കൊളംബോ: ഒരു ഇടവേളയക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ പര്യടനം ശ്രീലങ്കയുടെ അക്കൗണ്ടിൽ എത്തിക്കുക കോടികൾ. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വലിയ ആശ്വാസം നൽകുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ പരമ്പര.
ഈ പരമ്പരയിലൂടെ 89.69 കോടി രൂപയാണ് ലങ്കൻ ബോർഡിന് കിട്ടുക. ടെലിവിഷൻ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉൾപ്പെടെയാണിത്. കോവിഡ് മൂലം നിരവധി മത്സരങ്ങൾ റദ്ദായെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ടീമിൻറെ പര്യടനം സഹായകമാകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ വ്യക്തമാക്കി.
അതേസമയം ഇന്ത്യക്കെതിരായ പരമ്പരക്ക് ഒരുങ്ങുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ കോവിഡ് പ്രതിസന്ധി ഉടലെടുത്തു. ബാറ്റിങ് പരിശീലകൻ ഗ്രാൻറ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്‌ച എത്തിയ ലങ്കൻ താരങ്ങൾ ക്വാറന്റൈനിൽ കഴിയവേയാണ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായാൽ രണ്ടാം നിര ടീമിനെ ഇന്ത്യക്കെതിരെ കളിപ്പിക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻറെ ആലോചന. അടുത്ത ചൊവ്വാഴ്‌ചയാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നടക്കേണ്ടത്. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര. ശിഖർ ധവാനാണ് ടീമിന്റെ നായകൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates