വെസ്റ്റ് ഇൻഡീസിന്റെ ഖാരി പിയറി ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറയുടെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു, Kuldeep Yadav 5 wicket pti
Sports

248ൽ എത്തിയത് മാത്രം ആശ്വാസം; രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെ തുറിച്ചു നോക്കുന്നു... 'ഇന്നിങ്‌സ് തോല്‍വി'!

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് ഫോളോ ഓണ്‍ ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സ് തോല്‍വിയുടെ ഭീഷണിയില്‍. അവരുടെ ഒന്നാം ഇന്നിങ്‌സ് 248 റണ്‍സില്‍ അവസാനിച്ചു. 270 റണ്‍സ് ലീഡുമായി ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യാന്‍ വിട്ടു. മൂന്നാം ദിനമായ ഇന്ന് പര്യടനത്തില്‍ ആദ്യമായി വിന്‍ഡീസ് സ്‌കോര്‍ 200 കടന്നു എന്നതൊഴിച്ചാല്‍ അവര്‍ക്ക് ആശ്വസിക്കാന്‍ മറ്റൊന്നുമില്ല. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മുന്നില്‍ വച്ച 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സ് മറികടക്കാനിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 270 റണ്‍സ് അകലെ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഈ സ്‌കോര്‍ മറികടന്ന് ഇന്ത്യക്ക് മുന്നില്‍ ശക്തമായ ലക്ഷ്യം മുന്നില്‍ വയ്‌ക്കേണ്ടി വരും. ഏറെക്കുറെ അസാധ്യമായ വെല്ലുവിളിയാണ് വിന്‍ഡീസ് ഇനി താണ്ടേണ്ടത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി ബൗളര്‍മാരില്‍ തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്‍ഡേഴ്‌സന്‍ ഫിലിപാണ് പരമ്പരയില്‍ ആദ്യമായി ടീം സ്‌കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്‍ഡേഴ്‌സന്‍ ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്‌കോര്‍ 248ല്‍ എത്തിച്ചത്.

4 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കരീബിയന്‍ സംഘത്തിനു ഇന്ന് തുടരെ നാല് വിക്കറ്റുകള്‍ കൂടി കൈമോശം വന്നു. ഇന്നലെ ജഡേജയുടെ സ്പിന്‍ അവരെ കറക്കിയെങ്കില്‍ ഇന്ന് കുല്‍ദീപ് യാദവാണ് അവരെ വെട്ടിലാക്കിയത്. രണ്ടാം ദിനം വിന്‍ഡീസിനു നഷ്ടമായ നാലില്‍ 3 വിക്കറ്റുകളും ജഡേജ സ്വന്തമാക്കി. ഇന്നലെ കുല്‍ദീപ് ഒരു വിക്കറ്റെടുത്തിരുന്നു. ഇന്ന് നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി താരം നേട്ടം അഞ്ചിലെത്തിക്കുകയായിരുന്നു.

ഇന്നലെ ക്രീസില്‍ ഉറച്ചു നിന്നു പൊരുതിയ ഷായ് ഹോപിനെയാണ് സന്ദര്‍ശകര്‍ക്ക് ഇന്ന് തുടക്കത്തില്‍ നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് കൂടി ചേര്‍ത്ത് 36 റണ്‍സുമായി ഷായ് ഹോപ് മടങ്ങി. കുല്‍ദീപ് യാദവ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ദിനം ഹോപിനൊപ്പം പൊരുതി നിന്ന ടെവിന്‍ ഇംമ്ലാചാണ് പിന്നാലെ മടങ്ങിയത്. താരത്തെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. രണ്ടാം ദിനത്തിലെ സ്വന്തം സ്‌കോറിലേക്ക് 7 റണ്‍സ് ചേര്‍ത്താണ് ഇംമ്ലാചിന്റെ മടക്കം. ഇംമ്ലാച് 21 റണ്‍സെടുത്തു. മികച്ച രീതിയില്‍ തുടങ്ങിയ ജസ്റ്റിന്‍ ഗ്രീവ്‌സാണ് മൂന്നാം ദിനം മൂന്നാമത് മടങ്ങിയത്. താരത്തേയും കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ഗ്രീവ്‌സ് 17 റണ്‍സെടുത്തു. പിന്നാലെ എത്തിയ ജോമല്‍ വാറിക്കനെ 1 റണ്ണില്‍ നില്‍ക്കെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി വിന്‍ഡീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ജോണ്‍ കാംപെല്‍ (10), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (34), അലിക്ക് ആതന്‍സ് (41), റോസ്റ്റന്‍ ചെയ്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് വിന്‍ഡീസ് ബാറ്റര്‍മാര്‍ ഇത്തവണ കുറച്ചുകൂടി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.

5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.

ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സിനാണ്. യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടായി.

2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.

ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്സിനുണ്ട്.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം. പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്സും സഹിതം 43 റണ്‍സുമായി മടങ്ങി.

Kuldeep Yadav 5 wicket haul helped bundle out the West Indies for 248. With a deficit of 270 runs still remaining, India have decided to enforce the follow-on.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ചെരുപ്പിന് യോജിച്ച നിറങ്ങളെതെല്ലാം?; വീടിന്റെ ഏതുദിശയില്‍ സൂക്ഷിക്കണം?

കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

'എല്ലാം ഇവിടെ തീര്‍ന്നു'; പലാഷുമായുള്ള ബന്ധം അവസാനിപ്പിച്ചു; വിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ധാന

SCROLL FOR NEXT