മുംബൈ: അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിൽ പുതിയ പരീക്ഷണങ്ങൾ നടത്തണമെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്ത. യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണെ ഓപ്പണിങ്ങിൽ ഇറക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. വെടിക്കെട്ട് താരങ്ങളായ ഇരുവരും അവസരത്തിനൊത്ത് ഉയർന്നാൽ ഇന്ത്യക്ക് ഗംഭീര സ്കോർ പടുത്തുയർത്താനാകുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ ടീമിനായി അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നീ മൂന്ന് മികച്ച ഓപ്പണർമാരാണ് നിലവിലുള്ളത്. സിംബാബ്‌വെ പരമ്പരയിൽ തിളങ്ങിയ വൈഭവ്, ടൂർണമെന്റിലെ താരമായി മാറിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അഭിഷേക് ശർമയോടൊപ്പം സഞ്ജുവും വൈഭവും മാറിമാറിയാണ് ഓപ്പൺ ചെയ്തത്. ഒരിക്കൽ പോലും ഇരുവർക്കും ഒന്നിച്ച് അന്തിമ ഇലവനിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാൻ പരമ്പര ആരംഭിക്കുമ്പോൾ, സഞ്ജുവും വൈഭവും ചേർന്നുള്ള പുതിയൊരു ഓപ്പണിങ് ജോഡിയെ പരീക്ഷിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. സഞ്ജുവും വൈഭവും ഇതുവരെ ഒരുമിച്ച് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തിട്ടില്ല. അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകൾ നമ്മൾ കണ്ടുകഴിഞ്ഞു, അതിനാൽ സഞ്ജുവിനെയും വൈഭവിനെയും ഒന്നിപ്പിച്ച് പരീക്ഷിക്കുന്നത് മോശമായ ആശയമല്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.
അഭിഷേക് ശർമയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നല്ല താൻ പറയുന്നതെന്നും, മറിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ ടീമിന്റെ ഭാവി പ്ലാനുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓപ്പണിങ് കോംബിനേഷൻ കൂടി പരീക്ഷിച്ചു നോക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ദാസ്ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. ഹെഡ് കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്മെന്റും ഈ നിർദ്ദേശം പരിഗണിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates