സുനിൽ നരെയ്ൻ എക്സ്
Sports

IPL 2025: പന്തെടുത്ത് വട്ടം കറക്കി, ബാറ്റെടുത്ത് പൊതിരെ തല്ലി! നരെയ്ന്‍ മാജിക്കില്‍ ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്ത

4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ്, 18 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 44 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനായാസം വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. അവര്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 107 റണ്‍സ് അതിവേഗം അടിച്ചെടുത്തു. കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് ജയം. അവരുടെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ തുടരെ അഞ്ചാം തോല്‍വി. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കെകെആറിനു നഷ്ടമായത്.

സുനില്‍ നരെയ്‌ന്റെ ഓള്‍റൗണ്ട് മികവാണ് കെകെആര്‍ വിജയത്തിന്റെ കാതല്‍. ബൗളിങില്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത് ചെന്നൈ ബാറ്റിങ് നിരയെ വട്ടം കറക്കിയ നരെയ്ന്‍ ബാറ്റിങിനിറങ്ങി മിന്നലടികളുമായി കളം വാണു. താരം വെറും 18 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 44 റണ്‍സ് അതിവേഗം അടിച്ചെടുത്ത് ടീമിന്റെ ജയം എളുപ്പമാക്കി.

ക്വിന്റന്‍ ഡി കോക്ക് 16 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 23 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, റിങ്കു സിങ് എന്നിവര്‍ പുറത്താകാതെ നിന്നു. രഹാനെ ഓരോ സിക്‌സും ഫറോറും സഹിതം 17 പന്തില്‍ 20 റണ്‍സും റിങ്കു 12 പന്തില്‍ ഓരോ സിക്‌സും ഫോറും തൂക്കി 15 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയ എംഎസ് ധോനി ഇങ്ങനെയൊരു അവസ്ഥ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. 10 വിക്കറ്റും കെകെആര്‍ ബൗളര്‍മാര്‍ക്കു നല്‍കിയില്ലെന്ന ആശ്വാസം മാത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇന്നിങ്‌സില്‍ 11 ബാറ്റര്‍മാരും ചേര്‍ന്ന് നേടിയത് 8 ഫോറുകളും ഒരു സിക്‌സും മാത്രം!

ടൂര്‍ണമെന്റില്‍ ആദ്യമായി സുനില്‍ നരെയ്ന്‍ ബൗളിങില്‍ വെട്ടിത്തിളങ്ങിയപ്പോള്‍ ചെന്നൈ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഒപ്പം വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വൈഭവ് അറോറ എന്നിവരെല്ലാം മികവോടെ പന്തെറിഞ്ഞപ്പോള്‍ ചെന്നൈ ബാറ്റിങ് നിര റണ്‍സ് കണ്ടെത്താന്‍ തപ്പിത്തടഞ്ഞു.

നരെയ്ന്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടി. വരുണ്‍, ഹര്‍ഷിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ 4 ഓവറില്‍ 22 റണ്‍സും ഹര്‍ഷിത് 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. മൊയീന്‍ അലി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. വൈഭവ് അറോറയും ഒരു വിക്കറ്റെടുത്തു.

സ്‌കോര്‍ 16ല്‍ നില്‍ക്കെയാണ് വിക്കറ്റ് വീഴ്ച തുടങ്ങിയത്. 16ല്‍ തന്നെ രണ്ടാം വിക്കറ്റും വീണു. പിന്നീട് ഇടവേള. സ്‌കോര്‍ 59ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റ്. അടുത്ത 20 റണ്‍സ് ചേര്‍ക്കുന്നതിനിടെ സിഎസ്‌കെ കളഞ്ഞു കുളിച്ചത് 6 വിക്കറ്റുകള്‍. 79 റണ്‍സ് ചേര്‍ക്കുന്നതിനിടെ 9 വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്.

ഒരറ്റത്ത് സൂക്ഷിച്ചു കളിച്ച ശിവം ദുബെയാണ് സ്‌കോര്‍ 100ല്‍ എത്തിച്ചത്. താരത്തിന്റെ ചെറുത്തു നില്‍പ്പും ഇല്ലായിരുന്നെങ്കില്‍ സ്‌കോര്‍ മൂന്നക്കം കടക്കില്ലായിരുന്നു. ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. താരം 29 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയ് ശങ്കര്‍ 21 പന്തില്‍ 29 റണ്‍സെടുത്തു. ഡെവോണ്‍ കോണ്‍വെ (12), രാഹുല്‍ ത്രിപാഠി (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT