ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തൂവാരി ടീം ഇന്ത്യ. മൂന്നാം മത്സരത്തില്‍ ഇന്ത്യയുയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിംബാബ്‌വെയുടെ ഇന്നിങ്‌സ് 157 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ച്വറി നേടിയ റയാന്‍ ബേളാണ് (54*) ആതിഥേയരുടെ ടോപ് സ്‌കോറര്‍. 35 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പരയാണിത്. വൈറ്റ് വാഷ്, വിജയത്തിന്റെ മാറ്റ് കൂട്ടി. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായ കൗമാര താരം വൈഭവ് സൂര്യവംശിയാണ് വിജയശില്‍പി. മായങ്ക് യാദവ് മൂന്നുവിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ആദ്യ പന്തില്‍ തന്നെ ബ്രയാന്‍ ബെന്നറ്റിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ആഫ്രിക്കന്‍ ടീമിനെ, നാലാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി യഷ് ഠാക്കൂര്‍ ഞെട്ടിച്ചു. ഡിയോണ്‍ മയേഴ്‌സ് 19 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസക്ക് (0) ഇന്നിങ്‌സ് തുറക്കാനുള്ള അവസരം പോലും യഷ് ഠാക്കൂര്‍ നല്‍കിയില്ല. 20 റണ്‍സ് നേടിയ ബെന്‍ കറന്‍ എട്ടാം ഓവറില്‍ വീണതോടെ സിംബാബ്‌വെ നാലിന് 65 എന്ന നിലയിലായി.
മധ്യനിരയില്‍ റയാന്‍ ബേളും വെസ്ലി മധേവരയും ചേര്‍ന്ന് 60 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് ഒരുക്കിയെങ്കിലും ഇന്ത്യയ്ക്ക് വെല്ലുവിളിയായില്ല. 28 റണ്‍സ് നേടിയ വെസ്ലിയെ പുറത്താക്കി മായങ്ക് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തദിവനാഷെ മറുമനി ഒറ്റ റണ്‍സുമായി പുറത്തായി. അവസാന ഓവറില്‍ ബ്രാഡ് ഇവാന്‍സിനെ പുറത്താക്കി മായങ്ക് യാദവ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. 43 പന്തില്‍ 54 റണ്‍സ് നേടിയ റയാന്‍ ബേള്‍ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്വെ 157 റണ്‍സ് നേടിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഈ പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും കരിയറിലെ രണ്ടാം ടി20 അര്‍ധ ശതകവുമാണിത്. 31 പന്തിലാണ് താരം 50ല്‍ എത്തിയത്. 49 പന്തില്‍ 4 സിക്സും 8 ഫോറും സഹിതം വൈഭവ് 81 റണ്‍സുമായി മടങ്ങി. 15കാരനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
അഭിഷേക് ശര്‍മ ഇത്തവണയും നിരാശപ്പെടുത്തി. തുടരെ നാലാം പോരാട്ടത്തിലും താരത്തിനു രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മൂന്നാം പോരില്‍ അഭിഷേക് 2 റണ്‍സുമായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷന്‍ ഭേദപ്പെട്ട ബാറ്റിങ് നടത്തി മടങ്ങി. താരം 29 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ആറാമനായി ക്രീസിലെത്തിയ റിങ്കു സിങിന്റെ കാമിയോ ഇന്നിങ്സാണ് സ്‌കോര്‍ 190 കടത്തിയത്. താരം 14 പന്തില്‍ 25 റണ്‍സുമായി പുറത്തായി. തിലക് വര്‍മ 9 പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates