അഹമ്മദാബാദ്: അഭിഷേക് ശര്‍മയുടെ ഫോം ഔട്ട് അത്ര കാര്യമാക്കേണ്ടതില്ലെന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ശാസ്ത്രിയുടെ ശ്രദ്ധേയ നിരീക്ഷണം. തിലക് വര്‍മയുടെ മികച്ച ഇന്നിങ്‌സുകള്‍ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി. എല്ലാ പ്രതിസന്ധികളിലും ഏതെങ്കിലും ഒരു താരം നിലവില്‍ ഇന്ത്യക്കായി മികവ് കാണിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഐസിസി മത്സര വിശകലനത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കിട്ടത്.
അഭിഷേകിന്റെ ഫോം ഔട്ടും ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനത്തിലെ ചില നിരാശകളും പങ്കിട്ട് ആരാധകര്‍ രംഗത്തെത്തുമ്പോഴാണ് ശാസ്ത്രി കാര്യങ്ങളെ മറ്റൊരു ദിശയില്‍ നോക്കി കാണുന്നത്. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ ശാസ്ത്രി പോസിറ്റീവായാണ് നോക്കി കാണുന്നത്. ആഴവും പരപ്പുമുള്ള ടീമാണ് ഇന്ത്യയ്ക്ക് നിലവിലുള്ളതെന്നു ശാസ്ത്രി സമ്മതിക്കുന്നു. പകരക്കാരുടെ ബഞ്ചും ശക്തമാണെന്നു അദ്ദേഹം അടിവരയിടുന്നു. ഇന്നത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പൂർണ തൃപ്തി തരുന്ന പ്രകടനം പുറത്തെടുക്കുമെന്നു തന്നെ അദ്ദേഹം വാദിക്കുന്നു.
'അഭിഷേകിന്റെ മൂന്ന് തുടര്‍ ഡക്കുകളെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഫോം ഔട്ട് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് സത്യമാണ്. ഒരു പക്ഷേ തന്റെ ഏറ്റവും മികച്ച കളി ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിലേക്ക് അഭിഷേക് മാറ്റി വച്ചതാണെങ്കിലോ?'
'ഇന്ത്യയുടെ ഇതുവരെയുള്ള കളിയെടുത്താല്‍ ഓരോ മത്സരത്തിലും ഓരോ താരങ്ങള്‍ ബാറ്റിങില്‍ അവസരത്തിനൊത്തു ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ഇഷാന്‍ കിഷന്‍, മറ്റൊരു അവസരത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം ആ റോള്‍ നിര്‍വഹിച്ചു. തിലക് വര്‍മയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു എന്നാണ് ഞാന്‍ കരുതുന്നത്.'
ഇന്നത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം തകര്‍പ്പനാകുമെന്നു ശാസ്ത്രി ഉറപ്പിക്കുന്നു.
'വീറും വാശിയും നിറഞ്ഞ മത്സരം കാണാം. രണ്ടും ബാറ്റിങില്‍ ആഴമുള്ള ടീമുകളാണ്. അഹമ്മദാബാദിലെ മഞ്ഞ് വീഴ്ച ഫലത്തില്‍ നന്നായി പ്രതിഫലിക്കും. അതിനാല്‍ ടോസ് നിര്‍ണായകമാണ്.'
മഞ്ഞ് വീഴ്ചയുള്ളതിനാല്‍ അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യ ബൗളിങ് വൈവിധ്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നു ശാസ്ത്രി വ്യക്തമാക്കി.
'ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തങ്ങളുടെ 4 ഓവറുകളും എറിയണം. ഒന്നോ രണ്ടോ ഓവറുകള്‍ തിലക് വര്‍മയ്ക്കും നല്‍കണം'- അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates