കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ 8ലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 61 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ടീം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയാത്തതാണ്. ടി20യിലെ നമ്പർ വൺ ബാറ്ററായ അഭിഷേക് ശർമ അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതോടെ ടീം നിരാശയിലാണ്.
ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ അഭിഷേക് പുറത്തായി. ഉദരസംബന്ധമായ അസുഖം കാരണം ആ മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അസുഖം പൂർണമായും ഭേദമാകാത്തതിനാൽ നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അഭിഷേകിന് പകരം ഓപ്പണറായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച സഞ്ജു സാംസണ്‍ എട്ട് പന്തില്‍ 22 റണ്‍സെടുത്തിരുന്നു.
പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഓപ്പണറായി തന്നെയാണ് അഭിഷേക് വീണ്ടും കളത്തിലിറങ്ങിയത്. നാലു പന്തുമാത്രം നേരിട്ട താരം പൂജ്യത്തിനാണ് പുറത്തിയത്. പാകിസ്ഥാന്റെ സ്പിൻ ബൗളർമാരെ ക്ഷമയോടെ നേരിടാൻ അഭിഷേക് ശർമ ശ്രമിച്ചില്ല. പകരം ആദ്യ ഓവറിൽ തന്നെ കൂറ്റൻ ഷോട്ടുകൾക്കാണ് താരം ശ്രമിച്ചത്. ഇതാണ് അഭിഷേക് വിക്കറ്റ് ആകാനുള്ള പ്രധാന കാരണം.
നമ്പർ വൺ ബാറ്ററായ അഭിഷേകിന് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിഷേകിന്റെ അവസാന ആറ് ഇന്നിങ്‌സിൽ നേടാനായത് 98 റണ്‍സ് മാത്രമാണ്. അഭിഷേകിന് മതിയായ വിശ്രമം നൽകാൻ ടീം മാനേജ്‍മെന്റ് തീരുമാനിച്ചാൽ മലയാളി താരം സഞ്ജുവിന് വീണ്ടും ഓപ്പണർ റോളിൽ അവസരം ലഭിച്ചേക്കാം. ന്യൂസിലൻഡിനെതിരായ ടൂർണമെന്റിൽ മോശം ഫോമിലായിരുന്നു സഞ്ജു പക്ഷെ നമീബിയക്ക്തിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തൊട്ടടുത്ത പന്തുകളിൽ മൂന്ന് സിക്സറുകളും ഒരു ഫോറും സഞ്ജു നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates