ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡുകൾ സ്ഥാപിച്ച് മുന്നേറുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് മറ്റൊരു അപൂർവ നേട്ടം കൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നാലാം ഇന്നിങ്സിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നാണ് റൂട്ട് നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് നായകൻ 62 റൺസെടുത്തു.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ബാറ്ററെ സംബന്ധിച്ച് നാലാം ഇന്നിങ്സ് ബാറ്റിങ് എന്നത് കനത്ത വെല്ലുവിളിയാണ്. പിച്ച് ബാറ്റിങിനു ഏറ്റവും ദുഷ്കരമാകുന്ന ഘട്ടമായിരിക്കും ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സ്. ലക്ഷ്യം മുന്നിൽ വച്ചുള്ള ബാറ്റിങാകുമ്പോൾ ഓരോ വിക്കറ്റും നിർണായകമാണ്. അതിന്റെ സമ്മർദ്ദവും ബാറ്റർക്കുണ്ടാകും. എന്നാൽ റൂട്ട് ഈ സമ്മർദ്ദ സാഹചര്യങ്ങളെ കരുത്താക്കി മാറ്റിയാണ് 2000 റൺസെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.
റൂട്ടിന് പിന്നിൽ നേട്ടത്തിലുള്ളവരിൽ ഒരാൾ പോലും 1700 റൺസിന് മുകളിൽ നാലാം ഇന്നിങ്സിൽ റൺസെടുത്തിട്ടില്ലെന്ന പ്രത്യേകതയമുണ്ട്. റൂട്ടിന് നിലവിൽ 2059 റൺസുണ്ട്. സച്ചിന് 1625 റൺസും അലിസ്റ്റർ കുക്കിനും ഗ്രെയിം സ്മിത്തിനും 1611 റൺസ് വീതവും ശിവ്നരയെൻ ചന്ദർ പോളിന് 1580 റൺസുമാണ് നാലാം ഇന്നിങ്സിലുള്ളത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ടെസ്റ്റ് റെക്കോർഡ് റൂട്ട് കഴിഞ്ഞ ദിവസം തകർത്തിരുന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡാണ് റൂട്ട് സ്വന്തം പേരിലേക്ക് മാറ്റിയത്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലെ അർധ സെഞ്ച്വറിക്കു പിന്നാലെയാണ് റെക്കോർഡ് നേട്ടം. ടെസ്റ്റിൽ ഇംഗ്ലീഷ് നായകൻ നേടുന്ന 69ാം അർധ സെഞ്ച്വറിയാണിത്. സച്ചിൻ 68 അർധ സെഞ്ച്വറികളാണ് റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റനിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് 130 റൺസായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യവേയാണ് റൂട്ട് പുറത്താകാതെ 69 പന്തിൽ 62 റൺസ് അടിച്ചെടുത്തത്. 8 ഫോറുകൾ സഹിതമാണ് അർധ സെഞ്ച്വറി.
1000 റൺസ്
എഡ്ജ്ബാസ്റ്റൻ പിച്ചിൽ 1000 റൺസിലധികം നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും മത്സരത്തിൽ റൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിലെ നാല് വ്യത്യസ്ത ടെസ്റ്റ് വേദികളിൽ ആയിരം അതിനു മുകളിൽ റൺസ് നേടുന്ന താരമായും റൂട്ട് മാറി. ലോർഡ്സിൽ 2203 റൺസും മാഞ്ചസ്റ്ററിൽ 1128 റൺസും, ഓവലിൽ 1050 റൺസും റൂട്ട് നേടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസും ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങും സമാന നേട്ടം സ്വന്തം നാട്ടിലെ പിച്ചുകളിൽ സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചത്. 130 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates