പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ ഡെന്മാര്‍ക്കിനെതിരെ അവിശ്വസനീയ വിജയവുമായി നോര്‍വേ. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് ഹാലണ്ടും സംഘവും നടത്തിയത്. മത്സരത്തിന്റെ 96-ാം മിനിറ്റില്‍ എര്‍ലിങ് ഹാലണ്ട് പെനാല്‍റ്റിയിലൂടെയാണ് നോര്‍വേയ്ക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും നോര്‍വേ ഉറപ്പിച്ചു.
കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വേ തകര്‍ത്തെറിഞ്ഞത്. ഹോം ഗ്രൗണ്ടില്‍, സ്വന്തം ആരാധകരുടെ പിന്തുണയില്‍ റാസ്മസ് ഹോജ്ലണ്ടും പിയറി-എമില്‍ ഹോജ്ബെര്‍ഗും നേരിയ ഗോളുകളിലൂടെ ഡെന്‍മാര്‍ക്ക് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 37-ാം മിനിറ്റില്‍ ഹാലണ്ട് ഒരു ഗോള്‍ മടക്കി നോര്‍വേയുടെ തിരിച്ചുവരവിന് തുടക്കമിട്ടു.
മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റ് ശേഷിക്കെ ഒഡെഗാര്‍ഡ് നോര്‍വേയ്ക്കായി സമനില ഗോള്‍ നേടി. തുടര്‍ന്ന്, ഹാലണ്ട് നേടിയ വിജയഗോള്‍ നോര്‍വേയുടെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കി. ദേശീയ ടീമിനായി കളിച്ച 61 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളെന്ന മികച്ച നേട്ടവും ഇതിനിടെ ഹാലണ്ട് സ്വന്തമാക്കി. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഒമ്പത് പോയിന്റ് വീതം നേടി നോര്‍വേയും ഡെന്മാര്‍ക്കും ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ ഇരുവരും ഏറ്റുമുട്ടിയതിലെ ഫലം പരിഗണിച്ച് ഡെന്മാര്‍ക്കിനെ മറികടന്ന് നോര്‍വേ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
തിരിച്ചു വന്ന് പോര്‍ച്ചുഗല്‍
അതേസമയം വെയില്‍സിനെതിരെ വിജയത്തോടെ പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് നടത്തി. വെയില്‍സിനെ 3-2 നാണ് തോല്‍പ്പിച്ചത്. ചുവപ്പ് കാര്‍ഡ് കണ്ട് പത്ത് പേരായി പോര്‍ച്ചുഗല്‍ ടീം ചുരുങ്ങിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ച ശേഷമുള്ള പോര്‍ച്ചുഗലിന്റെ ആദ്യ വിജയമാണിത്. ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ, കാര്‍ലോസ് ഫോര്‍ബ്സ് എന്നിവര്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടി. ഡേവിഡ് ബ്രൂക്ക്സ്, സോര്‍ബ തോമസ് എന്നിവരാണ് വെയില്‍സിനായി ലക്ഷ്യം കണ്ടത്.
യുവേഫ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. വെള്ളിയാഴ്ച നയോണില്‍ നടക്കുന്ന നറുക്കെടുപ്പില്‍ നോര്‍വേയും പോര്‍ച്ചുഗലും ഉള്‍പ്പെടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ നാല് ടീമുകളെ സീഡ് ചെയ്യുകയും, അവ ഓരോന്നും രണ്ടാം സ്ഥാനത്തെത്തിയ നാല് ടീമുകളില്‍ ഒന്നിനെ നേരിടുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates