റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും വെറ്ററൻ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരും തമ്മിൽ അകൽച്ചയിലോ? അത്തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇരുവരും 2027ലെ ലോകകപ്പ് കളിക്കുമോ എന്നു പുറത്ത് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കോഹ്‍ലി സെഞ്ച്വറിയും രോഹിത് അർധ സെഞ്ച്വറിയും നേടി തങ്ങളുടെ ഔന്നത്യം ഒരിക്കൽ കൂടി തുറന്നിട്ടിരുന്നു. ഇരുവരുടേയും ഭാവി സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിസിസിഐ അടിയന്തര യോഗം ചേരുമെന്നു റിപ്പോർട്ടുകളുണ്ട്.
അതിനിടെയാണ് ടീമിൽ ഉരുണ്ടുകൂടുന്ന സുഖകരമല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നത്. ഗംഭീറുമായുള്ള ഇരുവരുടേയും ബന്ധത്തിൽ കാര്യമായ വിള്ളൽ വീണെന്ന തരത്തിലാണ് വാർത്തകൾ. ഇരുവരും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതലാണ് ബന്ധം ഉലഞ്ഞതെന്നാണ് സൂചന. ഇരുവരുടേയും ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ ടീമിന്റെ ഘടനയെ കാര്യമായി ഉലച്ചിട്ടുണ്ടെന്നു സമീപകാലത്തെ ഫലങ്ങൾ തെളിയിക്കുന്നു.
ഓസ്ട്രേലിയയിൽ ഏകദിന മത്സരങ്ങൾക്കിടെ രോഹിതും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെസ്റ്റ് മതിയാക്കിയ ശേഷം ഇരുവരും ഓസ്ട്രേലിയക്കെതിരായ ഏകദിനമാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരം തുടങ്ങിയപ്പോഴും മഞ്ഞുരുകിയിട്ടില്ലെന്നാണ് വാർത്തകൾ.
ഗംഭീറുമായി കോഹ്‍ലി വളരെ കുറച്ചു മാത്രമാണ് സംസാരിക്കുന്നത്. ആദ്യ ഏകദിനത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് കയറി പോകുന്ന കോഹ്‍ലി ഗംഭീറിനെ മൈൻഡ് ചെയ്യാതെ കടന്നു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മത്സര ശേഷം ഗംഭീറും രോഹിതും തമ്മിലുള്ള ചൂടൻ വാഗ്വാദത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്തായിരിക്കും ഇരുവരും തമ്മിൽ സംസാരിച്ചത് എന്നതിൽ നിറയെ ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
അതേസമയം സെഞ്ച്വറി നേടി ഔട്ടായി ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ കോഹ്‍ലിയെ ഗംഭീർ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങളും വന്നിരുന്നു. രോഹിത് അർധ സെഞ്ച്വറി നേടിയപ്പോൾ ഗംഭീർ കൈയടിക്കുന്നതിന്റേയും ദൃശ്യങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും ടീമിൽ സീനിയർ താരങ്ങളുമായുള്ള കോച്ചിന്റെ ബന്ധം അത്ര സുഖകരമല്ലെന്നാണ് വാർത്തകൾ.
ഇരുവരുടേയും ആരാധകർ സമൂഹ മാധ്യമങ്ങൾ വഴി ഗംഭീറിലെ ലക്ഷ്യമിട്ട് വലിയ തോതിൽ സൈബർ ആക്രമണം നടത്തുന്നതിൽ ബിസിസിഐയ്ക്ക് അസ്വസ്ഥതയുണ്ട്. അതിനിടെയാണ് ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates