ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ് ലി സെഞ്ച്വറി നേടിയപ്പോള്‍ എല്ലാ ആരാധകരും സന്തോഷിച്ചു. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അടുത്ത നാലു ടെസ്റ്റുകളില്‍ താരത്തിന്റെ മിന്നുന്ന പ്രകടനം കാണാമെന്ന് ആഗ്രഹിച്ച ആരാധകരെ നിരാശപ്പെടുത്തുന്നതാണ് താരത്തിന്റെ അഡ്‌ലെയ്ഡിലെ പ്രകടനം. രണ്ടു ഇന്നിംഗ്‌സുകളിലുമായി 18 റണ്‍സ് മാത്രമാണ് താരത്തിന് കൂട്ടിച്ചേര്‍ക്കാനായത്. മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം താരത്തിനെതിരായ വിമര്‍ശനം വീണ്ടും ഉയരുകയും ചെയ്തു.
2024ല്‍ 21 ടെസ്റ്റുകളില്‍ നിന്നായി 22.62 ശരാശരിയില്‍ 611 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് സ്വന്തം പേരില്‍ കുറിക്കാനായത്. പെര്‍ത്ത് സെഞ്ച്വറി മാത്രമാണ് മൂന്നക്കം കടന്ന ഏക പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളും വിജയിച്ചതോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അരികില്‍ എത്തി നില്‍ക്കുകയാണ്. അടുത്ത ഒരു കളി കൂടി ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാവും. ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയക്കെതിരായ അടുത്ത മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ണായകമാണ്. ഒരു തോല്‍വി പോലും ഇന്ത്യയുടെ മുന്നിലുള്ള സാധ്യതകളുടെ വാതില്‍ അടയാന്‍ ഇടയാക്കിയേക്കാം. അതുകൊണ്ട് അടുത്ത മത്സരങ്ങളില്‍ കോഹ് ലി അടക്കമുള്ള താരങ്ങള്‍ക്ക് നിര്‍ണായകമാണ്. കോഹ് ലി അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തില്‍ സ്ഥാനം നേടാന്‍ സാധിക്കൂ.
താന്‍ ഒരു ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചുവരുന്ന കാര്യത്തില്‍ തെളിയിക്കേണ്ട ബാധ്യത കോഹ് ലിക്ക് തന്നെയാണെന്ന് മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 'നമ്മുടെ രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോഹ് ലി. മികച്ച നാല് ബാറ്റ്‌സ്മാന്‍മാരെ എടുത്താല്‍, അതില്‍ അവന്‍ ഉണ്ടാകും. അവന്‍ ഒരു ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍, എത്ര വേഗത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്നത് താരം തന്നെ തെളിയിക്കേണ്ട കാര്യമാണ് ''-കപില്‍ ദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന വാദഗതിയെ കപില്‍ നിരസിച്ചു. രോഹിത് ശര്‍മയെ പോലുള്ള മികച്ച കളിക്കാരനെ ചില മോശം പ്രകടനങ്ങളുടെ പേരില്‍ മാത്രം വിലയിരുത്തുന്നത് ശരിയല്ലെന്നും കപില്‍ ദേവ് പറഞ്ഞു.
'ഒരു പ്രകടനം കൊണ്ട്, അവന്‍ മികച്ചവനാണെന്ന് പറയാന്‍ കഴിയില്ല, ഒരു മോശം പ്രകടനം കൊണ്ട്, അവന്‍ അതിന് അര്‍ഹനല്ലെന്ന് പറയാനും കഴിയില്ല. ഒരു കളിക്കാരന്‍ ഒരുപാട് ക്രിക്കറ്റ് കളിക്കട്ടെ, നിരവധി ക്യാപ്റ്റന്‍ റോളുകള്‍ കൈകാര്യം ചെയ്യട്ടെ. ഉയര്‍ച്ച താഴ്ചകള്‍ വരും. പ്രയാസകരമായ സമയങ്ങളില്‍ ഒരാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി വേണം ഒരാളെ വിലയിരുത്താന്‍. അല്ലാതെ നല്ല സമയം മാത്രം നോക്കിയാവരുത്'- അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates