മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ തോല്‍വി. ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 89 റണ്‍സിന് ഓള്‍ഔട്ടായി. മാറ്റ് ഹെൻറിയുടെ ഉജ്ജ്വല ബൗളിങ്ങാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ഹെൻറി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. റണ്‍സ് അടിസ്ഥാനത്തില്‍ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ വിജയമാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് തിരിച്ചുവരവ് നടത്തി. നേരത്തെ ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലായിരുന്നു. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ചയാണ് അവസാന മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. മാറ്റ് ഹെൻറിയാണ് മൂന്ന് പേരെയും മടക്കിയത്. ഏകദിന ഓപ്പണറായി കളിച്ച 205 ഇന്നിങ്‌സുകള്‍ക്കിടെ രോഹിത്തിന്റെ ആദ്യ ഗോള്‍ഡന്‍ ഡക്കായിരുന്നു ഇത്. പിന്നീട് ക്രീസിലെത്തിയ ഋതുരാജ് ഗെയ്ക്വാദിനും പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് റണ്‍സെടുത്ത താരത്തെ കെയ്ല്‍ ജാമിസൻ പുറത്താക്കി.
ഇഷാന്‍ കിഷനും അക്‌ഷര്‍ പട്ടേലും ചേര്‍ന്ന് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അധികനേരം നീണ്ടില്ല. 27 റണ്‍സെടുത്ത ഇഷാന്‍ ഹെൻറിയുടെ പന്തില്‍ പുറത്തായി. അക്‌സര്‍ പട്ടേല്‍ 17 റണ്‍സെടുത്ത് മടങ്ങി. നമന്‍ ധീര്‍ 21 റണ്‍സുമായി പൊരുതിയെങ്കിലും മാത്യു ഫിഷറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്തതോടെ ഇന്ത്യയുടെ പതനം പൂര്‍ണമായി. ഹെൻറി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിഷര്‍ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വില്‍ യങ്ങിന്റെ സെഞ്ച്വറി മികവില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 125 റണ്‍സെടുത്ത യങ്ങാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 88 പന്തില്‍ സെഞ്ച്വറി തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായി. ഫിന്‍ അലന്‍ 30 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ ടിം സെയ്‌ഫര്‍ട് 58 റണ്‍സും നേടി. അവസാന ഓവറുകളില്‍ നിര്‍ണായക റണ്‍സ് കണ്ടെത്തിയ ന്യൂസിലന്‍ഡ് 50 ഓവറില്‍ 333 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി അക്‌ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates