ഫോട്ടോ: ട്വിറ്റർ 
Sports

'വണ്ടറാകാൻ വാണ്ടറേഴ്സിൽ'- ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍; ലക്ഷ്യം ചരിത്ര നേട്ടം

'വണ്ടറാകുമോ വാണ്ടറേഴ്‌സില്‍'- ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍; ലക്ഷ്യം ചരിത്ര നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് വാണ്ടറേഴ്‌സില്‍ തുടക്കം. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഏറ്റവും ഫേവറിറ്റായ വേദിയാണ് വാണ്ടറേഴ്‌സ്. ഈ വേദിയില്‍ ഇന്നുവരെ ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. ആദ്യ ടെസ്റ്റിലെ വിജയവും കഴിഞ്ഞ കാലത്തെ വാണ്ടറേഴ്‌സിലെ ഈ അപരാജിത റെക്കോര്‍ഡും ഇന്ത്യക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വേദിയില്‍ രണ്ട് വിജയങ്ങളും മൂന്ന് സമനിലകളുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 

അവര്‍ നിരീക്ഷിക്കപ്പെടും

കഴിഞ്ഞ കുറച്ച് കാലമായി സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ വലിയ സ്‌കോറുകള്‍ നേടുന്നില്ല എന്നത് മാത്രമാണ് ഇപ്പോഴും ഇന്ത്യക്ക് തലവേദനയായി നില്‍ക്കുന്ന ഘടകം. പൂജാര, രഹാനെ എന്നിവരുടെ ഫോം കര്‍ശനമായി നിരീക്ഷിക്കപ്പെടും എന്ന് ഉറപ്പ്. ഇന്ന് തുടങ്ങുന്ന പോരാട്ടത്തിന്റെ രണ്ട് ഇന്നിങ്‌സിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇരുവരുടേയും ഭാവി തന്നെ തുലാസിലാകാന്‍ സാധ്യത ഏറെ. 

രഹാനെ ഒന്നാം ടെസ്റ്റില്‍ ഫോമിലേക്ക് എത്തുന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട് എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. കോഹ്‌ലിയും മികവോടെ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. പൂജാര രണ്ടിന്നിങ്‌സിലും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ഫോമിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. 

പൂജാര, രഹാനെ എന്നിവര്‍ക്ക് സമയം നല്‍കണമെന്ന അഭിപ്രായത്തിലാണ് കോച്ച് ദ്രാവിഡ്. ഇരുവരും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തത് ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ടെന്നും അതിനായുള്ള കഠിന ശ്രമത്തിലാണെന്നും അദ്ദേഹം പറയുന്നു. 

ഒന്നാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടുകയും മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ അര്‍ധ ശതകം നേടുകയും ചെയ്തതോടെയാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും മിന്നും ഫോമില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് ആശ്വാസം. 

വിറപ്പിക്കാന്‍ ഷമി, ബുമ്‌റ

ബൗളര്‍മാരുടെ മികവാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി എന്നിവര്‍ ഉന്നത നിലവാരത്തില്‍ തന്നെ പന്തെറിയുന്നു എന്നതാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന പ്രധാന ഘടകം. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിനും എന്നിവരും മികച്ച പിന്തുണയുമായി നില്‍ക്കുന്നു. വാണ്ടറേഴ്‌സിലെ പിച്ച് പരിഗണിക്കുമ്പോള്‍ നാല് പേസര്‍മാരെ ഉള്‍പ്പെടുത്തി തന്നെയാകും ഇന്ത്യ ഇറങ്ങുക. ഒന്നാം ടെസ്റ്റ് കളിച്ച അതേ ഇലവനെ തന്നെയായിരിക്കും ഇന്ത്യ രണ്ടാം പോരിലും ഇറക്കുക. 

ക്വിന്റന്‍ ഡി കോക്കിന് പകരം കെയ്ല്‍ വെറെയ്‌നെ

ക്വിന്റന്‍ ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കലിന്റെ അമ്പരപ്പിലാണ് ദക്ഷിണാഫ്രിക്ക നില്‍ക്കുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിയും അവര്‍ക്ക് നിരാശ നല്‍കുന്നതാണ്. ആത്മവിശ്വാസം വീണ്ടെടുത്ത് രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയില്‍ ആക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. 

ക്വിന്റന്‍ ഡി കോക്കിന് പകരം കെയ്ല്‍ വെറെയ്‌നെ ആയിരിക്കും വിക്കറ്റിന് പിന്നില്‍. ആതിഥേയരുടെ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ടെംബ ബവുമയും ഫോമിലാണ്. മറ്റൊരാള്‍ക്കും കാര്യമായി സംഭാവന നല്‍കാന്‍ സാധിച്ചിട്ടില്ല. വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ ഫോമിലല്ലാത്തതും ആതിഥേയരെ കുഴക്കുന്നുണ്ട്. ലുംഗി എന്‍ഗിഡി, കഗിസോ റബാഡ എന്നിവര്‍ മികവോടെ പന്തെറിയുന്നത് അവര്‍ക്ക് ആശ്വാസകരമാണ്. 

ഇന്ത്യ സാധ്യതാ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് സിറാജ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്