

ദുബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നതോടെ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വീകരിച്ചില്ല. നേരത്തെ പുരുഷ വിഭാഗം പോരാട്ടത്തിൽ കിരീടം നേടിയ ശേഷവും സമാന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. പിന്നാലെയാണ് വനിതാ പോരാട്ടത്തിലും സമാന സാഹചര്യം വന്നതോടെ ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത്.
അതിനിടെ ട്രോഫി നൽകാനായി ഗ്രൗണ്ടിലെത്തിയ മൊഹ്സിൻ നഖ്‍വിക്കെതിരെ സ്റ്റേഡിയത്തിൽ നിന്നു മുദ്രാവാക്യങ്ങളും ഉയർന്നു. മറ്റ് ടീമുകളിലെ താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‍വി ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന ഇന്ത്യൻ ആരാധകർ 'ട്രോഫി കള്ളൻ' എന്നു വലിയ രീതിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ഞായറാഴ്ച രാത്രി 11:20ന് മത്സരം അവസാനിച്ചെങ്കിലും സമ്മാനദാനച്ചടങ്ങ് തുടങ്ങാന്‍ 12:05 വരെ വൈകി. ചടങ്ങ് ആരംഭിച്ചപ്പോള്‍ മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹ്‌റൂഫ് റണ്ണേഴ്സ് അപ്പായ ശ്രീലങ്കന്‍ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് മൊഹ്സിന്‍ നഖ്‌വിയില്‍ നിന്നും, മെഡലുകള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇടക്കാല മേധാവി ഇറാന്‍ വിക്രമരത്‌നയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് ഇന്ത്യയുടെ ഊഴമാണെന്ന് എല്ലാവരും കരുതിയെങ്കിലും, ചടങ്ങ് അവസാനിപ്പിച്ചതായി അവതാരകന്‍ പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നഖ്‌വി ഉടന്‍ തന്നെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുകയും ചെയ്തു.
ഗ്രൗണ്ടിന്റെ മറുഭാഗത്ത് ഒത്തുകൂടിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സെക്രട്ടറി ദേവജിത് സൈകിയയും ചേര്‍ന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചു. മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ നന്ദനി ശര്‍മയ്ക്ക് സൈകിയ സമ്മാനിച്ചു. തുടര്‍ന്ന് ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങി. നഖ്‌വിയില്‍ നിന്നു ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത് ബിസിസിഐയുടെ കൃത്യമായ തീരുമാനമായിരുന്നുവെന്ന് പിന്നീട് പരിശീലകന്‍ അമോല്‍ മജുംദാറും സ്ഥിരീകരിച്ചു.
2025 സെപ്റ്റംബര്‍ 28ന് ഇതേ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഏഷ്യാ കപ്പ് ഫൈനലില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോഴും നഖ്‌വിയുടെ സാന്നിധ്യം കാരണം ഇന്ത്യ ട്രോഫി സ്വീകരിച്ചിരുന്നില്ല. അന്ന് ഒരു മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ നഖ്‌വി ട്രോഫി ഗ്രൗണ്ടില്‍ നിന്ന് മാറ്റുകയായിരുന്നു. ആ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല, നിലവില്‍ എസിസി ഓഫീസിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates