

മുംബൈ: ഇന്ത്യൻ ടീമിലെ പ്രതിഭാധനനായ പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. സമീപകാലത്ത് ഇന്ത്യൻ ടീമിൽ തുടരെ അവസരം നിഷേധിക്കപ്പെട്ട് പുറത്തു നിൽക്കുന്ന താരം കൂടിയാണ് ഷമി. ഇത്രയും പരിചയ സമ്പത്തുള്ള ഒരു താരത്തെ നിരന്തരം കഴയുന്ന ബിസിസിഐ തീരുമാനത്തിനെതിരെ താരത്തിനു പിന്തുണയുമായി ആരാധകരും മുൻ താരങ്ങളുമൊക്കെ രംഗത്തുണ്ട്. ഇപ്പോൾ ആദ്യമായി ഇന്ത്യൻ ടീമിലെത്തിയപ്പോൾ ഡ്രസിങ് റൂമിൽ വച്ചുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തി ഷമി രംഗത്തെത്തി.
താൻ വളർന്നു വരുമ്പോൾ ടിവിയിലും മറ്റും കണ്ട് ആരാധിച്ചിരുന്ന വലിയ താരങ്ങളെല്ലാം ഡ്രസിങ് റൂമിൽ ഒത്തുകൂടിയത് കണ്ടപ്പോൾ തനിക്ക് തുടക്കത്തിൽ വലിയ ടെൻഷനുണ്ടായെന്നു ഷമി ഓർക്കുന്നു. 2013 ജനുവരി ആറിന് ഡൽഹിയിൽ പാകിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിലാണ് ഷമി ഇന്ത്യക്കായി അരങ്ങേറിയത്. അതേവർഷം തന്നെ നവംബർ ആറ് മുതൽ എട്ട് വരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പോരാട്ടത്തിൽ റെഡ് ബോൾ ക്രിക്കറ്റിലും താരം അരങ്ങേറി.
ദേശീയ ടീമിന്റെ ഡ്രസിങ് റൂമിലെ തന്റെ ആദ്യ ദിനത്തിലെ അനുഭവം വ്യത്യസ്തമായിരുന്നുവെന്നു പറയുകയാണ് ഷമി.
'ഞാൻ ആദ്യമായി ഇന്ത്യൻ ടീമിലെത്തുമ്പോൾ കാര്യങ്ങൾ എങ്ങനെയാണെന്നു എനിക്കു വലിയ ധാരണയൊന്നുമില്ലായിരുന്നു. മത്സരത്തിനു തലേദിവസം ഒരു മീറ്റിങുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറി ചുറ്റും നോക്കിയപ്പോൾ എന്റെ സ്വപ്നങ്ങളിൽ വരാത്ത ഒരാൾ പോലും അവിടെയുണ്ടായിരുന്നില്ല. ഞാൻ ഒതുങ്ങി നിശബ്ദനായി ഇരിക്കുകയായിരുന്നു. പെട്ടെന്നു യുവരാജ് സിങ് എന്നോടു ഒരു കസേരയുടെ മുകളിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോടെ പറ്റില്ല എന്നു പറയാൻ സാധിക്കില്ലല്ലോ. അതിനാൽ അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു. അതിനുശേഷം അവിടെ നിന്ന് എല്ലാവർക്കും വേണ്ടി സ്വയം പരിചയപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.'
'എന്നാൽ ആ വലിയ താരങ്ങളെയെല്ലാം കണ്ട് എന്റെ മനസിലുണ്ടായിരുന്നതെല്ലാം ഞാൻ മറന്നുപോയിരുന്നു. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ പേരും ഞാൻ എവിടെ നിന്നാണ് വരുന്നത് എന്നതു മാത്രമാണ് എനിക്ക് പറയാൻ സാധിച്ചത്.'
ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ തമാശക്കാരൻ മുൻ ഓപ്പണർ ശിഖർ ധവാനാണെന്നും ഷമി.
'ശിഖർ വളരെ തമാശക്കാരനായ വ്യക്തിയാണ്. അവൻ രസകരമായ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ആളാണ്. ടീം ഒരു മത്സരം തോറ്റിരിക്കുന്ന അവസ്ഥയിൽ പോലും ധവാൻ തമാശ പറയും. ഞങ്ങളെല്ലാം മത്സരം തോറ്റതിന്റെ നിരാശയിൽ വിഷമത്തോടെ ഇരിക്കുകയായിരിക്കും. അപ്പോൾ ശിഖർ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ ആലോചിക്കുകയായിരിക്കും. അവൻ പെട്ടെന്നു ഉറക്കെ ചിരിക്കും. അറിയാതെ പതുക്കെ നമ്മളും ചിരി തുടങ്ങിയിട്ടുണ്ടാകും. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നു ചോദിച്ചാൽ നമ്മൾ തോറ്റതിനാണ് ചിരിക്കുന്നത് എന്നായിരിക്കും ശിഖറിന്റെ ഉത്തരം.'
'അതിനിടെ പെട്ടെന്നായിരിക്കും ശിഖർ മേശപ്പുറത്തേക്ക് ചാടിക്കയറി പഞ്ചാബി പാട്ടിനു നൃത്തെ ചെയ്യാൻ തുടങ്ങുന്നത്. ഇത്തരം കാര്യങ്ങളാണ് ഡ്രസിങ് റൂമിലെ അന്തരീക്ഷം ഊർജ്ജസ്വലമാക്കുന്നത്. നമ്മളും അത് ആസ്വദിക്കും. കാരണം കളിയിൽ ജയവും തോൽവിയും മാറി മാറി വരും. വർഷം മുഴുവൻ കളിക്കുമ്പോൾ ഇത്തരത്തിലുള്ള ജയവും തോൽവിയും സ്വാഭാവികമാണ്. അതിനാൽ തന്നെ ഡ്രസിങ് റൂമിൽ ആരും ഏറെനേരം വിഷമിച്ച് ഇരിക്കാറുമില്ല'- ക്രിക്കറ്റ് നെക്സ്റ്റ് ഒഫീഷ്യലിനു നൽകിയ അഭിമുഖത്തിലാണ് ഷമി പഴയ ഇന്ത്യൻ ടീം അനുഭവം പങ്കിട്ടത്.
ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങളും 108 ഏകദിനങ്ങളും 25 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷമി. ടെസ്റ്റിൽ 6 അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ 229 വിക്കറ്റുകൾ. ഏകദിനത്തിലും അഞ്ച് വിക്കറ്റ് നേട്ടം ആറ് തവണ സ്വന്തമാക്കി. ആകെ 206 വിക്കറ്റുകൾ. ടി20യിൽ 27 വിക്കറ്റുകളും താരം സ്വന്തമാക്കി. 2025 മാർച്ച് 9നു ദുബൈയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റ് ജയവുമായി കിരീടവും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates