ഫോട്ടോ: ട്വിറ്റർ 
Sports

ഇതാ... ചാമ്പ്യന്‍ കോഹ്‌ലി; പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് സ്വപ്‌ന സമാന വിജയം സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരേ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് സ്വപ്‌ന സമാന വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ കളി ഇന്ത്യ കൈവിടുമോ എന്നു തോന്നിച്ച ഘട്ടത്തില്‍ ഇച്ഛാശക്തിയോടെ ബാറ്റേന്തിയ കോഹ്‌ലിക്കാണ് ഫുള്‍ മാര്‍ക്ക്. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സ് വാരി കോഹ്‌ലി പുറത്താകാതെ നിന്നു. 37 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 

വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തിലെ അവസാന ഓവര്‍ സംഭവ ബഹുലമായിരുന്നു. വൈഡും നോബോളം സിക്‌സും എല്ലാം ഈ ഓവറില്‍ കണ്ടു. വിജയിക്കാമായിരുന്ന മത്സരം കളഞ്ഞു കുളിച്ചതില്‍ പാകിസ്ഥാന് സ്വയം പഴിക്കാം. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 31 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കോഹ്‌ലി- ഹര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. 113 റണ്‍സാണ് സഖ്യം ബോര്‍ഡില്‍ ചേര്‍ത്തത്. 

നാല് വീതം റണ്‍സെടുത്ത ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും മടങ്ങി. സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും താരം 15 റണ്‍സുമായി കൂടാരം കയറി. പിന്നാലെ എത്തിയ അക്ഷര്‍ പട്ടേല്‍ രണ്ട് റണ്‍സുമായും മടങ്ങി. ദിനേഷ് കാര്‍ത്തിക് ഒരു റണ്ണെടുത്ത് മടങ്ങി. 

പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഓപ്പണര്‍ കെഎല്‍ രാഹുലിനെ മടക്കി നസീം ഷായാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെയാണ് ഹാരിസിന്റെ ഇരട്ട പ്രഹരം. അക്ഷര്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട അവസാന ഘട്ടത്തിലേക്ക് കൂറ്റന്‍ അടികളുമായി പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്ത ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരെ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ നായകന്‍ ബാബര്‍ അസമിനെ മടക്കി അര്‍ഷ്ദീപ് പാകിസ്ഥാനെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

നാലാം ഓവറിലെ അവസാന പന്തില്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ മുഹമ്മദ് റിസ്വാനെയും അര്‍ഷ്ദീപ് തന്നെ മടക്കി. 12 പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്ത റിസ്വാനെ അര്‍ഷ്ദീപ് സിങ് ഭുവനേശ്വര്‍ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാകിസ്ഥാന്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. 

ബാറ്റിങ് പവര്‍പ്ലേയില്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷാന്‍ മസൂദ് ഇഫ്തിഖര്‍ അഹമ്മദ് സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് പാകിസ്ഥാനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 10ാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. മൂന്നാം വിക്കറ്റില്‍ ഷാനിനൊപ്പം 76 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇഫ്തിഖര്‍ മടങ്ങിയത്. 

അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 12ാം ഓവറില്‍ മൂന്ന് സിക്‌സടിച്ച് ഇഫ്തിഖര്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിന് ജീവന്‍ നല്‍കി. പിന്നാലെ താരം അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ 13ാം ഓവറിലെ രണ്ടാം പന്തില്‍ മികച്ച ഫോമില്‍ കളിച്ച ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ഷമി കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്താണ് ഇഫ്തിഖര്‍ ക്രീസ് വിട്ടത്. 

ഇഫ്തിഖറിന് പകരം എത്തിയ ഷദബ് ഖാന് അധികം പിടിച്ചു നില്‍ക്കാനായില്ല. ആറ് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത ഷദബിനെ ഹര്‍ദിക് പാണ്ഡ്യ സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചു. ഷദബ് മടങ്ങുമ്പോള്‍ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. പിന്നാലെ വന്ന ഹൈദര്‍ അലിയും പെട്ടെന്ന് പുറത്തായി. രണ്ട് റണ്‍സെടുത്ത ഹൈദറിനെയും ഹാര്‍ദിക് സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാകിസ്ഥാന്‍ 98ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഹര്‍ദിക് ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 

ഏഴാമനായി വന്ന മുഹമ്മദ് നവാസ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ് പന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത നവാസിനെ ഹര്‍ദിക് തന്നെ മടക്കി. താരത്തെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ക്യാച്ചെടുത്തു. 

വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ആസിഫ് അലിയാണ് പിന്നീടെത്തിയത്. എന്നാല്‍ നിലയുറപ്പിക്കും മുന്‍പ് ആസിഫിനെ അര്‍ഷ്ദീപ് പുറത്താക്കി. അര്‍ഷ്ദീപിന്റെ ഷോര്‍ട്ട്പിച്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ആസിഫ് അലിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി ദിനേഷ് കാര്‍ത്തിക്കിന്റെ കൈയില്‍ വിശ്രമിച്ചു.

പിന്നീട് ഷഹീന്‍ അഫ്രീദിയെ കൂട്ടുപിടിച്ച് ഷാന്‍ മസൂദ് ടീം സ്‌കോര്‍ 150 കടത്തി. ഒപ്പം അവസാന ഓവറില്‍ താരം അര്‍ധ ശതകം നേടുകയും ചെയ്തു. അവസാന ഓവറില്‍ ഷഹീന്‍ അഫ്രീദിയെ ഭുവനേശ്വര്‍ പുറത്താക്കി. എട്ട് പന്തില്‍ നിന്ന് 16 റണ്‍സെടുത്ത താരത്തെ ഭുവനേശ്വര്‍ തന്നെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. അഫ്രീദിയ്ക്ക് പകരം ഹാരിസ് റൗഫാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ താരം സിക്‌സടിക്കുകയും ചെയ്തു. ഒടുവില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഷാന്‍ മസൂദ് 42 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 52 റണ്‍സെടുത്തും റൗഫ് ആറ് റണ്‍സെടുത്തും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT