Lionel Messi 
Sports

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ തേടിയെത്തുന്ന താരവും മെസിയായി.

Author : സുജിത് പി.കെ.

പ്രായം കൂടും തോറും കളിയുടെ വീര്യം കൂടുമെന്നത് സത്യമായി. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ആറാം ദിവസമാണെങ്കില്‍, ആറാം ലോകകപ്പ് കളിക്കാനായി മെസി ഇറങ്ങിയപ്പോള്‍ ചരിത്രപുസ്തകത്തിലെ താളുകള്‍ അവ ഒന്നൊന്നായി തിരുത്തിയെഴുതി. കളിക്കളത്തില്‍ നീലപ്പരവാതാനി വിരിച്ച് മാന്ത്രികകാലുകള്‍ ഗോള്‍ വര്‍ഷം ചൊരിഞ്ഞു. നീലപ്പടയുടെ ആരാധകരുടെ ആവേശം നീലാകാശത്തിന് താഴെ അലകടലായി. ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീനയ്ക്ക് മിന്നും വിജയം. ലോകകപ്പില്‍ മെസിയുടെ ആദ്യ ഹാട്രിക്. ഇതോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ തേടിയെത്തുന്ന താരവും മെസിയായി.

16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള ജര്‍മന്‍താരം മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു മെസി. അര്‍ജന്റീന ജഴ്‌സിയില്‍ മെസിക്ക് 120 ഗോളായി. ഖത്തറില്‍ നാലുവര്‍ഷം മുന്‍പ് അര്‍ജന്റീനെയെ ലോകകിരീടത്തിലേക്ക് നയിച്ച മെസി ഇന്നത്തെ മത്സരത്തോടെ രാജ്യത്തിനായി ഇരുന്നൂറ് മത്സരം പൂര്‍ത്തിയാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു മെസിയുടെ 'ഡബിള്‍'.

17-ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് മെസി ലീഡ് നേടിക്കൊടുത്തു. തുടര്‍ന്ന് 60-ാം മിനിറ്റില്‍ അദ്ദേഹം അര്‍ജന്റീനയെ 2-0 ന് മുന്നിലെത്തിച്ചു. 76ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍. പകരക്കാരനായി വന്ന നിക്കോ ഗോണ്‍സാലസിന്റെ പാസില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് കടന്ന മെസി തന്റെ പ്രശസ്തമായ ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് അല്‍ജീരിയന്‍ പോസ്റ്റിന്റെ കോര്‍ണറിലേക്ക് തിരിച്ചുവിട്ടു; പിറന്നത് ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ ആദ്യ ഹാട്രിക്. കളിയുടെ അഞ്ചാം മിനിറ്റില്‍ മെസി വല കുലുക്കിയെങ്കിലും അത് ഓഫ് സൈഡായിരുന്നു.

അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചതോടെ ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ പുരുഷ താരമായി ലയണല്‍ മെസി മാറി. ബുധനാഴ്ച കളത്തിലിറങ്ങുന്നതോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ റെക്കോര്‍ഡിനൊപ്പം എത്തും. കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഒച്ചോവയും ഈ റെക്കോര്‍ഡ് പങ്കിടും.

2006-ല്‍ പതിനെട്ടാം വയസിലായിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റം. സെര്‍ബിയക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ചതിന്റെ ഇരുപതാം വാര്‍ഷികദിനത്തില്‍ തന്നെയായിരുന്നു മെസിയുടെ ഹാട്രിക് നേട്ടം. കളിയുടെ കാവ്യനീതിയെന്നല്ലാതെ മറ്റെന്ത് പറയാന്‍. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ നായകനെ സ്‌കലോണി സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. മൈതാനം വിടുമ്പോള്‍ ഗാലറിയിലെ എഴുപതിനായിരത്തോളം വരുന്ന ആളുകള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് താരത്തിന് ആദരം അര്‍പ്പിച്ചു. അടുത്ത ആഴ്ച മെസിക്ക് 39 വയസ് തികയും. നേരത്തെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി. 2018-ല്‍ സ്‌പെയിനെതിരെ മൂന്ന് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പക്കല്‍ നിന്നാണ് അദ്ദേഹം ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

അഞ്ച് തുടര്‍ച്ചയായ ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായും ഈ ഫുട്‌ബോള്‍ ഇതിഹാസം മാറി. തുടര്‍ മത്സരങ്ങളില്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ മെസി സ്വന്തം പേരിലെഴുതുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത തിങ്കളാഴ്ച ഓസ്ട്രയിക്കെതിരെയാണ് അര്‍ജന്റീനയുടെ മത്സരം. അതിനു ശേഷം ജൂണ്‍ 27ന് ജോര്‍ദാനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ അവസാന മത്സരം. ഇത്തവണ അര്‍ജന്റീനയ്ക്ക് വീണ്ടും ഒരിക്കല്‍ കൂടി ലോകകീരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അര്‍ജന്റീനിയന്‍ ക്യാപ്റ്റനാകും മെസി; മഹാനായ ഡീഗോ മറഡോണയ്ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത ഒരു നേട്ടമായിരിക്കും ഇത്.

Lionel Messi rewrites history books at record sixth World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

SCROLL FOR NEXT