തി.
ഡബ്ല്യുഡബ്ല്യുഇ മേഖലയിൽ സമ്പന്നമായ കുടുംബ പാരമ്പര്യത്തിനു ഉടമയാണ് ബ്രേ വയറ്റ്. പിതാവ് മൈക്ക് റോറ്റുണ്ട, മുത്തച്ഛൻ ബ്ലാക്ക് ജാക്ക് മുല്ലിഗൻ, അമ്മാവൻമാരായ ബാരി വിന്റം, കെൻഡൽ വിന്റം തുടങ്ങിയവരെല്ലാം ഗുസ്തി താരങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates