താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി ഇന്ത്യ. 20 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ യോഗ്യത സ്വന്തമാക്കുന്നത്. താഷ്കന്റിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് യോഗ്യത നേടിയത്.
ഡാനി മെയ്‍തെയ് ലൈശ്രാം, വിശാൽ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം ചൈനയിലാണ് എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് പോരാട്ടം അരങ്ങേറുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്നു ആറ് പോയിന്റാണ് ഇന്ത്യ നേടിയത്. സിറിയയെ വീഴ്ത്തി ഒൻപത് പോയിന്റുമായി ഉസ്ബെക്കിസ്ഥാനാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. എട്ട് യോഗ്യതാ ഗ്രൂപ്പുകളിലെ മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരു ടീമായാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.
മത്സരത്തിലേക്ക് വന്നാൽ കളിയുടെ 25ാം മിനിറ്റിൽ മെയ്തെയ് ലൈശ്രാം ആണ് ഇന്ത്യക്ക് ലീഡ് സമ്മാനിക്കുന്നത്. 60ാം മിനിറ്റിൽ വിശാൽ യാദവും 79ാം മിനിറ്റിൽ മുഹമ്മദ് അർബാഷും പട്ടിക പൂർത്തിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates