ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു തകര്‍പ്പന്‍ ജയം. മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഡല്‍ഹി 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.1 ഓവറില്‍ 164 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. മുംബൈയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.
യുവ താരം സമീര്‍ റിസ്‌വി നേടിയ കിടിലന്‍ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഡല്‍ഹി തുടരെ രണ്ടാം പോരും ജയിച്ചത്. സീസണിലെ ആദ്യ മത്സരത്തിലും ഇംപാക്ട് പ്ലെയറായി ഇറങ്ങി റിസ്‍വി അർധ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് തുടരെ രണ്ടാം പോരിലും താരം അർധ സെഞ്ച്വറി നേടിയത്. ആദ്യ മത്സരത്തിൽ 70 റൺസാണ് റിസ്‍വി നേടിയത്.
51 പന്തില്‍ 7 വീതം സിക്‌സും ഫോറും സഹിതം സമീര്‍ റിസ്‌വി 90 റണ്‍സെടുത്തു. ഓപ്പണര്‍ കെഎല്‍ രാഹുല്‍ രണ്ടാം പോരാട്ടത്തിലും പാജയപ്പെട്ടു. താരം 1 റണ്ണുമായി മടങ്ങി. സഹ ഓപ്പണര്‍ പതും നിസ്സങ്ക 30 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്തു. 18 പന്തില്‍ 4 ഫോറുകള്‍ സഹിതം 21 റണ്‍സുമായി ഡേവിഡ് മില്ലര്‍ പുറത്താകാതെ നിന്നു.
ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയ്ക്കു വിശ്രമം അനുവദിച്ച പോരില്‍ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവാണ് നയിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ മുന്നില്‍ നിന്നു തന്നെ നയിച്ചു. താരം അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 36 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 51 റണ്‍സുമായി സൂര്യ മടങ്ങി.
കഴിഞ്ഞ കളിയില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച രോഹിത് ശര്‍മ ഫോം തുടര്‍ന്നു. ഇത്തവണ 26 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം രോഹിത് 35 റണ്‍സെടുത്തു പുറത്തായി.
നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ബോര്‍ഡിലേക്ക് കാര്യമായി സംഭവാന നല്‍കിയ മറ്റുള്ളവര്‍. നമാന്‍ ധിര്‍ 21 പന്തില്‍ 28 റണ്‍സെടുത്തു. സാന്റ്‌നര്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. കോര്‍ബിന്‍ ബോഷ് 4 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ലുന്‍ഗി എന്‍ഗിഡി, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, വിപ്രജ് നിഗം, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates