ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 400 കടന്ന് ഇന്ത്യ കുതിക്കുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു ഡബിള്‍ സെഞ്ച്വറി നേടാനായില്ല.
രണ്ടാം ദിനമായ ഇന്ന് ഇന്ത്യക്ക് 2 വിക്കറ്റുകള്‍ കൂടി നഷ്ടമായി. 2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയിലാണ്. ഗില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 75 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ഒപ്പം 7 റണ്‍സുമായി ധ്രുവ് ജുറേലാണ് കൂട്ട്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്‌കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.
പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സുമായി മടങ്ങി.
ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്. ഇന്ത്യക്കു നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്.
ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.
ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.
ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates